21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 16, 2024
October 30, 2024
October 13, 2024
September 10, 2024
September 8, 2024
September 2, 2024
August 30, 2024
August 11, 2024
July 11, 2024
June 29, 2024

അമ്മയും കുഞ്ഞും: പൊളിച്ചെഴുതേണ്ട പൊതുബോധങ്ങൾ

ഡോ.കീര്‍ത്തി പ്രഭ
September 26, 2023 3:35 pm

അമ്മയെന്ന് എവിടെ തിരയുമ്പോഴും സഹനവും ത്യാഗവും ദൈവരൂപവും മാതൃത്വത്തിന്റെ അനുഗ്രഹീത നിമിഷങ്ങളെ കുറിച്ചുള്ളവർണ്ണനകളും മാത്രമാണ്. പെണ്ണിൽ നിന്ന് അമ്മയായി തീർന്ന ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളും കരിയർ നഷ്ടങ്ങളും അടക്കം ചെയ്യപ്പെടേണ്ടി വന്ന ഇഷ്ടങ്ങളും ഇപ്പോഴും അമ്മ എന്ന ചർച്ചയുടെ ആദ്യ പരിഗണനകളാവാറില്ല. അമ്മ എന്ന സങ്കല്പത്തെ കുറിച്ചുള്ള വിഭിന്നങ്ങളായ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് രണ്ടുമാസം പ്രായമുള്ള തന്റെ കുഞ്ഞുമായി ഓഫീസിൽ ഇരിക്കുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം. ചിലർ മാതൃത്വത്തിന്റെ മേന്മകളും സഹനങ്ങളും വർണിച്ചു കൊണ്ടുള്ള കവിതകൾ എഴുതുന്നു.ചിലർ വെറും ഷോ എന്ന് പറഞ്ഞ് രൂക്ഷമായി പരിഹസിക്കുന്നു. ഏതുസാഹചര്യത്തിലാണ് അത്തരമൊരു പടം എടുത്തത് എന്നറിയാതെ വെറും ഒരു ഫോട്ടോ മാത്രം നോക്കിക്കൊണ്ട് അനാവശ്യമായ ചർച്ചകളും കഥകളും ഇവിടെ ഉണ്ടാകുന്നു.

മുമ്പൊരിക്കൽ കളക്ടർ ദിവ്യ എസ് അയ്യർ ഇതുപോലെ ഒരു പൊതുവേദിയിൽ കുഞ്ഞുമായി വന്നപ്പോൾ പരിഹാസങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ഒരിക്കൽ യുഎൻ അസംബ്ലിയിൽ കുഞ്ഞുമായി വന്നിരുന്ന ചിത്രത്തിനു താഴെ മാതൃത്വത്തിന്റെ മഹത്വങ്ങളെ വാഴ്ത്തിയ വരും ഇവിടെ പരിഹസിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാവണം. എല്ലാവരും മറ്റുള്ളവർ കാണാൻ വേണ്ടി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങി നടക്കുന്നത് പോലെ തന്നെ സ്വാഭാവികമായ കാര്യവുമാണത്.

അമ്മയും കുഞ്ഞും ഉള്ള ഒരു മനോഹരമായ ചിത്രം എന്നതിൽക്കവിഞ്ഞ് മാതൃത്വം മഹത്വവൽക്കരിക്കപ്പെടേണ്ടതോ ഒരു അമ്മയുടെ നിസ്സഹായത പുറത്തു കാണിക്കുന്നതോ ഷോ എന്ന പരിഹാസങ്ങൾ നിറയ്ക്കേണ്ടതോ ആയിട്ടുള്ള ഒന്നും ആ ചിത്രത്തിൽ കാണേണ്ടതില്ല. ഇവ മൂന്നും ഒരുപോലെ അരോചകവുമാണ്. ഈ മൂന്ന് രീതിയിലുള്ള സമീപനങ്ങളുടെയും പ്രഭാവം പ്രതികൂലമായി ബാധിക്കുന്നത് ഒരുപക്ഷേ യാതൊരു പ്രിവിലേജും ഇല്ലാത്ത സാധാരണ അമ്മമാരെ ആയിരിക്കും. പ്രത്യേകിച്ച് ആ ചിത്രത്തിലൂടെമാതൃത്വം മഹത്വവൽക്കരിക്കപ്പെടുമ്പോൾ പിഞ്ചുകുഞ്ഞിനെയും കൊണ്ട് മേയർക്ക് ജോലി ചെയ്യാം നിനക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചോദ്യം നേരിടേണ്ടി വരുന്നതും മേയറുടെതിൽ നിന്നും അസമാനമായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന സാധാരണ അമ്മമാരായിരിക്കും.

