23 December 2024, Monday
KSFE Galaxy Chits Banner 2

മിന്നുന്നതെല്ലാം പൊന്നല്ല

ഗീതാ നസീര്‍
September 25, 2023 4:15 am

അവസാനം വനിതാ സംവരണബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി. രാജ്യത്തെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷവാര്‍ത്ത തന്നെയാണ്. വനിതാസംവരണ ബില്‍ എന്ന ആശയം സിപിഐ നേതാവ് ഗീതാമുഖര്‍ജി 1996 ഡിസംബര്‍ ഒമ്പതിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച നാള്‍ തൊട്ട് പല ‘പക്ഷേ‘കളും ‘എന്നാലു‘കളും കൊണ്ട് ബില്ല് യാഥാര്‍ത്ഥ്യമാക്കാതെ 27 വര്‍ഷം തള്ളിക്കൊണ്ടുപോയി. ഇതിനിടെ യുപിഎ സര്‍ക്കാര്‍ 2010ല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയെങ്കിലും ലോക്‌സഭയില്‍ പരാജയപ്പെട്ടത് നാം കണ്ടു. ഇന്ന് ബിജെപി സര്‍ക്കാര്‍ ബില്‍ പാസാക്കുമ്പോള്‍ അവിടെയും ചില നിബന്ധനകളുണ്ട് എന്നതിന് കാരണം ഇത് ‘വനിതാ സംവരണ’ ബില്‍ ആണെന്നതു തന്നെയാണ്. ബിജെപിക്കൊരു പ്രത്യയശാസ്ത്രമുണ്ട്. ഭരണത്തിലേറി കഴിഞ്ഞ ഒമ്പത് വര്‍ഷമായി അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍, നടപടികള്‍ ഒക്കെ അതെന്താണെന്ന് വിളിച്ചുപറയുന്നുമുണ്ട്. ആര്‍എസ്എസിന്റെ നാരീസങ്കല്പമാണ് ബില്ലിന്റെ പേരിടല്‍ കര്‍മ്മം തൊട്ട് കാണാന്‍ കഴിയുക. ‘നാരീശക്തി വന്ദന്‍ അധിനിയം’ എന്ന പേരുകൊണ്ട് അത് നമുക്ക് പറഞ്ഞുതരുന്നു. സ്ത്രീശക്തിയെ നമസ്കരിക്കുന്നു, വന്ദിക്കുന്നു എന്നൊക്കെയാണ് അര്‍ത്ഥം. ഇതൊരു തട്ടിപ്പാണ്. യുഗങ്ങളായി നാരികളെ ദേവതകളും, പുണ്യവതികളുമൊക്കെയായി പൂജിച്ച് വന്ദിച്ച് അവരെ ഒരു വഴിക്കാക്കിക്കൊണ്ടുള്ള സാമൂഹ്യധാര്‍മ്മികത ഈ ആധുനികകാലത്തും ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് കരുതിയിരിക്കേണ്ട അപകടമാണ്. ബിജെപി ആവര്‍ത്തിച്ച് കോടതികളെക്കൊണ്ടുപോലും പറയിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അത് മനുസ്മൃതിയെക്കുറിച്ചാണ്. ഇതൊന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അറിയുന്നതല്ല.

