
ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ (ഐബിഎഫ്എഫ്) സംഘടിപ്പിക്കുന്ന, ഐബിഎസ്എ വനിതാ ബ്ലൈൻഡ് ഫുട്ബോൾ വേൾഡ് കപ്പിന് ഇന്ന് കൊച്ചിയിലെ കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെന്ററിൽ തുടക്കമാകും. വനിതാ ബ്ലൈൻഡ് ഫുട്ബോൾ വേൾഡ് കപ്പിന്റെ രണ്ടാം പതിപ്പാണിത്.
അഞ്ച് മുതൽ 11 വരെ നടക്കുന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ വേൾഡ് കപ്പിന് മുന്നോടിയായി എറണാകുളം പ്രസ് ക്ലബ്ബിൽ വച്ച് ടീമുകളുടെ ക്യാപ്റ്റൻമാരും കോച്ചുമാരും ഐബിഎസ്എ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ടെക്നിക്കൽ ഡയറക്ടർറായ മരിയാനോ ട്രാവാഗ്ലിനോയും ചേർന്ന് ചാമ്പ്യൻസ് ട്രോഫി അവതരിപ്പിച്ചു.
ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, പോളണ്ട്, തുർക്കി, കാനഡ, ജപ്പാൻ, ഇന്ത്യ എന്നീ ടീമുകളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കാക്കനാട് യൂണൈറ്റഡ് സ്പോർട്സ് സെന്ററിൽ ഇന്ന് വൈകിട്ട് 5ന് ആരംഭിക്കും. ഇന്ത്യയും ബ്രസീലും തമ്മിലാണ് ഉദ്ഘാടന മത്സരം. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് ഗോപിനാഥ് പി എന്നിവർ കണ്ണുകൾകെട്ടി വിളക്കേല്പിക്കൽ നടത്തി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് ടൂർണമെന്റ് ഡയറക്ടർ എം സി റോയ്, ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീം ഹെഡ് കോച്ച് സുനിൽ ജെ മാത്യു എന്നിവർ അറിയിച്ചു.
കാനഡയുടെ ക്യാപ്റ്റൻ ഹില്ലറി സ്കാൻലോൺ, അർജന്റീന ക്യാപ്റ്റൻ ഗ്രാസിയ സോസ ബാറെനെച്ചെ, ഇന്ത്യൻ ടീം ക്യാപ്റ്റൻ നിർമ്മാ ഠാക്കർദ, പോളണ്ട് ക്യാപ്റ്റൻ കിംഗ പ്രെവോസ്ന, ഇംഗ്ലണ്ട് താരം സാമന്താ ഗൗ, ജപ്പാൻ താരം ഷിയോരി ഫുകുദ, തുർക്കി താരം ഗുലിസ് ചാകർ, ബ്രസീൽ താരം ഇലിയാനെ ഗോൺസാൽവസ് എന്നിവർ പങ്കെടുത്തു. കണ്ണുകളിൽ മാത്രമാണ് ഇരുട്ടുള്ളതെന്നും മനസ് പ്രകാശപൂരിതമാണെന്നും അതിനാൽ മത്സരങ്ങളെ വളരെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും സമീപിക്കുമെന്ന് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീം ക്യാപ്റ്റൻ നിർമ്മാ ഠാക്കർദ പറഞ്ഞു. ഇന്ത്യയുടെ സാഹചര്യത്തിൽ കളിക്കുന്നത് ഇന്ത്യൻ ടീമിന് കൂടുതൽ കരുത്താകുമെന്നും അർജന്റീന അടക്കമുള്ള പ്രൊഫഷണൽ ടീമുകളുടെ സാന്നിധ്യം ടൂർണമെന്റിനെ ലോക ശ്രദ്ധയിലേക്ക് എത്തിക്കുമെന്നും ടൂർണമെന്റ് ഡയറക്ടർ എം സി റോയ് ജനയുഗത്തോട് പറഞ്ഞു. 2023‑ൽ ബ്രിട്ടനിലെ ബർമിങ്ഹാമിൽ നടന്ന ആദ്യ പതിപ്പിൽ അർജന്റീനയായിരുന്നു ചാമ്പ്യന്മാർ. ഇന്ത്യ വനിതാ ടീം സെമി ഫൈനലിൽ പ്രവേശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.