18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 8, 2025
March 1, 2025
February 28, 2025
February 14, 2025
February 12, 2025
February 5, 2025
February 5, 2025
February 5, 2025
February 4, 2025
January 25, 2025

മോഡിയുടെ ഗ്യാരന്റി ‍ജനം വിശ്വസിക്കുമോ

പ്രൊഫ. കെ അരവിന്ദാക്ഷൻ
April 24, 2024 4:30 am

ഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് പണപ്പെരുപ്പവും വിലവര്‍ധനയും. മൊത്തവില സൂചികയാണെങ്കില്‍ 2024 ഫെബ്രുവരിക്കും മാര്‍ച്ചിനും ഇടയില്‍ 0.53ല്‍ നിന്ന് രണ്ട് ശതമാനത്തിലേക്കാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ പ്രവണത ജനതയുടെ നിത്യജീവിതത്തെ ദുരിതപൂര്‍ണമാക്കിയതില്‍ അത്ഭുതപ്പെടേണ്ടതില്ല. കേന്ദ്ര വാണിജ്യ‑വ്യവസായ മന്ത്രാലയങ്ങള്‍ പുറത്തുവിട്ട സ്ഥിതിവിവരകണക്കുകള്‍ വെളിവാക്കുന്നത് വിലവര്‍ധനവിന് ഇടയാക്കിയത് ഭക്ഷ്യവസ്തുക്കള്‍, വെെദ്യുതി, അസംസ്കൃത പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവയുടെ കുത്തനെയുള്ള വിലക്കയറ്റമാണ്. ഭക്ഷ്യ പണപ്പെരുപ്പം 2023–24 ധനകാര്യ വര്‍ഷത്തില്‍ 3.2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇന്ധനവിലയിലും നിര്‍മ്മിതോല്പന്നങ്ങളുടെ വിലയിലും യഥാക്രമം 29.4 ശതമാനം, 5.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഭക്ഷ്യവസ്തുക്കളില്‍ പണപ്പെരുപ്പത്തിന്റെ ശക്തമായ ആഘാതം അനുഭവപ്പെട്ടത് സാധാരക്കാരുടെ കുടുംബ ബജറ്റില്‍ സ്ഥിരസാന്നിധ്യമായ ഉള്ളി, ഉരുളക്കിഴങ്ങ്, അരി, പയറുവര്‍ഗങ്ങള്‍, ഗോതമ്പ് എന്നിവയുടെമേലാണ്. ഇക്കൂട്ടത്തില്‍ ഉള്ളി 56.9, ഉരുളക്കിഴങ്ങ് 52.9 ശതമാനം എന്നീ തോതുകളിലായിരുന്നു. അരി 11.7, പയറുവര്‍ഗങ്ങള്‍ 9.04, ഗോതമ്പ് 7.4 ശതമാനം എന്നിങ്ങനെയുമായിരുന്നു. വിലക്കുറവ് നേരിയതോതിലെങ്കിലും ഉണ്ടായതായി കാണുന്നത് പഴവര്‍ഗങ്ങള്‍, മുട്ട, ഇറച്ചി, മത്സ്യം തുടങ്ങിയവയിലാണ്.

