19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 3, 2024
December 3, 2024
December 2, 2024
December 1, 2024
November 30, 2024
November 23, 2024
November 22, 2024
November 21, 2024
November 21, 2024

സ്ത്രീ സുരക്ഷയില്‍ മോഡിയുടെ ഇന്ത്യ വീണ്ടും വീണ്ടും പിറകോട്ടോടുന്നു

പിങ്കി മുരളി
July 27, 2023 11:15 pm

രു വശത്ത് സ്ത്രീയെ ദേവിയായി ആരാധിക്കുന്നു, മറുവശത്ത് സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി കൊന്നുതീര്‍ക്കുന്നു. ഇതാണ് ഭാരതത്തിന്റെ നിലവിലെ അവസ്ഥ. കൊച്ചുകുട്ടികള്‍ മുതല്‍ വയോധികരായ സ്ത്രീകള്‍ പോലും ഇന്ന് രാജ്യത്ത് സുരക്ഷിതരല്ല. സ്‌ത്രീസുരക്ഷയിൽ ഇന്ത്യ ഏറെ പിന്നിലാണ്‌.

2018 വരെയുള്ള കണക്കുകള്‍ പ്രകാരം ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങളായ 193 രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന അഞ്ച് രാഷ്ട്രങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. 2019ല്‍ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ രണ്ട് മിനിറ്റിൽ ഒരു തവണയും ഒരു മണിക്കൂറിൽ 26 തവണയും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ നടക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്ത്രീസുരക്ഷയാണ് പരമപ്രധാനമെന്ന് വിളിച്ചോതുന്ന ബിജെപി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 2019 മുതൽ 2021 വരെ കാണതായത് പത്ത് ലക്ഷത്തിലധികം സ്ത്രീകളും പെണ്‍‍കുട്ടികളുമാണെന്ന ‍ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ രണ്ട് വര്‍ഷം കാലയളവിലാണ് ഇത്രയുമധികം സ്ത്രീകളെയും കുട്ടികളെയും കാണാതായിരിക്കുന്നത്. 2021ൽ മാത്രം 18 വയസിന് മുകളിലുള്ള 3,75,058 പെൺകുട്ടികളെ കാണാതായിട്ടുണ്ട്. പോയ രണ്ട് വര്‍ഷം 10,61,648 പേരെയാണ് ആകെ കാണാതായത്. മധ്യപ്രദേശിൽ നിന്ന് 2019 ൽ മാത്രം 52,119 പേരെ കാണാതായി. 2020, 2021 വർഷങ്ങളിൽ 52357, 55704 എന്നിങ്ങനെയാണ് കണക്കുകള്‍.

മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ സ്ത്രീകളെ കാണാതായിരിക്കുന്നത്. 18വയസിൽ താഴെയുള്ള പെൺകുട്ടികളെ കാണാതായ കണക്കിൽ പശ്ചിമ ബംഗാളാണ് മുന്നിലുള്ളത്. 13,278 പേരാണ് പശ്ചിമബംഗാളിൽ നിന്ന് 2021ൽ കാണാതായത്. 2019ൽ മഹാരാഷ്ട്രയിൽ 63,167 സ്ത്രീകളെ കാണാതായി . 2020 ൽ 58,735, 2021ൽ 56,498 എന്നിങ്ങനെയാണ് കണക്കുകള്‍. 90,113 പെൺകുട്ടികളെയും സംസ്ഥാനത്ത് നിന്ന് കാണാതിയിട്ടുണ്ട്.

സ്‌കൂളുകൾ, കോളജുകൾ, തൊഴിലിടങ്ങൾ, പൊതുസ്ഥലങ്ങൾ, ട്രെയിനുകൾ തുടങ്ങിയ എല്ലാ പൊതുയിടങ്ങളിലും സ്ത്രീകൾ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. രാജ്യതലസ്ഥാനത്തുണ്ടായ നിർഭയ സംഭവത്തെത്തുടർന്ന്‌ സ്‌ത്രീസുരക്ഷയ്‌ക്കായുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. എന്നാല്‍ ഇത് കടലാസില്‍ മാത്രം ഒതുങ്ങി.