ജാതിയും അതിന്റെ സങ്കീര്‍ണതയും അവര്‍ ജീവിതത്തില്‍ പലതട്ടുകളില്‍ അനുഭവിച്ച് തീര്‍ക്കുമ്പോഴും അതിന്റെയൊക്കെ വേരുകള്‍ ബിജെപിയെ നിയന്ത്രിക്കുന്ന ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ‘മനുസ്മൃതി‘യിലാണെന്ന യാഥാര്‍ത്ഥ്യം ഇനിയവര്‍ അനുഭവിച്ച് അറിയേണ്ടിവരും. ‘മനുസ്മൃതി‘യില്‍ സ്ത്രീകളെക്കുറിച്ച് പറയുന്ന പ്രസിദ്ധമായ ശ്ലോകഭാഗം ഇതാണ്: യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ യത്രെെതാസ്തുന പൂജ്യന്തേ സര്‍വസ്തത്രാഫലാഃ ക്രിയാഃ എന്നുവച്ചാല്‍ ‘എവിടെ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുവോ അവിടെ ദേവതകൾ പ്രസാദിക്കുന്നു; എന്നാൽ അവരെ ബഹുമാനിക്കാത്തിടത്ത്, ഒരു വിശുദ്ധ ചടങ്ങും പ്രതിഫലം നൽകുന്നില്ല’. ഈ ശ്ലോകത്തിന്റെ സത്തയാണ് നാരീശക്തി വന്ദന്‍ എന്ന പ്രയോഗത്തിലൂടെ ബിജെപി അര്‍ത്ഥമാക്കുന്നത്. ഇവിടെ ആദരിക്കപ്പെടേണ്ട സ്ത്രീകള്‍ ആരൊക്കെയാണെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഏതാണ്ട് 1500ല്‍പ്പരം കോടി രൂപ (കൃത്യമായ കണക്ക് വന്നിട്ടില്ല. 860 കോടിയില്‍ തുടങ്ങി 1500ല്‍ എ ത്തി നില്‍ക്കുന്നതേയുള്ളു) ചെലവിട്ട് നിര്‍മ്മിച്ച മോഡി സര്‍ക്കാര്‍, തങ്ങളുടെ സ്വപ്നപദ്ധതി കൊട്ടിഘോഷിച്ച് ഉദ്ഘാടന മഹാമഹം ഹെെന്ദവ ആചാരപ്രകാരം പൂജയാഗാദി കര്‍മ്മങ്ങളോടെ നിര്‍വഹിച്ച രംഗങ്ങള്‍ ലോകം മുഴുവന്‍ ദൃശ്യമാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. ആ വേളയില്‍ രാഷ്ട്രപതിയായ ആദിവാസി സ്ത്രീ ദ്രൗപദി മുര്‍മുവിന്റെ സ്ഥാനം എവിടെയായിരുന്നു. ആദിവാസി സമൂഹത്തിന് ഇതുവരെ ലഭിക്കാത്ത പരമോന്നത സ്ഥാനം നല്‍കിക്കൊണ്ട് ബിജെപി കാണിച്ച നാടകമാണ് ഇവിടെ തുറന്നുകാണിക്കപ്പെട്ടത്.


ഇതുകൂടി വായിക്കൂ:  വനിതാ സംവരണ ബിൽ പോരാട്ടം അവസാനിക്കുന്നില്ല


ഹിന്ദുരാഷ്ട്രമുണ്ടാക്കാന്‍ തീരുമാനിച്ച് ബിജെപിയെ അധികാരത്തിലെത്തിച്ച ആര്‍എസ്എസ് മനുസ്മൃതിയനുസരിച്ച് മുന്നേറുമ്പോള്‍ ആ ഹിന്ദുരാഷ്ട്രത്തില്‍ ആദിവാസിയില്ല, ദളിത്-പിന്നാക്ക വിഭാഗങ്ങളില്ല, അന്യമത ചിന്താഗതിക്കാര്‍ ഒട്ടുമേയില്ല. കാരണം മനുസ്മൃതിയും ആര്‍എസ്എസും രാജ്യത്തെ ജനസംഖ്യയില്‍ 15 ശതമാനം വരുന്ന സവര്‍ണഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് രാഷ്ട്രപതിയായിട്ടും സവര്‍ണ ഹിന്ദു ആചാരങ്ങള്‍ നടക്കുന്ന വേദിയില്‍ നിന്ന് ആദിവാസി സ്ത്രീയായതുകൊണ്ടു മാത്രം അവര്‍ ഒഴിവാക്കപ്പെട്ടത്. സ്ത്രീ ആദരിക്കപ്പെടാത്ത യാഗാദിക്രിയകള്‍ വിഫലങ്ങളാകുമെന്ന് മനുസ്മൃതി പറഞ്ഞെങ്കില്‍ എല്ലാ നാരികളെയും വന്ദിക്കുന്നതിന് വേണ്ടി ബിജെപി കൊണ്ടുവന്ന ബില്‍ സ്ത്രീയെ അനാദരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ട മന്ദിരത്തില്‍ അവതരിപ്പിക്കപ്പെട്ടത് കൊണ്ടുതന്നെ വിഫലമാണ്, നാരീനിന്ദയാണ്. ഇത് ബിജെപിയുടെ പ്രത്യയശാസ്ത്രത്തിലെ സ്ത്രീസമീപനത്തിന്റെ ഭീകരത തുറന്നുകാണിക്കുന്നു. രണ്ടാമത്തെ കാര്യം ബില്ലില്‍ എക്കാലത്തെയുംപോലെ ചേര്‍ത്തുവയ്ക്കപ്പെടുന്ന അര്‍ധോക്തികളാണ് പക്ഷെ, എന്നാല്‍ തുടങ്ങിയവ. ഇന്ത്യയില്‍ 2011ലാണ് അവസാനമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. ജാതി അടിസ്ഥാനത്തില്‍ ജനസംഖ്യാ വര്‍ധനവ് രേഖപ്പെടുത്തുന്ന കണക്കെടുപ്പ് 2021ല്‍ നടത്തുമെന്ന് 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 2018 സെപ്റ്റംബറില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിക്കുകയുണ്ടായി. കേവലഭൂരിപക്ഷവും എല്ലാ സ്വതന്ത്ര സംഘങ്ങളുടെയും നിയന്ത്രണവും കെെവെള്ളയില്‍ ഒതുക്കിയിട്ടും ബിജെപി എന്തുകൊണ്ട് ആ സര്‍വേ നടത്തിയില്ല. ഇന്ത്യയിലെ സമ്പത്ത് വിതരണം സംബന്ധിച്ച് ആഗോള ദാരിദ്ര്യ വിവരശേഖരണ സംഘടനയായ ഓക്സ്ഫാം 2020ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 10 ശതമാനം സമ്പന്നരുടെ കെെകളില്‍ 74.3 ശതമാനവും 40 ശതമാനം വരുന്ന മധ്യവര്‍ഗത്തിന്റെ കെെകളില്‍ 22.9 ശതമാനവും 50 ശതമാനം വരുന്ന ദരിദ്രവര്‍ഗത്തിന്റെ കെെകളില്‍ 2.8 ശതമാനവും സമ്പത്താണുള്ളത്. ഈ കണക്ക് ബിജെപിയുടെ സവര്‍ണ സ്നേഹത്തിന്റെ സാമ്പത്തികക്കൊള്ള തുറന്നുകാണിക്കുന്നു എന്നതുകൊണ്ട് തന്നെ ഇനിയുമൊരു ജനസംഖ്യാ കണക്കെടുപ്പിന് ബിജെപി മുതിരില്ല.