2024 ധനകാര്യ വര്‍ഷത്തിലെ അനുഭവം നിരവധി സംസ്ഥാനങ്ങളിലെ പണപ്പെരുപ്പ നിരക്കുകള്‍ ദേശീയ ശരാശരിയെക്കാള്‍ ഏറെയായിരുന്നു എന്നാണ്. 2023–24 ധനകാര്യ വര്‍ഷത്തില്‍ പ്രകടമായ ഈ പ്രവണത ചില്ലറ പണപ്പെരുപ്പ വര്‍ധനവിലും ബാധിച്ചിട്ടുണ്ട്. തെലങ്കാന, ഹരിയാന, രാജസ്ഥാന്‍, ഭാദ്ര നാഗര്‍ഹവേലി എന്നിവിടങ്ങളിലെ ചില്ലറ പണപ്പെരുപ്പ നിരക്ക് 24 മാര്‍ച്ചിനുശേഷം ദേശീയ ശരാശരിയെക്കാള്‍ അധികമായിരുന്നു എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നടത്തിയ പഠനം വെളിവാക്കുന്നത്. ഇതിനിടയാക്കിയത് ഭക്ഷ്യ പണപ്പെരുപ്പത്തിലുണ്ടായ നേരിയ വ്യത്യാസങ്ങളും ഗ്രാമീണ‑നഗര മേഖലകള്‍ തമ്മില്‍ ചില്ലറ പണപ്പെരുപ്പത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളുമായിരിക്കാം. ഭക്ഷ്യോല്പാദനം നടത്തുന്ന സംസ്ഥാനങ്ങളില്‍ മറ്റുള്ള ഇടങ്ങളെ അപേക്ഷിച്ച് വിലനിലവാരം കൂടുതല്‍ മയപ്പെട്ട വിധത്തിലായിരിക്കും. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റ് അവശ്യ ഉപഭോഗ ഉല്പന്നങ്ങള്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ശേഖര കേന്ദ്രമായ എഫ്‌സിഐയില്‍ നിന്നുമുള്ള ഇറക്കുമതികളെ ആശ്രയിക്കേണ്ടിവരുന്നുണ്ടെങ്കിലും വിപണി ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ ചില്ലറ പണപ്പെരുപ്പം ഒരു പരിധിവരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
അരി, ഗോതമ്പ്, ചോളം പോലുള്ള മറ്റ് ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍— ഉദാഹരണത്തിന് പശ്ചിമബംഗാള്‍, ഛത്തീസ്ഗഢ് ചില്ലറ പണപ്പെരുപ്പ നിരക്ക് താരതമ്യേന മയപ്പെട്ട നിലയിലായിരുന്നു. ബാങ്ക് ഓഫ് ബറോഡയിലെ മുഖ്യ ധനശാസ്ത്രജ്ഞര്‍ മദന്‍ സബ് നാവിസ് ആണ് ഈ വസ്തുത ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലകളിലായിരുന്നു നഗരമേഖലകളിലേതിനെ അപേക്ഷിച്ച് പണപ്പെരുപ്പ നിരക്ക് താരതമ്യേന താണ നിലവാരം പുലര്‍ത്തിയിരുന്നത്. ഡല്‍ഹി സംസ്ഥാനത്ത് ഈ അന്തരം പ്രകടമായി കാണാന്‍ കഴിയും. ഇവിടെ നഗരപ്രദേശങ്ങളില്‍ ഗ്രാമീണ പ്രദേശങ്ങളെ അപേക്ഷിച്ച് വിലവര്‍ധന 10 ശതമാനത്തിലേറെയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞിരിക്കെ ജനമനസുകളെ കൂടുതല്‍ സ്വാധീനിക്കുക പണപ്പെരുപ്പമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. പ്രധാനമായും നിത്യോപയോഗ വസ്തുക്കളുടെ വില നിരക്കുകളിലെ ചാഞ്ചാട്ടങ്ങളായിരിക്കും. തൊഴിലില്ലായ്മയിലുണ്ടാകുന്ന വര്‍ധനവും വരുമാനത്തില്‍ സംഭവിക്കുന്ന തകര്‍ച്ചയും സ്വാധീനിക്കും. 

