10 December 2025, Wednesday

Related news

December 7, 2025
December 6, 2025
December 3, 2025
December 1, 2025
November 25, 2025
November 24, 2025
November 23, 2025
November 21, 2025
November 18, 2025
November 16, 2025

വര്‍ക്കിങ് വിമണ്‍ ഫോറം അഞ്ചാം സംസ്ഥാന സമ്മേളനം സെമിനാര്‍ സംഘടിപ്പിച്ചു

സ്വന്തം ലേഖിക
തിരുവനന്തപുരം
September 16, 2025 9:57 pm

സ്ത്രീ ശാക്തീകരണ രംഗത്ത് കേരളമാണ് രാജ്യത്ത് മുന്നിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വര്‍ക്കിങ് വിമണ്‍ ഫോറം (എഐടിയുസി) അഞ്ചാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുരുഷനോടൊപ്പം എല്ലാ മേഖലയിലും ഇപ്പോള്‍ സ്ത്രീകള്‍ കടന്നു വന്നിട്ടുണ്ട് എന്നത് വലിയ യാഥാര്‍ത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു. കേരളം ഒരു വ്യത്യസ്ത സംസ്ഥാനമാണ്. എല്ലാ മേഖലകളിലും സ്ത്രീകളെ പരിഗണിക്കാന്‍ പറ്റുന്ന തരത്തില്‍ കേരളം ഉയര്‍ന്നു. അതുകൊണ്ടാണ് ത്രിതല പഞ്ചായത്തുകളില്‍ ആദ്യം മുപ്പത്തിമൂന്ന് ശതമാനം സംവരണവും ഇപ്പോള്‍ അമ്പതു ശതമാനവും സംവരണത്തിലൂടെ സ്ത്രീകള്‍ ഭരണ രംഗത്തേക്ക് കടന്നു വന്നിട്ടുള്ളത്. ഇങ്ങനെ ഭരണ രംഗത്ത് വന്നവരെല്ലാം ശാക്തീകരിക്കപ്പെടുകയാണ്. സമൂഹത്തില്‍ ഇവരിലൂടെ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. അഴിമതി ഇല്ലാത്ത ഭരണം നടപ്പാക്കാന്‍ വലിയ ലക്ഷ്യത്തോടെ ഈ സ്ത്രീകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

നഗരസഭകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ ഏറ്റെടുത്ത് മുന്നോട്ടു പോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. അതിനെതിരായി ശക്തമായ സമരങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മുപ്പത്തി മൂന്ന് ശതമാനം സംവരണമെങ്കിലും പാര്‍ലമെന്റില്‍ വന്നെങ്കില്‍ സംസ്ഥാന നിയമസഭയിലും അത് പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരുപാട് സമരങ്ങള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വനിതാ സംവരണബില്‍ കൊണ്ടുവന്നെങ്കിലും പിന്നീട് അതേക്കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല. 2028 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോലും വനിതാ സംവരണ ബില്‍ നടപ്പാക്കാന്‍ കഴിയാത്ത തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. വനിതാ സംവരണ ബില്‍ നടപ്പാക്കാനായി രാജ്യത്തെ സ്ത്രീകള്‍ സമരരംഗത്തേക്ക് ഇറങ്ങേണ്ട സ്ഥിതിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ ഇപ്പോള്‍ സ്ത്രീ ശാക്തീകരണത്തിന്റെ കാലഘട്ടമാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രതികരിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട്. എല്ലാ രംഗങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം ഉണ്ടെങ്കിലും തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെ ഒട്ടേറെ പ്രശ്നങ്ങള്‍ നടക്കുന്ന കാലഘട്ടമാണ് ഇത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വര്‍ക്കിങ് വിമണ്‍ ഫോറത്തിനു കഴിയണമെന്നും മന്ത്രി ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാറില്‍ വര്‍ക്കിങ് വിമണ്‍ ഫോറം ജനറല്‍ സെക്രട്ടറി കെ മല്ലിക സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം എസ് സുഗൈത കുമാരി അധ്യക്ഷത വഹിച്ചു. പുരോഗമന സാംസ്ക്കാരിക പ്രവര്‍ത്തക ഗീത നസീര്‍, വര്‍ക്കിങ് വിമണ്‍ ഫോറം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. സി ഉദയകല എന്നിവര്‍ വിഷയാവതരണം നടത്തി. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, ദേശീയ സെക്രട്ടറി ആര്‍ പ്രസാദ്, സംസ്ഥാന സെക്രട്ടറി ആര്‍ സജിലാല്‍, വര്‍ക്കേഴ്സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എലിസബത്ത് അസീസി, വര്‍ക്കിങ് വിമണ്‍ ഫോറം സംസ്ഥാന ഭാരവാഹി കെ ദേവകി, ജില്ലാ പ്രസിഡന്റ് ഡി ദീപ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കവിതാ സന്തോഷ് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.