
12ന് കേന്ദ്ര തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ കേന്ദ്ര തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തു. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംഘടിത‑അസംഘടിത മേഖല, സര്‍ക്കാര്‍, പൊതു മേഖല, വ്യവസായ രംഗം, നഗര — ഗ്രാമീണ മേഖല എന്നിവിടങ്ങളില്‍ നിന്നുള്ളവരെല്ലാം പണിമുടക്കില്‍ അണിനിരക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയും സിപിഐ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതി നിലനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ച് കര്‍ഷകത്തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു.
നാല് തൊഴിൽ നിയമങ്ങളും ചട്ടങ്ങളും റദ്ദാക്കുക, കരട് വിത്ത് ബില്ലും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക, സ്വകാര്യ, വിദേശ കമ്പനികൾക്ക് ലാഭേച്ഛയോടെ ആണവോർജ ഉല്പാദനത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്ന നിയമം പിൻവലിക്കുക, എംജിഎൻആർഇജിഎ പുനഃസ്ഥാപിക്കുക, വികസിത് ഭാരത് — റോസ്ഗാർ ഗ്യാരണ്ടി, അജീവിക മിഷൻ (ഗ്രാമീൺ) നിയമം റദ്ദാക്കുക. ഇൻഷുറൻസ് കമ്പനികളിൽ 100% വിദേശ നിക്ഷേപ തീരുമാനം പിൻവലിക്കുക, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ പിൻവലിക്കുക, ഒഴിവുള്ള സർക്കാർ, പൊതുമേഖലാ തസ്തികകൾ നികത്തുക, അങ്കണവാടി, ആശ, എംഡിഎം ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും സർക്കാർ ജീവനക്കാരാക്കുകയും ചെയ്യുക, എൻഎച്ച്എം ഡോക്ടർമാരെയും നഴ്‌സുമാരെയും സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് പണിമുടക്കിന്റെ ഭാഗമായി ഉന്നയിക്കുന്നത്. അധ്വാനിക്കുന്ന ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളും രാജ്യത്തിന്റെ ജനാധിപത്യ‑മതേതര ഘടനയും സംരക്ഷിക്കുന്നതിന് പണിമുടക്കിനെ പിന്തുണച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും മുന്നോട്ട് വരാൻ വിവിധ ജനവിഭാഗങ്ങളോടും പ്രത്യേകിച്ച് യുവാക്കളോടും വിദ്യാർത്ഥികളോടും കേന്ദ്ര തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.