
നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് കോൺഗ്രസ് എംപിമാർ രംഗത്ത്. 6 എംപിമാരാണ് കെപിസിസി നേതൃത്വത്തെ ആഗ്രഹം അറിയിച്ച് മണ്ഡലങ്ങളിൽ സജീവമായത്. അമ്പലപ്പുഴയിൽ നിന്നും മത്സരിക്കാൻ കെ സി വേണുഗോപാലും അഴിക്കോട് കെ സുധാകരനും തിരുവനന്തപുരം സെൻട്രലിൽ ശശി തരൂരും ആറൻമുളയിൽ ആന്റോആന്റണിയും അടൂരിൽ കൊടിക്കുന്നിൽ സുരേഷും കോന്നിയിൽ അടൂർ പ്രകാശും സജീവമായി രംഗത്തുണ്ട്. പാലക്കാട് മത്സരിക്കാൻ ഷാഫി പറമ്പിൽ സന്നദ്ധത അറിയിച്ചെങ്കിലും കെപിസിസി നേതൃത്വം എതിർത്തുവെന്നാണ് സൂചന.
ഇത് സംബന്ധിച്ച ചോദ്യത്തോട് മത്സരിക്കാന്‍ ഷാഫിക്ക് താല്‍പ്പര്യമുണ്ടെങ്കിലും പുയ്യാപ്ലയെ വടകരക്കാര്‍ വിടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. അധ്യക്ഷന്‍ തമാശ പറഞ്ഞതാണെങ്കിലും കൃത്യമായ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ചെന്നായിരുന്നു ഷാഫിയുടെ മറുപടി. കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞഘട്ടത്തില്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കാന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചിരുന്നു. ഇത് ഹൈക്കമാൻഡ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുധാകരൻ സ്ഥാനമൊഴിഞ്ഞത്.
കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണിയുടെ പേര് അവസാനഘട്ടം വരെ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുക്കം സണ്ണി ജോസഫിനെ തീരുമാനിക്കുകയായിരുന്നു. അന്ന് ആന്റോ ആന്റണിക്ക് വേണ്ട പരിഗണന നല്‍കുമെന്ന് എഐസിസി പറഞ്ഞിരുന്നു. ഈ ആനുകൂല്യം ആന്റോ ആന്റണി നിയമസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചാ ഘട്ടത്തില്‍ ഉപയോഗപ്പെടുത്തിയേക്കും.
മണ്ഡലങ്ങളിലെ വിവാഹ ചടങ്ങുകളിലും മരണ വീടുകളിലും കയറിയിറങ്ങി വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് നേതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.