പ്രഗ്നന്റ് ആവാൻ സാധ്യതയുള്ളവർക്കും പ്രഗ്നൻസി പ്ലാൻ ചെയ്യുന്ന സ്ത്രീകൾക്കും ജോലി നിഷേധിക്കപ്പെടുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. മേയർ കുഞ്ഞിനെയും കൊണ്ട് തൊഴിലിടത്തിലേക്കെത്തിയത് പോലെ ഒരു സാധാരണ സ്ത്രീ കുഞ്ഞിനെയും കൊണ്ട് ജോലി ചെയ്യാൻ വന്നാൽ അത് ജോലിയുടെ കാര്യക്ഷമതയെ ബാധിക്കും എന്ന താക്കീതുകൾ നേരിടേണ്ടി വന്നേക്കാം. അത്തരത്തിലുള്ള പ്രതികൂല അവസ്ഥകൾ പ്രിവിലേജുകൾക്കും അപ്പുറം ഒരു അമ്മയ്ക്കും ഉണ്ടാവാതിരിക്കാൻ തൊഴിലിടങ്ങളിലും കരിയറിലും ജെൻഡർ അസമത്വങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിച്ചു കൊണ്ടായിരിക്കണം നമ്മുടെ ചർച്ചകൾ.

പ്രസവത്തിനുശേഷം കരിയർ ഉപേക്ഷിക്കേണ്ടി വന്ന അമ്മമാർ, മാതൃശിശു സൗഹൃദം അല്ലാത്ത തൊഴിൽ അന്തരീക്ഷങ്ങളിൽ ഏറെ ബുദ്ധിമുട്ടി ജോലി ചെയ്യേണ്ടിവരുന്ന അമ്മമാർ, മുലപ്പാൽ വേണം എന്ന ഒറ്റ കാരണം കൊണ്ട് അമ്മയുടേത് മാത്രമായി തീരുന്ന ശിശു പരിപാലനത്തിന്റെ ഉത്തരവാദിത്തങ്ങൾ ഇതെല്ലാം പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ആര്യയുടെ അമ്മച്ചിത്രത്തിന് കഴിയണം. സ്വയം പര്യാപ്തത നേടാൻ ഏറ്റവും കൂടുതൽ കാലയളവ് ആവശ്യമുള്ള ജീവി മനുഷ്യനാണ്. പലപ്പോഴും കുഞ്ഞിന്റെ വളർച്ചയുടെ ആ കാലയളവിൽ കരിയർ അടക്കം പലതും ഉപേക്ഷിക്കേണ്ടി വരുന്നത് അമ്മമാർക്കാണ്.പുറത്തു തൂക്കിയിട്ടിരിക്കുന്ന ഒരു തുണി സഞ്ചിയിൽ കുഞ്ഞിനെ ഇരുത്തി തലയിൽ ഇഷ്ടിക പോലെയുള്ള വലിയ ഭാരവുമേന്തി നടന്ന് ജോലിചെയ്യുന്ന പല നാടുകളിൽ നിന്നുള്ള നാടോടി സ്ത്രീകളുടെ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാവും.

