സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് എറണാകുളത്തിന്റെ മണ്ണില്‍ കൊടി ഇറങ്ങുമ്പോള്‍ ഒരുപിടി മികച്ച താരങ്ങളുടെ ഉദയത്തിനും മൈതാനം സാക്ഷ്യം വഹിച്ചു. 12-ാം ക്ലാസില്‍ പഠനം കഴിയുന്നതോടെ ചില കായികതാരങ്ങളും ഗ്രൗണ്ടിനോട് എന്നന്നേക്കുമായി വിട പറയും. എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് അവസാനിച്ച അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവച്ച ഒരുപിടിതാരങ്ങളുണ്ട്.
മുഹമ്മദ് അമീന്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിന്നും രണ്ട് റെക്കോഡുകള്‍ അടക്കം മൂന്ന് സ്വര്‍ണമാണ് ഈ മിടുക്കന്‍ ഓടി എത്തിയത്. 3000, 1500 മീറ്ററര്‍ ഓട്ടത്തില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ അമീന്‍ മേളയുടെ അവസാന ദിവസം ക്രോസ് കണ്‍ട്രിയിലും സ്വര്‍ണം നേടി. മലപ്പുറം ചീക്കോട് കെഎംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അമീന്‍ ഈ മേളയോടെ സംസ്ഥാന സ്കൂള്‍ കായിക മത്സരങ്ങളില്‍ നിന്ന് വിട പറയുകയാണ്.
കെ സി സെര്‍വന്‍
സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും പുതിയ മീറ്റ് റെക്കോഡുകള്‍ കുറിച്ചാണ് സെര്‍വന്‍ സംസ്ഥാന സ്‌കൂള്‍ കായികമേളുടെ ട്രാക്കില്‍ നിന്ന് പടിയിറങ്ങിയത്. രണ്ടിനങ്ങളിലും ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനമാണ് സെര്‍വന്‍ നടത്തിയത്. കാസര്‍കോട് കുട്ടമത്ത് ഗവ. എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ സെര്‍വന്‍ ആദ്യം സീനിയര്‍ ഷോട്ട്പുട്ടില്‍ 5 കിലോ വിഭാഗത്തില്‍ 17.74 മീറ്റര്‍ എറിഞ്ഞാണ് റെക്കോഡുകള്‍ തിരുത്തിയത്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയിലും മിന്നുന്ന പ്രകടനമാണ് സെര്‍വന്‍ കാഴ്ചവച്ചത്. എറണാകുളത്തും തന്റെ ഇനങ്ങളില്‍ കുത്തക ഉറപ്പിച്ചാണ് സെര്‍വന്‍ മടങ്ങുന്നത്.
നിവേദ്യ കലാധര്‍
പാലക്കാട് കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ നിവേദ്യ കലാധര്‍ രണ്ട് സ്വര്‍ണവുമായാണ് ഫോം തുടര്‍ന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പാലക്കാടിന്റെ ഈ മിടുക്കി നേരത്തെ 800 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. കൊടുവായൂര്‍ തേങ്കുറിശ്ശി സ്വദേശിയായ ഈ 10-ാം ക്ലാസുകാരി 400 മീറ്ററില്‍ വെങ്കലവും നേടിയിട്ടുണ്ട്.
എം അമൃത്
കായികമേളയില്‍ മൂന്ന് വട്ടമാണ് എം അമൃത് പൊന്‍വേട്ട നടത്തിയത്. പാലക്കാട് ജില്ലയുടെ അഭിമാനം വാനോളമുയര്‍ത്തിയാണ് അമൃത് മൂന്ന് വട്ട്ം വിക്ടറി സ്റ്റാന്‍ഡില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ , 400 മീറ്റര്‍, 800 മീറ്റര്‍ ഇനങ്ങളിലാണ് ഈ മിടുക്കന്‍ സ്വര്‍ണമണിഞ്ഞത്. പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ വിദ്യാര്‍ഥിതിയാണ് അമൃത്. മേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണജേതാവാണ് ഈ മിടുക്കന്‍. വരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലും മിന്നുംപ്രകടനം തുടരുമെന്ന ഉറപ്പ് നല്‍കിയാണ് അമൃത് മടങ്ങുന്നത്.
വിജയ്‌കൃഷ്ണന്‍
അഞ്ചാം ദിനത്തിലെ റെക്കോഡ് വരള്‍ച്ചയ്ക്ക് അറുതി വരുത്തിയത് തൃശൂരിന്റെ വിജയ് കൃഷ്ണന്റെ മിന്നും പ്രകടനമാണ്. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് പോരാട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ വിജയ് കൃഷ്ണന്‍ റെക്കോഡ് നോട്ടത്തോടെയാണ് സ്വര്‍ണം നേടിയത്. ട്രാക്കിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് വിജയ് കൃഷ്ണന്‍ കാഴ്ച്ച വച്ചത്.
നിയാസ് എ ഹംസ
കാഴ്ച പരിമിതി മറികടന്ന് സബ് ജൂനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം ഓടി നേടിയ നിയാസ് എ ഹംസയുടെ പ്രകടനം കായികപ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുകയാണ്. 12.40 സെക്കന്‍ഡില്‍ ഓടി കയറിയാണ് നിയാസ് സ്വര്‍ണം അണിഞ്ഞത്. കാസര്‍കോട് ജിഎച്ച്‌എസ്എസ് അംഗഡിമുഗര്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിയാസ്. വരുംകാലത്തും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒരുപാട് മെഡല്‍ വാരിക്കൂട്ടാന്‍ സാധ്യതകളുള്ള ഭാവിയുടെ വാഗ്‌ദാനമായിട്ട് നിയാസിനെ വിലയിരുത്താം.
അന്‍സ്വാഫ് കെ അഷറഫ്
കായികമേളയിലെ വേഗരാജപട്ടം സ്വന്തമാക്കിയാണ് അന്‍സ്വാഫ് സ്കൂള്‍ കായികമേളയോടെ വിട പറയുന്നത്. എറണാകുളം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അന്‍സ്വാഫ് സീനിയര്‍ വിഭാഗം 100 മീറ്റര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ മിന്നും പ്രകടനവുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. എറണാകുളത്ത് നടക്കുന്ന മേളയില്‍ എറണാകുളത്തുകാരന്‍ തന്നെ വേഗമേറിയതാരം ആയതിന്റെ സന്തോഷം കായികപ്രേമികള്‍ക്ക് സമ്മാനിക്കാനും അന്‍സ്വാഫിന് സാധിച്ചു. 10.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അന്‍സ്വാഫ് സുവര്‍ണനേട്ടത്തിലേയ്ക്ക് ഓടി കയറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.