ആര്‍ബിഐ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നടത്തിയ സര്‍വേയില്‍ നിന്നും വെളിവായത് 32 ശതമാനം പേരും നിലവിലുള്ള സര്‍ക്കാരിനെതിരായി തങ്ങളുടെ വികാരം രേഖപ്പെടുത്തിയത് പെരുകിവരുന്ന തൊഴിലില്ലായ്മ മുന്‍നിര്‍ത്തിയാണ്.
മോഡി സര്‍ക്കാര്‍ ആവര്‍ത്തിച്ച് നല്‍കിയ വാഗ്ദാനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന കള്ളപ്പണത്തിന്റെ സ്വാധീനം സമ്പദ്‌വ്യവസ്ഥയില്‍ നിന്നും തുടച്ചുനീക്കും എന്നത് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമായിരിക്കുകയാണ്. ഇപ്പോള്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി സൂത്രവിദ്യ കൂടി കള്ളപ്പണ സമാഹരണ സ്രോതസായി ബിജെപി മാറ്റിയതില്‍ മോഡി പ്രതിക്കൂട്ടിലാണ്. സമാനമായ വാഗ്ദാന ലംഘനമാണ് രാജ്യത്തെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പ്രതിവര്‍ഷം രണ്ട് കോടി പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നതിലും കാണുന്നത്.
ഇന്ത്യന്‍ സമൂഹത്തില്‍ 20നും 25നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളെ നിരാശയുടെ പടുകുഴിയില്‍ നിര്‍ത്തുന്നത് വന്‍ വിപത്തായിരിക്കും. ‘വേള്‍ഡ് ഇന്‍ ഇക്വാളിറ്റി ലാബ്’ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ നിന്നുള്ള ഉദ്ധരിണികളുടെ സഹായത്തോടെ ഡോ. പ്രഭാകര്‍ നമ്മെ ബോധ്യപ്പെടുത്തിയത് ഇന്ത്യയിലെ സാമ്പത്തികാസമത്വം ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്നതിലും ഉയര്‍ന്ന തോതിലാണെന്നാണ്. ‘മൂല്യത്തകര്‍ച്ച എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് നടന്ന ഈ ചര്‍ച്ചാവേദിയില്‍ സംസാരിച്ച ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടര്‍മാരായ എന്‍ റാം, മുരളി നരസിംഹന്‍, എന്‍ രവി, ചെന്നെെ ആസ്ഥാനമായ രാജാ മുത്തയ്യ റിസര്‍ച്ച് ലെെബ്രറി ഫെലൊ ഡോ. എ എസ് പനീര്‍ സെല്‍വന്‍ തുടങ്ങിയവരും സമാനമായ ആശയങ്ങളാണ് പങ്കുവച്ചത്.
ഏതാനും മാസം ബിജെപി പാര്‍ലമെന്റ് അംഗമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ‘ദി ഹിന്ദു’ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സമാനമായ വിമര്‍ശനങ്ങളാണ് നടത്തിയിരുന്നത്. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി നരേന്ദ്ര മോഡിയും ബിജെപിയും ഇന്ത്യന്‍ ജനതയുടെ മനസുകളില്‍ മെച്ചപ്പെട്ടൊരു ഭരണം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയാണ് ഉയര്‍ത്തിയിരുന്നതെങ്കില്‍ 2019ല്‍ സമ്മതിദായകരെ സമീപിച്ചത് തങ്ങളില്‍ ഒരിക്കല്‍ക്കൂടി ‘വിശ്വാസം’ അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അനുഭവം മോഡിയുടെ ‘സബ് കാ സാഥ് സബ് കാ വികാസ്’ എന്ന മുദ്രാവാക്യവും എങ്ങുമെത്താത്ത പതനത്തിലെത്തിയിരിക്കുന്നു എന്നാണ്. ബഹുഭൂരിഭാഗം ജനതയുടെയും വിശ്വാസം തകര്‍ക്കുന്നവിധമാണ് പിന്നിട്ട ഒരു ദശകക്കാലത്തെ മോഡി ഭരണം ഭാരതത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. ‘സബ് കാ സാഥ്’ എന്നതിനുപകരം, കള്ളപ്പണക്കാരുടെയും കോര്‍പറേറ്റ് വമ്പന്മാര്‍ നല്‍കിയ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള അവിഹിത ധന സമ്പാദനത്തിലുള്ള ‘ബിസ്വാസി‘ല്‍ സ്വയം അഭിരമിക്കുന്നതില്‍ മോഡി ഭരണം ഒതുങ്ങിപ്പോയിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ‘പ്രതീക്ഷ’യുമില്ല, വിശ്വാസവുമില്ല ‘ഗ്യാരന്റി’ മാത്രമായിരിക്കുന്നു നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും വാഗ്ദാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.