പ്രകൃതിക്ഷോഭങ്ങൾ അടക്കം പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും സംസ്ഥാനത്താകമാനം വൈദ്യുതി ഉറപ്പാക്കാൻ സർക്കാരിനു സാധിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിൽ മാത്രം 5200 കോടി രൂപയുടെ 18 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ 14 എണ്ണത്തിന്റെ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നേടിയത് 1360.75 മെഗാവാട്ടിന്റെ റെക്കോർഡ് വർധനവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന ശേഷി 4347.8 മെഗാവാട്ടാണ്. ഇതിൽതന്നെ 1516.02 മെഗാവാട്ട് ശേഷി സോളാർ നിലയങ്ങളുടേതാണ്. ജലവൈദ്യുത പദ്ധതികൾ വഴി 132 മെഗാവാട്ടിന്റെ വർധനവുണ്ടായിട്ടുണ്ട്.
അതേപ്പോലെ സൗരോർജ വൈദ്യുതി ഉത്പാദനത്തിൽ ജനുവരി വരെ 1218 മെഗാവാട്ടിന്റെ വർധനവും ഉണ്ടായി. ഒരു വർഷത്തിനിടെ ആഭ്യന്തര വൈദ്യുതി ഉത്പാദനശേഷിയിൽ 173 മെഗാവാട്ടിന്റെ വർധനവ് ഉണ്ടായി. ഏറ്റുമാനൂരിൽ നിലവിലുണ്ടായിരുന്ന 66 കെവി സബ്സ്റ്റേഷനെ നവീകരിച്ച് 220 കെവി ജിഐഎസ് സബ് സ്റ്റേഷനായി ഉയർത്തി. സബ് സ്റ്റേഷനും അനുബന്ധ പ്രസരണ ലൈനും വന്നതോടെ ഏറ്റുമാനൂർ സബ് സ്റ്റേഷന്റെ സ്ഥാപിത ശേഷി ഉയർന്നു. അതോടൊപ്പം വൈക്കം, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ, കോട്ടയം സബ് സ്റ്റേഷനുകളിലേക്ക് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നായി 110 കെ വി വോൾട്ടേജിൽ വൈദ്യുതി എത്തിക്കാനും സാധിച്ചു.
കേരളത്തിലെ ആദ്യകാല സബ് സ്റ്റേഷനുകളിൽ ഒന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെവി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമാക്കാനും വൈദ്യുതി വകുപ്പിന് സാധിച്ചു. 1940 ൽ സ്ഥാപിതമായ സബ്സ്റ്റേഷന്റെ ശേഷി 66 കെവിയിൽ നിന്ന് 220 കെ വി ആയാണ് വർധിപ്പിച്ചത്. ഇടുക്കി, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുമായി 220 കെവിയിൽ കണക്റ്റിവിറ്റിയുണ്ടാകും. തീർത്തും ഓട്ടോമാറ്റിക് സംവിധാനങ്ങളോടു കൂടിയാണ് സബ്സ്റ്റേഷന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അനുബന്ധ ലൈൻ സ്ഥാപിക്കുന്നതിനടക്കം കിഫ്ബി വഴി 75 കോടി രൂപയാണ് വിനിയോഗിച്ചത്. കോട്ടയം കുറവിലങ്ങാട് സ്ഥാപിച്ച കേരളത്തിലെ ആദ്യ 400 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന്റെ നിർമ്മാണത്തിനായി കിഫ്ബി 152 കോടി രൂപയാണ് ചെലവഴിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.