
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം കമ്മ്യൂണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഐടി നഗരമായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാനാകും. കേരളത്തിലെ തദ്ദേശതലസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
കെ-ഡിസ്‌ക്കിന്റെ നേതൃത്വത്തില്‍ നോളജ് ഇക്കണോമി മിഷന്‍ മുഖേന നൈപുണ്യ പരിശീലനം നല്‍കുന്നു. പഠനത്തോടൊപ്പം ആവശ്യമായ നൈപുണ്യവും സമ്പാദിക്കാനാണിത്. പഠനം കഴിഞ്ഞവര്‍ക്കും തൊഴില്‍ ലഭിക്കാത്തവര്‍ക്കും അതാത് മേഖലയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്നതിനും സൗകര്യം ഒരുക്കി. പല കാരണങ്ങള്‍ കൊണ്ടും ജോലി ഉപേക്ഷിക്കേണ്ടി വന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരിശീലനത്തിലൂടെ നൈപുണ്യവും തൊഴിലവസരവും ഉറപ്പാക്കും.
കൊട്ടാരക്കരയില്‍ ഐടി പാര്‍ക്കിന് പുറമേ സംസ്ഥാനത്തെ ആദ്യത്തെ ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്‌സിറ്റിയുടെ റീജ്യണല്‍ സെന്റര്‍ എന്നിവ കൂടി സ്ഥാപിക്കും. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മുനിസിപ്പല്‍ ആസ്ഥാനനിര്‍മ്മാണം എന്നിവയുടെ നടപടി പുരോഗമിക്കുന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനവുമായി.
ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാല്‍ അധ്യക്ഷനായി. പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, കഴിവുള്ള പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരിച്ച് എത്തിക്കുക, കേരളത്തെ ആഗോള സ്‌കില്‍ ഡെവലപ്‌മെന്റ് ഹബ്ബായി ഉയര്‍ത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പറഞ്ഞു. വര്‍ക്ക് നിയര്‍ ഹോമിലെ 150 സീറ്റുകളില്‍ 80 എണ്ണവും വിവിധ കമ്പനികള്‍ ഏറ്റെടുത്തു. അതിവേഗ ഇന്റര്‍നെറ്റ്, ശീതീകരണമുള്‍പ്പെടെ അത്യാധുനിക തൊഴില്‍ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. 80 കോടിയിലധികം രൂപ ചിലവഴിച്ച് 1500 പേര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന രവിനഗറിലെ ഐടി പാര്‍ക്ക് രണ്ടാംഘട്ട ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയാണ്. എഴുകോണ്‍ പോളിടെക്‌നിക്കില്‍ ഡ്രോണ്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട കോഴ്‌സ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.