23 January 2026, Friday

യുദ്ധഭീകരതയുടെ നേര്‍സാക്ഷ്യം; നാപാം പെണ്‍കുട്ടിയുടെ ചിത്രം ഇനി നിക്ക് ഉട്ടിന്റേതല്ല

Janayugom Webdesk
ഹനോയ്
May 16, 2025 9:26 pm

അര നൂറ്റാണ്ടിന് മുമ്പ് വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിന് മുമ്പില്‍ കാണിച്ചു തന്ന നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന്റെ അവകാശം ഇനി വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനില്ല. ചിത്രത്തിനുമേല്‍ സൈഗണിലെ അസോസിയേറ്റഡ് പ്രസ്(എപി) ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഉട്ടിന്റെ ഉടമസ്ഥാവകാശം വേള്‍ഡ് പ്രസ് ഫോട്ടോ നീക്കി. 1972ല്‍ വിയറ്റ്നാമിലെ ത്രങ് ബാങ്ങില്‍ അമേരിക്ക വര്‍ഷിച്ച നാപാം ബോംബില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ഒമ്പത്കാരിയുടെ ചിത്രം പകര്‍ത്തിയത് നിക്ക് ഉട്ടാണെന്നാണ് ഇതുവരെ ലോകം വിശ്വസിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ അവകാശി മറ്റൊരാളാകാമെന്ന് പറയുന്ന ദി സ്ട്രിങ്ങര്‍ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ കഥ മാറി. യുദ്ധകാലത്ത് എന്‍ബിസി ചാനലിന്റെ സംഘത്തിലുണ്ടായിരുന്ന എന്‍ഗുയെന്‍ താന്‍ഹ് എന്‍ഗെ എന്ന ഫോട്ടോഗ്രാഫര്‍ എപിക്ക് 20 ഡോളറിന് ചിത്രം വിറ്റതാണെന്നാണ് ഡോക്യുമെന്ററി പറയുന്നത്. എപിയിലെ ജീവനക്കാരനല്ലാത്തതിനാല്‍ ഫോട്ടോയുടെ അവകാശം നിക്ക് ഉട്ടിന് നല്‍കുകയായിരുന്നെന്നും ഡോക്യുമെന്ററിയില്‍ ആരോപിക്കുന്നു. 

ബാവോ എന്‍ഗുയിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ എന്‍ഗുയെന്‍ താന്‍ഹ് എന്‍ഗെയുടെ സഹോദരന്‍, മകള്‍, എപിയുടെ മുന്‍ ഫോട്ടോ എഡിറ്റര്‍ കാള്‍ റോബിന്‍സണ്‍ തുടങ്ങി നിരവധി സാക്ഷികളെ അണിനിരത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ വേള്‍ഡ് പ്രസ് ഫോട്ടോ, അവകാശിയുടെ പേര് നീക്കം ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് വേള്‍ഡ് പ്രസിന്റെ തീരുമാനം. ചിത്രം എടുത്ത സ്ഥലം, ക്യാമറ തുടങ്ങിയവയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ എന്‍ഗുയിന്‍ താന്‍ഹാണ് ഉട്ടിനേക്കാള്‍ ആ ചിത്രം പകര്‍ത്താന്‍ സാധ്യതയുള്ളതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന് നല്‍കിയ ‘ഫോട്ടോ ഓഫ് ദി ഇയര്‍’ അവാര്‍ഡ് വേള്‍ഡ് പ്രസ് പിന്‍വലിച്ചിട്ടില്ല. അതേസമയം അടിസ്ഥാനരഹിതമായ വാദമാണ് ഡോക്യുമെന്ററി ഉന്നയിക്കുന്നതെന്നും തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിക്ക് ഉട്ട് തന്നെയാണ് ഫോട്ടോയുടെ അവകാശിയെന്ന് കണ്ടെത്തിയതായും എപി പറഞ്ഞു. നാപാം പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയതിന് 21-ാം വയസില്‍ നിക്ക് ഉട്ടിന് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.