22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
November 6, 2024
October 9, 2024
October 8, 2024
September 21, 2024
September 5, 2024
August 24, 2024
August 22, 2024
August 21, 2024

സ്ത്രീകൾ അമ്മായിയമ്മയുടെ അടിമകളല്ല: കേരള ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 20, 2023 7:50 pm

സ്ത്രീകൾ അവരുടെ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചന കേസിൽ കുടുംബ കോടതി നടത്തിയ പുരുഷാധിപത്യ നിരീക്ഷണങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതായിരുന്നു പരാമർശം. വിവാഹമോചനത്തിനായി ഭാര്യ നൽകിയ പരാതിയെ കാലങ്ങൾ കൊണ്ട് സംഭവിക്കുന്ന സാധാരണ വിരക്തിയാണെന്നായിരുന്നു കുടുംബ കോടതി പരാമർശിച്ചത്. വിവാഹ ജീവിതത്തിന്റെ വിശുദ്ധി സംരക്ഷിച്ചുകൊണ്ട് ഇരുവരും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കണമെന്നും തൃശൂരിലെ കുടുംബകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കുടുംബകോടതിയുടെ നിരീക്ഷണങ്ങൾ അങ്ങേയറ്റം പുരുഷാധിപത്യപരമാണെന്നും നിലവിലെ സാഹചര്യങ്ങൾ ഇപ്രകാരമല്ല മുന്നോട്ടുപോകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ തന്റെ അമ്മക്കും ഭർതൃമാതാവിനും എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ യുവതിയെ കോടതി വിളിപ്പിച്ചിരുന്നുവെന്ന് ഭർത്താവിന് വേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒരു സ്ത്രീയുടെ തീരുമാനം അവരുടെ അമ്മയെയോ അമ്മായിഅമ്മയുടെയോ വാക്കുകളാൽ സ്വാധീനിക്കപ്പെടേണ്ടതില്ലെന്നും സ്ത്രീ ആരുടെയും അടിമയല്ലെന്നും കോടതി വ്യക്തമാക്കി. കോടതിക്ക് പുറത്തുവെച്ച് തീർപ്പാക്കാവുന്ന വിഷയമാണെന്ന അഭിഭാഷകന്റെ പരാമർശത്തെയും കോടതി വിമർശിച്ചു. യുവതിയും കോടതിക്ക് പുറത്തുവെച്ച് വിഷയം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റിന് അനുമതി നൽകൂവെന്ന് കോടതി പറഞ്ഞു. “യുവതിക്ക് അവരുടേതായ തീരുമാനമുണ്ട്. നിങ്ങൾ അവളെ കെട്ടിയിട്ട് മരുന്ന്നൽകാനാണോ ഉദ്ദേശിക്കുന്നത്? ഇതുകൊണ്ട് തന്നെയാണ് യുവതി നിങ്ങളെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മാന്യതയോടെ പെരുമാറൂ, മനുഷ്യനായിരിക്കൂ” എന്നും കോടതി ഭർത്താവിനോട് പറഞ്ഞു.

കൊട്ടാരക്കര കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഭർതൃവീട്ടിലെ പീഡനങ്ങളാലും മറ്റ് പ്രശ്നങ്ങളാലും കുഞ്ഞിനോടൊപ്പം യുവതി മാഹിയിലെ പിതൃവീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റാൻ യുവതി ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കരുതെന്നും പ്രായമായ തന്റെ അമ്മക്ക് കേസിലെ വാദത്തിനായി തലശ്ശേരി വരെയെത്താൻ സാധിക്കില്ല എന്നുമായിരുന്നു ഭർത്താവിന്റെ ആവശ്യം. യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി അമ്മയ്ക്ക് ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസിലൂടെ വാദത്തിൽ പങ്കെടുക്കാമെന്നും നിരീക്ഷിച്ചു.

Eng­lish Summary:Women are nobody’s slaves: Ker­ala High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.