സമ്പന്ന വര്‍ഗമെന്ന സവര്‍ണവര്‍ഗത്തിനു വേണ്ടി രാജ്യത്തെ കടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബിജെപി-ആര്‍എസ്എസ് സഖ്യം 50 ശതമാനം വരുന്ന ദരിദ്ര ജനവിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുകാലത്തും നിലകൊള്ളില്ല. വനിതാസംവരണ ബില്‍ ജനസംഖ്യാ കണക്കെടുപ്പും മണ്ഡല നിര്‍ണയവും പൂര്‍ത്തിയാക്കിയ ശേഷം നടപ്പിലാക്കുമെന്ന് പറയുന്നത് രാജ്യത്തെ സ്ത്രീകളോടുള്ള വഞ്ചനയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രശ്നമല്ലാത്ത ജനസംഖ്യാ കണക്കെടുപ്പ് വനിതാസംവരണ ബില്ലില്‍ പ്രശ്നമാകുന്നതിലെ തട്ടിപ്പ് ഇന്ത്യന്‍ സ്ത്രീകള്‍ തിരിച്ചറിയണം. ഒമ്പത് വര്‍ഷം കേവലഭൂരിപക്ഷമുണ്ടായിരുന്ന ബിജെപി പാര്‍ലമെന്റ് കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രത്യേക പാര്‍ലമെന്റ് ചേര്‍ന്ന് പുതിയ മന്ദിരത്തിലെ അഭിമാനബില്ല്, രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടി എന്നൊക്കെയുള്ള നാടകപ്രഭാഷണങ്ങളിലൂടെ അവതരിപ്പിച്ച് പാസാക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. 2029ല്‍ നടപ്പിലാക്കാനാകൂ എന്നറിഞ്ഞിട്ടും പ്രത്യേക സമ്മേളനം ചേര്‍ന്ന് നടത്തിയ നാടകത്തിലെ വേഷക്കാരോടാണ് രണ്ട് ചോദ്യങ്ങള്‍. ഒന്ന്: എന്തുകൊണ്ട് നിയമം ഉടന്‍ നടപ്പിലാക്കുന്നില്ല? രണ്ട്: വര്‍ഷങ്ങള്‍ ഒമ്പതുണ്ടായിട്ടും ഒരിക്കല്‍പോലും കൊണ്ടുവരാതിരുന്ന ബില്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടാക്കി കൊണ്ടുവന്ന് പ്രത്യേക സമ്മേളനം ചേര്‍ന്നതിന്റെ ചെലവ്, ഇന്ത്യയിലെ സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നായതുകൊണ്ട് ആ ധൂര്‍ത്തിന് മോഡി സര്‍ക്കാര്‍ സമാധാനം പറയണം? മിന്നുന്നതെല്ലാം പൊന്നല്ലെന്ന് അറിയാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്ന് ഓര്‍മ്മിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.