നിരവധി വനിതാ സംരംഭകർ നമുക്ക് ചുറ്റും ഉണ്ടെങ്കിലും സൗരോർജ്ജ മേഖലയിൽ കടന്ന് വരാൻ താല്പര്യം കാണിക്കുന്ന വനിതകൾ പരിമിതമാണ്. മലയാളിയാണെങ്കിലും പൂനയിൽ ജനിച്ച് വളർന്ന് വിദേശത്ത് വർഷങ്ങളോളം ജോലി ചെയ്ത അനുഭവ പശ്ചാത്തലത്തിൽ കേരളത്തിൽ എന്തെങ്കിലും ചെയ്യണമെന്ന മോഹവുമായിട്ടാണ് രാജേശ്വരി സജുകുമാര്‍ നായർ എന്ന വനിതാ സംരംഭക ഭർത്താവിന്റെ സ്വദേശമായ ആലപ്പുഴ പഴവീട്ടിൽ എട്ട് വർഷം മുൻപ് സ്ഥിര താമസമാക്കിയത്. താൻ പഠിച്ച സാമ്പത്തിക ശാസ്ത്രമായോ, വാണിജ്യശാസ്ത്രത്തിലുള്ള മാസ്റ്റർ ബിരുദമായോ യാതൊരു ബന്ധവുമില്ലാത്ത സോളാർ മേഖലയിലേയ്ക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നു. തുടക്കക്കാരി എന്ന നിലയിൽ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചിരുന്നെങ്കിലും തനിക്കും ഈ രംഗത്ത് ശോഭിക്കാൻ പറ്റുമെന്ന ചിന്തയോടെ അടുക്കും ചിട്ടയോടെയും ഓരോ കാര്യങ്ങളും പഠിച്ചുകൊണ്ടിരുന്നുവെന്ന് രാജേശ്വരി പറഞ്ഞു.
എഞ്ചിനിയർ അല്ലാതിരുന്ന താൻ സോളാർ രംഗത്തെ സാങ്കേതിക വശങ്ങളും നൂതനാശയങ്ങളും അടുക്കുംചിട്ടയോടും കൂടി പഠിച്ചശേഷമാണ് കെഎസ്ഇബിയുടെ പുരപ്പുറ സൗരോർജ്ജത്തിന്റെ ഭാഗമാകാൻ ഒരുങ്ങിയത്. പുതിയ ഒരു വിഷയത്തിലേയ്ക്ക് നമ്മൾ ഇറങ്ങി തിരിച്ചാൽ അതിനോട് അമിതമായ താല്പര്യം ഉണ്ടെങ്കിൽ ആ കാര്യം അതീവ മനോഹരമായി തന്നെ നമ്മൾ പഠിക്കുമെന്നത് തന്റെ അനുഭവമാണെന്ന് രാജേശ്വരി പറയുന്നു. കേരളത്തിൽ സോളാർ രംഗത്ത് രജിസ്ട്രേഷനുള്ള അഞ്ഞൂറോളം സംരംഭകർ ഉണ്ടെങ്കിലും ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്തുന്ന വനിത എന്ന അംഗീകാരം രാജേശ്വരിക്ക് സ്വന്തമാണ്. ഇന്ന് ക്രോംടെക്കിന് കേരളത്തിലെ സോളർ എനർജി സൊല്യൂഷൻസ് കമ്പനികളിൽ പ്രമുഖ സ്ഥാനമുണ്ട്. ചെറിയ കാലയളവിനുള്ളിൽ ഒരു മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയുടെ ഭാഗമായി നൽകാൻ രാജേശ്വരിയുടെ സംരംഭത്തിനായി. ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ്, ഹൈബ്രിഡ് സോളാർ പവർ സിസ്റ്റം എന്ന നിലയിലാണ് ക്രോം ടെക്കിന്റെ പ്രവർത്തനം. പുരപ്പുറ സൗരോർജ്ജം ആദ്യം വീടുകളിൽ മാത്രമായിരുന്നു നൽകിയിരുന്നത്. പിന്നീട് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നൽകി തുടങ്ങി. ഇപ്പോൾ വ്യവസായ യൂണിറ്റുകളിലേയ്ക്കും ക്രോംടെക്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സോളർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ബില്ലുകൾ 90 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നതിന് പുറമെ പരിസ്ഥിതി സൗഹാർദ്ദം കൂടിയാണ് താൻ ഉദ്ദേശിക്കുന്നതെന്ന് രാജേശ്വരി പറയുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വനിതകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഇപ്പോഴും വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഇവിടുത്തെ സ്ത്രീകൾ തയ്യാറാകുന്നില്ല.
വെല്ലുവിളികളിൽ നിന്ന് സ്ത്രീകൾ ഒരിക്കലും ഒഴിഞ്ഞുമാറരുതെന്ന് രാജേശ്വരി പറയുന്നു. കസ്റ്റമർ അന്വേഷണം വന്ന് തുടങ്ങിയാൽ ഫിറ്റ്നെസ് ഉറപ്പ് വരുത്തുക മുതൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ ഉപഭോക്തൃ യാത്രയിലും രാജേശ്വരിയുടെ പങ്കാളിത്തം ഉണ്ട്. രാവിലെ 9 മണിമുതല്‍ രാത്രി 11 മണിവരെ ടെറസില്‍ ടെക്നിഷ്യന്‍സിനൊപ്പം നിന്ന് ജോലിചെയ്ത സന്ദര്‍ഭങ്ങളുമുണ്ടെന്ന് രാജേശ്വരി പറയുന്നു. നമ്മുടെ നാട്ടിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ അവസരം നൽകുക എന്ന ഉദ്ദേശത്തോടെ കൂടിയാണ് ക്രോംടെക്ക് സ്ഥാപനം നടത്തുന്നത്. തന്റെ സ്ഥാപനത്തിൽ പത്ത് സ്ഥിരം ജീവനക്കാരും താൽക്കാലിക അടിസ്ഥാനത്തിലുള്ള ജീവനക്കാരുമുണ്ട്. ഇതിനിടയിൽ രാജേശ്വരി എന്ന സോളാർ സംരംഭകയെ നേടി നിരവധി പുരസ്ക്കാരങ്ങളും വന്നെത്തി. 2022 ലെ കെൻ ബിസിനസ് എക്സലൻസ് അവാർഡ്, 2022, 2024 ലെയും മികച്ച സംരംഭകയ്ക്കുള്ള സൂര്യോകോൺ സോളാർ അവാർഡുകളും ലഭിച്ചു. കൂടാതെ കെഎസ്ഇബിയും മികച്ച സംരംഭകയായി രാജേശ്വരിയെ ആദരിക്കുകയുണ്ടായി. ഭർത്താവ്-പ്രവാസിയായ സജുകുമാർ നായർ. മക്കൾ: ശ്രീജിത്ത് നായർ ( ഓസ്ട്രേലിയ), ആദിത്യ (വിദ്യാർത്ഥി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.