7 November 2024, Thursday
KSFE Galaxy Chits Banner 2

ലോക അൽഷിമേഴ്‌സ് ദിനം — സെപ്റ്റംബർ 21

Janayugom Webdesk
Dr. Sushanth M. J.
September 21, 2024 4:38 pm

നമ്മുടെ ജീവിതത്തിലുടനീളം നമുക്ക് വിലമതിക്കാൻ കഴിയാത്ത ഏറ്റവും നിർണ്ണായകമായ കാര്യങ്ങളിലൊന്നാണ് ഓർമ്മകൾ. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകൾ ആണ് ഓർമ്മകൾ. ഓർമകളുടെ അടിസ്ഥാനത്തിലാണ് ജീവിത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. അവ നമ്മുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നു. മുൻകാല തെറ്റുകളിൽ നിന്ന് നമുക്ക് സ്വയം തിരുത്താം. ഓർമ്മകൾ നശിച്ചു പോവുക എന്നതാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി.
ഓർമ്മകൾ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് demen­tia അഥവാ സ്‌മൃതിനാശം എന്ന് പറയുന്നത്. ലോകത്തിൽ ആകമാനം 50 ദശലക്ഷം പേർക്ക് demen­tia ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത് 4 ദശലക്ഷത്തിന് അടുത്ത് വരും.
ഓർമ്മക്കുറവ് മാത്രമല്ല അത് കാരണം ഉണ്ടാകുന്ന ആശയക്കുഴപ്പവും രോഗിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ ബാധിക്കുന്നു. വികാരങ്ങളുടെ നിയന്ത്രണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രോഗികളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബാധിക്കുന്നു. ഓർമ്മകളെ മാത്രമല്ല, ഒരാളുടെ മാനസിക കഴിവുകളായ പഠനം, ചിന്ത, ന്യായം അന്യായം വേർതിരിക്കാനുള്ള കഴിവ്, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, കൃത്യമായ തീരുമാനമെടുക്കൽ, ഏകാഗ്രത എന്നിവയെയും പ്രതികൂലമായി ബാധിക്കുന്നു.
തലച്ചോറിൽ നമ്മുടെ ഓർമ്മകൾ സൂക്ഷിക്കുന്ന കോശങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് tem­po­ral lobe എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാൽ ഈ കോശങ്ങൾ നശിച്ചു പോകുമ്പോഴാണ് demen­tia ഉണ്ടാകുന്നത്. പ്രായാധിക്യം മൂലം കോശങ്ങൾ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, തലോച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങൾ, സ്ട്രോക്ക്, വിറ്റാമിൻ ബി 12 , thi­amine, തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ ഒക്കെ dementiaയുടെ കാരണങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം പ്രായധിക്യം മൂലം ഓർമ്മകോശങ്ങൾ നശിച്ചു പോകുന്ന alzheimer’s രോഗമാണ്.

പ്രായം കൂടുന്നതനുസരിച്ച്‌ അൽഷിമേഴ്‌സ് വരാനുള്ള സാദ്ധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും അൽഷിമേഴ്‌സ് വരാനുള്ള സാദ്ധ്യതയുണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതിരക്താദി സമ്മർദ്ദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം, ഒക്കെ മറവിരോഗം വരാനുള്ള സാദ്ധ്യത കൂട്ടുന്നു.

