കോഴിക്കോട് പേരാമ്പ്ര സ്വദേശി അനുവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കേസില്‍ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടി. മോഷണത്തിനിടെ പ്രതി അനുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റു.
മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ.
ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ പോകുന്ന പ്രതിയുടെ ചില ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു.
പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷമാകും പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തുക.
English Summary: woman was found dead in Perambra; accused taken to custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.