
വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവികസേനയുടെ എഫ് 35 ബി വിമാനം ഇവിടെ നിന്ന് ഇതുവരെ കൊണ്ടുപോയില്ലേ എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ഈയാഴ്ച തന്നെ വിമാനത്തെ ബ്രിട്ടനിലേക്ക് തിരിച്ചുകൊണ്ടുപോകും. പക്ഷേ, വിമാനം സ്വയം പറക്കില്ല. മറിച്ച് ഏറ്റവും വലിയ ചരക്ക് വിമാനമായ സി 17 ഗ്ലോബ് മാസ്റ്റര്‍ കൊണ്ടുവന്ന് അതില്‍ കയറ്റിയാകും കൊണ്ടുപോവുക. കാരണം മറ്റൊന്നുമല്ല, ലാൻഡിങ്ങിനു ശേഷം നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ കണ്ടെത്തിയ തകരാര്‍ പരിഹരിക്കാൻ ബ്രിട്ടനിലെ സാങ്കേതിക വിദഗ്ധര്‍ക്കും കഴിഞ്ഞില്ല. ലാൻഡിങ് ഗിയർ, ബ്രേക്ക് തുടങ്ങിയവയുടെ പ്രവർത്തനത്തിൽ നിർണായകമായ ഹൈഡ്രോളിക് സംവിധാനം പൂര്‍ണമായും തകരാറിലായതോടെ വിമാനം നന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഉപേക്ഷിച്ചു.
വിമാനം പൊളിച്ച് പല ഭാഗങ്ങളാക്കി കൊണ്ടുപോകാനാണ് തീരുമാനം. ഏതൊക്കെ ഭാഗങ്ങളാണ് പൊളിക്കുക എന്ന് ഇതുവരെ വ്യക്തമായില്ല. ചിറകുകൾ അഴിച്ചുമാറ്റാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി യുകെയിൽ നിന്നുള്ള 40 പേരടങ്ങിയ വിദഗ്ധസംഘം ഇന്ത്യയിലെത്തുന്നുണ്ട്. എഫ് 35 നിർമ്മിച്ച അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും സംഘത്തിലുണ്ട്. ഇത്രയും ദിവസം സൂക്ഷിച്ചതിനും സംരക്ഷിച്ചതിനുമുള്ള ചെലവ് ബ്രിട്ടൻ നല്‍കും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനി കപ്പലിൽനിന്നു പറന്നുയർന്ന ബ്രിട്ടിഷ് നാവികസേനയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റ് ആണ് ജൂൺ 14ന് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കണ്ടെത്തിയത്. 19 ദിവസമായി വിമാനം വിമാനത്താവളത്തിന്റെ നാലാം നമ്പർ ബേയിൽ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ്. സാങ്കേതിക രഹസ്യങ്ങള്‍ ചോരുമെന്ന ഭയമുള്ളതിനാല്‍ വിമാനം ഹാങറിലേക്ക് മാറ്റാൻ പോലും ബ്രിട്ടീഷ് അധികൃതര്‍ അനുവദിച്ചിരുന്നില്ല. വിമാനത്തിന് സമീപത്തായി പൈലറ്റ് കസേരയിട്ടിരുന്നതും അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പിന്നീട് വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും തകരാര്‍ പരിഹരിക്കാനായിരുന്നില്ല. 940 കോടി രൂപയാണ് വിമാനത്തിന്റെ വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.