ഈ ഒരു രോഗാവസ്ഥയെ പറ്റി സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ മാസം alzheimer’s dis­ease മാസമായും സെപ്റ്റംബർ 21 alzheimers ദിനമായും ആചരിക്കുന്നു. ഈ വർഷത്തെ തീം എന്നത് “Time to act on demen­tia, Time to act on Alzheimer’s” എന്നതാണ്. അതായത് ‘ഡിമെൻഷ്യയ്ക്കെതിരെ പ്രവർത്തിക്കാനുള്ള സമയമായി , അൽഷിമേഴ്‌സിനെതിരെ പ്രവർത്തിക്കാനുള്ള സമയമായി ’ എന്നതാണ്. ഡിമെൻഷ്യയോടുള്ള വിവേചന മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനു വേണ്ടി ആഗോള ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 62% രോഗിയെ പരിചരിക്കുന്ന ആളുകൾ ഡിമെൻഷ്യ വാർദ്ധക്യത്തിൻ്റെ ഭാഗമായി വരുന്ന ഒരു സാധാരണ അവസ്ഥയാണെന്ന് തെറ്റായി കണക്കാക്കുന്നു. 35% രോഗിയെ പരിചരിക്കുന്നവർ ഡിമെൻഷ്യയുടെ രോഗനിർണ്ണയം മറച്ചു വയ്ക്കുന്നു. കൂടാതെ പൊതുജനങ്ങളിൽ 4‑ൽ 1 പേരും ഡിമെൻഷ്യയെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കരുതി, അതിനു ചികിത്സ തേടാതിരിക്കുന്നു. ഇത്തരത്തിലുള്ള സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ഈ പ്രചാരണത്തിൻ്റെ പ്രാധാന്യം അടിവരയിടുന്നു.
Alzheimer’s രോഗലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ ഒട്ടും താമസിക്കാതെ തുടങ്ങുകയും ചെയ്യുക എന്നതും പ്രാധാന്യം അർഹിക്കുന്നു. അതോടൊപ്പം Alzheimer’s രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ തന്നെ ചേർത്തുനിർത്തുകയും വേണം.

ഡിമെൻഷ്യയ്ക്കുള്ള അപകട ഘടകങ്ങൾ താഴെ പറയുന്നവയാണ്.

വ്യായാമക്കുറവ്

മുതിർന്നവർ ഓരോ ആഴ്‌ചയും 150 മിനിറ്റ് മിതമായ എയ്‌റോബിക് ആക്‌റ്റിവിറ്റി അല്ലെങ്കിൽ 75 മിനിറ്റ് തീവ്രമായ എയ്‌റോബിക് ആക്‌റ്റിവിറ്റി ലക്ഷ്യമിടാൻ ശുപാർശ ചെയ്യുന്നു.

പുകവലി

അമിതമായ മദ്യപാനം

വായു മലിനീകരണം

ഭരണാധികാരികൾ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണം, പ്രത്യേകിച്ച് ഉയർന്ന വായു മലിനീകരണമുള്ള പ്രദേശങ്ങളിൽ.

തലയ്ക്ക് പരിക്ക് എൽക്കുന്നത്

സാമൂഹിക സമ്പർക്കം കുറയുന്നത്

ഒരു ക്ലബ്ബിലോ കമ്മ്യൂണിറ്റി ഗ്രൂപ്പിലോ ചേരുന്നത് സാമൂഹികമായി സജീവമായി തുടരാനുള്ള നല്ല മാർഗ്ഗമാണ്.

കുറഞ്ഞ വിദ്യാഭ്യാസം

ആദ്യകാല ജീവിതത്തിലെ താഴ്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം Alzheimer’s വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ്. എല്ലാവരുടെയും ബാല്യകാല വിദ്യാഭ്യാസത്തിന് ഭരണാധികാരികൾ മുൻഗണന നൽകണം.

അമിതവണ്ണം

പ്രത്യേകിച്ച് മദ്ധ്യവയസ്സിലുള്ള പൊണ്ണത്തടി ഡിമെൻഷ്യ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഹൈപ്പർടെൻഷൻ

പ്രമേഹം

വിഷാദം

വിഷാദരോഗം നിയന്ത്രിക്കുന്നതും ചികിത്സിക്കുന്നതും പ്രധാനമാണ്, കാരണം അത് alzheimer’s രോഗം വരാനും അതിന്റെ തീവ്രത കൂട്ടുവാനും കാരണമാകുന്നു.

