25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 15, 2025
April 8, 2025
April 8, 2025
April 7, 2025
April 5, 2025
April 3, 2025
March 23, 2025
March 22, 2025
March 21, 2025

അലാമിക്കളി നിരവധി വേദികളിലവതരിപ്പിച്ച് പെണ്‍കൂട്ടായ്മ

Janayugom Webdesk
കാസര്‍ഗോഡ്
March 21, 2025 12:35 pm

കാസര്‍ഗോഡ് ജില്ലയിൽ മാത്രം കണ്ടിരുന്ന അലാമിക്കളിയെ നിരവധി വേദികളിൽ അവതരിപ്പിച്ച് കൊടവലത്തെ പെൺകൂട്ടായ്മ സംസ്ഥാനത്തിനകത്തും പുറത്തുമായി 33 വേദികളിൽ സംഘം അലാമിക്കളി അവതരിപ്പിച്ചു. ഏപ്രിൽ 16, 17 തീയതികളിൽ തൃശൂർ ടൗൺഹാളിൽ നടക്കുന്ന തദ്ദേശ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാനുള്ള അവസരവും ഇവർക്ക്‌ ലഭിച്ചു. കഴിഞ്ഞ വർഷം ബേക്കൽ ബീച്ച് കാർണിവലിൽ അലാമിക്കളി അവതരിപ്പിച്ച് ടീം പ്രശംസ പിടിച്ചുപറ്റി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ടാണ് ഇവർക്ക് തൃശൂരിൽ അലാമിക്കളി അവതരിപ്പിക്കാൻ അവസരമൊരുക്കിയത്. 11 വർഷം മുമ്പാണ് കൊടവലത്തെ കുടുംബശ്രീ കൂട്ടായ്മയിൽ അലാമിക്കളി ടീമിന് രൂപം നൽകിയത്. ആദ്യം കുറച്ച്‌ സ്ത്രീകൾ മാത്രമായിരുന്നു ടീമിൽ. ഇപ്പോൾ അം​ഗസംഖ്യ പതിമൂന്നിലെത്തി. സുജാത, ചന്ദ്രാവതി, ലക്ഷ്മി, മാലതി, പുഷ്പ, സുലേഖ, പ്രസീനി, സരസ്വതി, പ്രേമ, നാണി, ബിന്ദു, ഹൃദ്യ എന്നിവരാണ് കലാകാരികൾ. ഇവരിൽ ഹൃദ്യ ഒഴികെ മറ്റുള്ളവരെല്ലാം നാൽപ്പതിനും അമ്പതിനും മുകളിൽ പ്രായമുള്ളവർ. ഹൃദ്യ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ ബിരുദ വിദ്യാർഥിനിയാണ്. 

പുതിയ തലമുറ ഈ രം​ഗത്തേക്ക് കടന്നുവരാൻ മടിക്കുമ്പോഴാണ് ഹൃദ്യ മടിയില്ലാതെ അലാമിക്കളിയുടെ ഭാ​ഗമായത്. ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവ് പവിത്രൻ ഞാണിക്കടവിന്റെ ശിക്ഷണം കൂടി ലഭിച്ചതോടെ ഇവർക്ക് കൂടുതൽ മികവ് പുലർത്താനായി. 2023ൽ തൃശൂരിൽ സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ അലാമിക്കളിയിൽ ഇവർ രണ്ടാംസ്ഥാനം നേടി. കലാപ്രവർത്തനങ്ങൾക്കായി കൊടവലം കേന്ദ്രീകരിച്ച് ചിലമ്പ് കലാകേന്ദ്രം എന്ന സംഘടനയ്ക്കും ഇവർ രൂപം നൽകി.

ലഹരിക്കെതിരെയുള്ള ബോധവത്ക്കരണമെന്ന നിലയിലാണ് കൂടുതൽ വേദികളിലും അലാമിക്കളി അവതരിപ്പിച്ചത്. ശുചിത്വം, ആരോ​ഗ്യം തുടങ്ങിയവയുടെ പ്രാധാന്യത്തിലൂന്നിയും കലാരൂപം അവതരിപ്പിച്ചു. ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലാരൂപമായിരുന്നു അലാമിക്കളി. കരിതേച്ച് ശരീരം കറുപ്പിച്ചാണ് അലാമിക്കളിക്കാർ അരങ്ങിലെത്തുന്നത്. അതോടൊപ്പം വെളുത്ത വട്ടപ്പുള്ളികളും ഇടും. ഇലകളും പഴങ്ങളും കൊണ്ട് കഴുത്തിൽ മാലകൾ ധരിക്കുന്നു. നീളമുള്ള പാളത്തൊപ്പി തലയിലണിയും. തൊപ്പിയിൽ ചുവന്ന ചെക്കി (തെച്ചി)പ്പൂവും വെക്കും. മുട്ടുമറയാത്ത മുണ്ടാണ് ഉടുക്കുന്നത്. മണികൾ കെട്ടിയിട്ട ചെറിയവടി കൈയിൽ കരുതും. കറുത്ത തുണികൊണ്ടുള്ള സഞ്ചി തോളിൽ തൂക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.