അത്തരം ചിത്രങ്ങൾ പോലും നമ്മളറിയാതെ നമ്മൾ തന്നെ വിഗ്രഹവൽക്കരിക്കുകയാണ്. അത് ചൂണ്ടിക്കാണിച്ച് ഇത്രയധികം കഷ്ടപ്പെടുന്ന അമ്മമാർ ഉള്ള ലോകത്ത് നീ എത്ര സുഖിച്ചു ജീവിക്കുന്നു എന്ന ചോദ്യങ്ങൾ ഉണ്ടായേക്കാം. ആ കഷ്ടപ്പാടും സഹനവും മാത്രമാണ് അമ്മ എന്ന പദം കൊണ്ട് നമ്മൾ ആഗ്രഹിക്കുന്നത്. സാങ്കേതികവിദ്യകൾ ഒരുപാട് വളർന്നിട്ടും മാതൃത്വത്തിന്റെ ആദർശ വൽക്കരണങ്ങളിൽ നിന്നും പൊതുസമൂഹം ഉണ്ടാക്കിയ അമ്മ മാഹാത്മ്യത്തിന്റെ നിയമാവലികൾക്കുള്ളിൽ നിന്നും പുറത്ത് കടന്ന് തൊഴിലും പാഷനും അടക്കം പല മേഖലകളിൽ നിന്നും അമ്മയായാൽ ഉണ്ടാകുന്ന മാറ്റിനിർത്തലുകളെ എങ്ങനെയൊക്കെ തരണം ചെയ്യാൻ കഴിയും എന്നതിന്റെ സാങ്കേതിക വശങ്ങൾ കൂടുതൽ വിപുലമാക്കേണ്ടിയിരിക്കുന്നു.

വരും തലമുറയുടെ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടുള്ള സ്ത്രീ സ്വാതന്ത്ര്യത്തെ നിശിതമായി വിമർശിക്കുന്ന ഒരു വിഭാഗവും നമുക്കിടയിലുണ്ട്.പലപ്പോഴും മുലപ്പാൽ എന്നൊരു ഘടകമാണ് അമ്മയെ കുഞ്ഞിന്റെ അവകാശങ്ങളെയും അമ്മയുടെ സ്വാതന്ത്ര്യത്തെയും ഹനിക്കാത്ത രീതിയിൽ എങ്ങനെ ഇത്തരം പ്രതിസന്ധികളെ മറികടക്കാം എന്നാണ് ഇനിയങ്ങോട്ട് ചിന്തിക്കേണ്ടത്. ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രമാണ് നൽകേണ്ടത്.കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപരമായ മറ്റു വിഷമതകൾ ഒന്നുമില്ല എങ്കിൽ സാധാരണ പോലെ മുലയൂട്ടാൻ സാധിക്കും. എന്നാൽ അതൊന്നുമല്ലാതെ തന്റെ കരിയറിൽ വലിയൊരു ഇടവേള ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന അമ്മമാരും ഉണ്ടാവും. കുഞ്ഞിന്റെ കെയർടേക്കറിന് കൊടുക്കാൻ പറ്റുന്ന രീതിയിൽ മുലപ്പാൽ വളരെ സുരക്ഷിതമായി സ്റ്റോർ ചെയ്യാൻ ചെയ്തു വയ്ക്കാൻ പറ്റുന്ന സംവിധാനങ്ങൾ ഒക്കെ ഇന്ന് നിലവിലുണ്ട്.

കൃത്രിമ ബീജസങ്കലനം അഥവാ ഐവിഎഫ് ഇന്ന് നമുക്കിടയിൽ സാധാരണമാണ്.അതിന്റെ ആരംഭകാലത്ത് മാതൃത്വത്തിന്റെ സംസ്കാരവും ധാർമികതയും നഷ്ടപ്പെടുത്തുന്നതാണ് ആ കണ്ടുപിടുത്തം എന്ന പേരിൽ ഒരുപാട് വിമർശനങ്ങളും ഐവിഎഫിന് ഉണ്ടായിട്ടുണ്ട്.അതുപോലെ ഇനിയങ്ങോട്ടുള്ള ഭാവിയിൽ ഗർഭധാരണം അമ്മയുടെ ശരീരത്തിന് വെളിയിൽ സാധ്യമാകുന്ന തരത്തിലുള്ള കൃത്രിമ ഗർഭപാത്രങ്ങൾ സാധ്യമാക്കാനുള്ള നീക്കങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