2017ലാണ് യുപിയിലെ ഉന്നാവോയില്‍ 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുൽദീപ് സിങ് സെന്‍ഗാര്‍ എന്ന ബിജെപി നിയമസഭാംഗമായിരുന്നു. ഇരയായ പെണ്‍കുട്ടിയും പിതാവും നീതി തേടി 2018ല്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിയിൽ ആത്മാഹുതിക്ക് ശ്രമിച്ചതോടെയാണ് വാര്‍ത്ത മാധ്യമ ശ്രദ്ധ നേടുന്നത്. ഇതിനിടെ, പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2019ല്‍ ഇതേ പെണ്‍കുട്ടിയെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നു. അതേ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളാണ്  മരണപ്പെട്ടത്. കേസില്‍ മുഖ്യപ്രതിയായ സെന്‍ഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

2018ല്‍ കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ പൂജാരി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ തലകുനിക്കാനിടയാക്കി. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നടക്കുന്നു. ബിജെപി അധികാരത്തിലേറിയ ശേഷമുള്ള ഈ ഒമ്പത് വര്‍ഷകാലയളവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. 2016ൽ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കാണാതായ സ്ത്രീകളുടെ എണ്ണം 1,74,021 ആയിരുന്നത് 2017ൽ 1,88,382 ആയി ഉയർന്നു, 2018ൽ 2,23,621 ആയി. 2017ൽ 63,349 ആയിരുന്നത് 2018ൽ 67,134 ആയി ഉയർന്നു. കാണാതാകുന്ന സ്ത്രീകള്‍ പ്രധാനമായും മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഡൽഹി എന്നിവടങ്ങളില്‍ നിന്നാണ്. കുട്ടികളാകട്ടെ പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ബിഹാർ, ഡൽഹി എന്നി സംസ്ഥാനങ്ങളില്‍ നിന്നും. മുംബൈ, പൂനെ, കൊൽക്കത്ത, ഇൻഡോർ, പട്‌ന, ഡൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് ഭൂരിഭാഗവും കുട്ടികളെ കാണാതാകുന്നത്.

മണിപ്പൂരില്‍ മേയ് നാലിന് ഗോത്രവർഗ സ്ത്രീകള്‍കളെ നഗ്നരാക്കി നടത്തിച്ചും ബലാത്സംഗം ചെയ്തും ക്രൂരവിനോദം നടത്തിയ സംഭവം ഞെട്ടലോടെയാണ് ലോകം കേട്ടത്. വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ബിരേന്‍ സിങ് സര്‍ക്കാരും മോഡിക്കൊപ്പം മൗനം പാലിച്ചത് അത്യന്തം വേദനയുളവാക്കുന്ന ഒന്നായിരുന്നു. മണിപ്പൂരിലെ കലാപത്തേക്കാളുപരി സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിപോലും ആശങ്ക അറിയിച്ച് സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രതികരിക്കാന്‍ 78 ദിവസം വേണ്ടിവന്നു. സ്ത്രീ സുരക്ഷയും അതിന്മേല്‍ സ്വീകരിക്കുന്ന നടപടിയുമാണ് മോഡി സംസാരിച്ചത്. എന്നാല്‍ മണിപ്പൂരിലെ സംഭവത്തോടൊപ്പം ചേര്‍ത്തുകെട്ടാവുന്ന ഉത്തര്‍പ്രദേശിലെയടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൂരകൃത്യങ്ങളൊന്നും ഉരിയാടിയില്ല. “കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവയ്‌ക്കൊപ്പം മണിപ്പൂരിലെയും ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിന്, പ്രത്യേകിച്ച് അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിമാര്‍ തയ്യാറാവണം” എന്നായിരുന്നു മോഡിയുടെ വാക്കുകള്‍. അവിടെയും രാഷ്ട്രീയം കാണുകയായിരുന്നു മോഡി. ഈ നിലപാട് ബിജെപി സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ തുടരുന്ന ക്രൂരതകള്‍ക്ക് ആക്കം കൂട്ടുമെന്നതാണ് വസ്തുത.

Eng­lish Sam­mury: wom­en’s safe­ty report in nation­al crime records bureau

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.