
കോടിക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാരുടെ അന്നമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് എടുത്തു മാറ്റിയത് ഗാന്ധി ഘാതകരായതുകൊണ്ട് അതിശയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പുതിയ നിയമത്തിലൂടെ ഇല്ലാതാക്കിയ കേന്ദ്ര ഗവൺമെന്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ലോക് ഭവന് മുന്നിൽ നടത്തിയ അതിജീവന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിന്‍പുറങ്ങളിലെ ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ അവരുടെ ജീവിതത്തിന്റെ അടിസ്ഥാനമായി കണ്ടു പോകുന്ന ഒരു പദ്ധതി നമ്മുടെ കണ്‍ മുന്നില്‍ മരിക്കുകയാണ്. ലോക്ഭവന്‍ എന്നു പറഞ്ഞാല്‍ അര്‍ത്ഥം നല്ലതാണ്. ലോക് എന്നാല്‍ ജനങ്ങള്‍ എന്നാണ്. ജനങ്ങളുടെ ഭവന്‍ എന്ന് പേര് മാറ്റിയത് നല്ല കാര്യമാണ്. എന്നാല്‍ ജനങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കാത്ത, കാതില്ലാത്ത ഭരണത്തോട് ആശങ്ക അറിയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ ഒരു ഗ്യാരന്റിയുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേന്ദ്രം ഭരിക്കുന്നവരുടെ എല്ലാ നീച പ്രവര്‍ത്തികള്‍ക്കും പച്ചക്കൊടി വീശാനാണ് ഗവര്‍ണര്‍മാര്‍ ഏറെക്കാലമായി ഉത്സാഹം കാണിക്കുന്നത്. രാജ്ഭവനില്‍ ഭാരതാംബ എന്ന പേരില്‍ സ്ത്രീയെ അവതരിപ്പിക്കും. ആ സ്ത്രീ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിന്റെ അടയാള ചിഹ്നമാണ്. ഭാരത മാതാവ് നമ്മളെല്ലാവരും ആണെന്നാണ് നെഹ്രു പറഞ്ഞത്. ഭാരത് മാതാ കി ജയ് വിളിക്കുന്നത് നമുക്ക് വേണ്ടിയാണെന്ന് പറഞ്ഞ നെഹ്രുവിന്റെ വാക്ക് കേള്‍ക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമാണ്. ജനങ്ങളാണ് എല്ലാമെന്ന് കരുതുന്ന സര്‍ക്കാരല്ല രാജ്യം ഭരിക്കുന്നത്. എല്ലാത്തിന്റെയും കടിഞ്ഞാണ്‍ പിടിക്കേണ്ടത് പണക്കാരാണെന്നും അവര്‍ തന്നെയാണെന്നും വാദിക്കുന്ന ഗവണ്‍മെന്റാണ് മോഡിയുടേത്. വാചക സാമര്‍ത്ഥ്യം കൊണ്ട് കാലം കഴിക്കുന്ന മോഡി സര്‍ക്കാരിന് നമ്മളെ ആരെയും അറിയില്ല. സബ്കാ സാത്, സബ്കാ വികാസ് എന്ന് വോട്ട് പിടിക്കുന്ന കാലത്ത് മോഡി പറഞ്ഞു. ജീവിക്കാന്‍ വേണ്ടി പാട് പെടുന്ന നമ്മള്‍ ഈ സബ്കാ സാത്തില്‍ പെടുന്നുണ്ടോ എന്നും ബിനോയ് വിശ്വം ചോദിച്ചു.
കേരളത്തില്‍ നമ്മുടെ സ്ഥിതി അല്‍പം മെച്ചം തന്നെയാണ്. ഇതല്ല മറ്റ് സ്ഥലങ്ങളിലെ സ്ഥിതി. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളില്‍ ആണെന്ന് പറഞ്ഞ മഹാത്മാഗാന്ധിയുടെ പേരിലുള്ള പദ്ധതിയാണ് ഇന്ന് മരിച്ചു വീഴുന്നത്. അഡാനിക്കും അംബാനിക്കും കൊള്ളക്കാര്‍ക്കും വേണ്ടിയാണ് മോഡി സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ അനിമോൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് വേണുഗോപാൽ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. എഐടിയുസി ജില്ലാ സെക്രട്ടറി സോളമൻ വെട്ടുകാട്, ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് കെ എസ് മധുസൂദനൻ നായർ, ഭാരവാഹികളായ എസ് ഡി അഭിലാഷ്, അബ്ദുൽ കരീം, ടി എം ഉദയകുമാർ, പി ബീന എന്നിവർ സംസാരിച്ചു. ലിജു ജമാൽ, പി എ ഷൗകത്ത്, വി പി മധു, ബി എസ് റജി, കൊഞ്ചിറ മുരളി, സിനത്ത് ബീവി, സി കെ സിന്ധുരാജ് എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.