അതിനെയും സംസ്കാരത്തിന്റെ മൂല്യതകർച്ചയായി വിലയിരുത്തുന്നവർ ഉണ്ടാകാം.പ്രധാനമായും പ്രത്യുൽപാദനത്തിന്റെ പങ്കിലുള്ള വ്യത്യാസങ്ങളാണ് ലിംഗ അസമത്വങ്ങൾക്ക് കാരണം.അതുകൊണ്ടുതന്നെ കൃത്രിമ ഗർഭപാത്രങ്ങൾ അത്തരം ജീവശാസ്ത്രങ്ങളുടെ ഏകാധിപത്യങ്ങളിൽ നിന്ന് മോചിപ്പിക്കും.അത് വിപുലമായി സാധ്യമായാൽ ലിംഗ ബേധം കുടുംബം സമത്വം തുടങ്ങിയ ആശയങ്ങളിലുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ വളരെ വലിയൊരു വിപ്ലവമാണ് സംഭവിക്കാൻ പോകുക.

ആത്യന്തികമായി ഇതെല്ലാം ഓരോ വ്യക്തിയുടെയും താൽപര്യങ്ങളാണ് എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. പക്ഷേ മാതൃത്വ ആഘോഷങ്ങളും മഹനീയവൽക്കരണങ്ങളും എല്ലാം ജനാധിപത്യ വിരുദ്ധമാണ്,അതെല്ലാം പാട്രിയാർക്കിയൽ മൂല്യങ്ങളുടെ സംഭാവനയാണ് എന്ന തിരിച്ചറിവ് ഉണ്ടാകുന്നിടത്ത് വ്യക്തി താൽപര്യങ്ങൾ മാറ്റിമറിക്കപ്പെടും.മഹത്വവൽക്കരണങ്ങൾ ഒക്കെ ഒരു വ്യക്തിയെ കൂടുതൽ സംഘർഷത്തിലാക്കുകയും അയാളുടെ ജീവിതം നിലവിലുള്ള വ്യവസ്ഥയനുസരിച്ച് പൊതുസമൂഹത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ കൃത്രിമമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. അങ്ങനെ ചുറ്റുമുള്ളവരെ തൃപ്തിപ്പെടുത്തി ജീവിക്കുന്നതാണ് നൈസർഗികമായത് എന്ന ധാരണയിൽ തന്നെയാണ് നമ്മളിന്നുമുള്ളത്.

അതുകൊണ്ടുതന്നെയാണ് എന്തിനുവേണ്ടി എന്ത് സാഹചര്യത്തിൽ പ്രദർശിപ്പിക്കപ്പെട്ടതായാലും അമ്മയും കുഞ്ഞുമുള്ള ചിത്രം മാതൃത്വത്തിന്റെ കാല്പനിക സങ്കൽപ്പങ്ങളിലേക്ക് മാത്രം ചുരുങ്ങി പോകുന്നത്.നിരന്തരമായ വിമർശനങ്ങളെയും വേട്ടയാടലുകളെയും ശക്തമായി അതിജീവിച്ച സംഘപരിവാറിന്റെ രാഷ്ട്രീയ എതിർപ്പുകൾ ധീരമായി നേരിട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവി സ്വന്തമാക്കിയ ആര്യ രാജേന്ദ്രൻ എന്ന 24 വയസ്സുകാരിയായ രാഷ്ട്രീയ നേതാവിന് കയ്യടി നൽകാനും അഭിനന്ദിക്കാനും ഇങ്ങനെ ഒരുപാട് ഒരുപാട് കാരണങ്ങൾ.ഈ അമ്മച്ചിത്രവും മാതൃത്വത്തിന്റെ ആദർശവൽക്കരണങ്ങളിലേക്കും പി ആർ വർക്ക് എന്നുള്ള പരിഹാസങ്ങളിലേക്കും വഴി തിരിയാതെ പുതിയ ആശയങ്ങളും സാങ്കേതികതകളും ചികഞ്ഞെടുക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാവട്ടെ.

Eng­lish Sum­ma­ry: women career and child care in dis­cus­sion after may­or arya rajen­dran pho­to with baby
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.