
ഉത്തർപ്രദേശില്‍ വിവാഹിതരായി രണ്ട് മാസത്തിനുള്ളിൽ ഭർത്താവിനെ കൊലപ്പെടുത്തി യുവതി.ബറേലിയിലെ ഇസത്ത്‌നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന 33 കാരനായ ജിതേന്ദ്ര കുമാർ യാദവിനെയാണ് ഭാര്യ ജ്യോതി കൊലപ്പെടുത്തിയത്. ഒൻപത് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. ജനുവരി 26 നാണ് ജിതേന്ദ്ര കുമാർ യാദവിനെ വാടക വീട്ടിലെ ജനലിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ ആണെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസംമുട്ടിച്ചാണെന്ന് തെളിഞ്ഞതോടെയാണ് ക്രൂര കൊലപാതകം പുറത്തായത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്രയെ ഭാര്യ ജ്യോതിയും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇരുവരുടേയും വിവാഹം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ പണത്തെ ചൊല്ലി വലിയ തർക്കവും വഴക്കും തുടങ്ങിയിരുന്നതായാണ് വിവരം. ജിതേന്ദ്ര ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നു. നവംബർ 25ന് ആണ് ഒമ്പത് വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണം കഴിഞ്ഞതിന് പിന്നാലെ ജിതേന്ദ്ര ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപയെടുത്ത് ഓൺലൈൻ ചൂതാട്ടം നടത്തി. എന്നാൽ ഈ പണം നഷ്ടപ്പെട്ടു. ഇതോടെ പണത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായി. സംഭവദിവസമായ ജനുവരി 26ന് ഇരുവരും തമ്മിൽ പണത്തെ ചൊല്ലി ആരംഭിച്ച വഴക്ക് രൂക്ഷമായി. ഇതോടെ ജ്യോതി തന്റെ കുടുംബത്തെ വിവരം അറിയിച്ചു.
അന്ന് രാത്രി ജ്യോതിയുടെ മാതാപിതാക്കളും സഹോദരനും ദമ്പതിമാർ താമസിക്കുന്ന വാടക വീട്ടിലെത്തി. വാക്കേറ്റത്തിനിടെ യുവതിയുടെ അച്ഛൻ കാളീചരൺ, അമ്മ ചമേലി, സഹോദരൻ ദീപക് എന്നിവർ ചേർന്ന് ജിതേന്ദ്രയെ പിടിച്ചുവെച്ചു. ഇതിനിടെ ജ്യോതി ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ജിതേന്ദ്ര മരിച്ചതോടെ യുവതിയും കുടുംബവും ചേർന്ന് മൃതദേഹം ജനാലയിൽ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അയൽക്കാരെ വിശ്വസിപ്പിക്കാൻ യുവതി ഭർത്താവ് ജീവനൊടുക്കിയെന്ന് പറഞ്ഞ് കരഞ്ഢ് ബഹളം വയ്ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.