ശ്രവണ വൈകല്യം

കേൾവിക്കുറവുള്ള ആളുകൾക്ക് ഡിമെൻഷ്യ വരാനുള്ള സാദ്ധ്യത ഗണ്യമായി വർദ്ധിക്കുന്നു. ശ്രവണസഹായികൾ ഉപയോഗിക്കുന്നത് അപകടസാധ്യത കുറയ്ക്കുന്നതായി കാണുന്നു.

സാധരണയായി പ്രായമേറിയവരിലാണ് മറവിരോഗം കാണുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം പറയപ്പെടുന്നു. അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മർദ്ദം എന്നിവയാണ് ഇത്തരക്കാരിൽ പലരുടെയും ഓർമ്മക്കുറവിനു കാരണം. വളരെ അപൂർവ്വമായി പാരമ്പര്യമായ അൽഷിമേഴ്‌സ് രോഗം ചെറുപ്പക്കാരിൽ കാണപ്പെടുന്നു.

65 നു മേൽ പ്രായമുള്ളവരിൽ ചെറിയ മറവികൾ സ്വാഭാവികമാണ്. പലർക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കിൽ ചെറിയ സൂചനകൾ കൊടുത്താലോ ഒക്കെ മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കും. എന്നാൽ അൽഷിമേഴ്‌സ് രോഗത്തിന്റെ തുടക്കമാണേൽ എത്ര ശ്രമിച്ചാലും അത് ഓർത്തെടുക്കാൻ പറ്റിയെന്നു വരില്ല.

പ്രായമുള്ളവരിൽ സാധനങ്ങൾ എവിടെ വച്ചെന്ന് മറന്നു പോകുന്നത് സ്വാഭാവികമാണ്. എന്നാൽ alzheimer രോഗികൾ ഇത്തരത്തിൽ മറന്നു പോകുന്നു എന്ന് മാത്രമല്ല അത് വയ്ക്കുന്നത് നമ്മൾ സാധാരണയായി അത്തരം സാധനങ്ങൾ വയ്ക്കാത്ത സ്ഥലങ്ങളിലായിരിക്കും. ഉദാഹരണത്തിന് താക്കോൽ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക, പേഴ്സ് വാഷിംഗ് മെഷീന് അകത്തിടുക പോലുള്ള സംഭവങ്ങൾ കാണാൻ സാധിക്കും. അത് പോലെ സന്ദർഭത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നതും കാണാം. ചൂടുള്ള സമയത്ത് സ്വറ്റർ ഉപയോഗിക്കുന്നത് ഉദാഹരണം. പ്രായമുള്ളവർ അവർ മുമ്പ് നടത്തിയ സംഭാഷണങ്ങളിൽ ചിലതൊക്കെ മറക്കുന്നത് പതിവാണ്. എന്നാൽ alzheimer രോഗത്തിൽ അത്തരം ഒരു സംഭാഷണം നടന്നതായി തന്നെ അവർ മറന്നു പോകും. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടും. പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി തെറ്റി പോകാം. എല്ലാത്തിലും വിരക്തി തോന്നുകയും സ്വയം ഉൾവലിഞ്ഞ് ഏകാന്തമായി ഇരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യും. ദീർഘനേരം ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നതും, കൂടുതൽ സമയം ഉറങ്ങാനായി ചിലവിടുന്നതും പതിവാണ്. പെട്ടെന്ന് തന്നെ ദേഷ്യവും സങ്കടവും ഒക്കെ മാറി മാറി വരികയും ചെയ്യും. അകന്ന പരിചയത്തിലുള്ളവരുടെ പേരുകൾ ഒക്കെ മറന്നു പോകുന്നത്, സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. രോഗത്തിന്റെ ഈ പ്രാഥമിക ഘട്ടം രണ്ടു മൂന്നു വർഷം വരെ നീണ്ടു നിൽക്കും.

ഓർമ്മക്കുറവ് കൂടാതെയുള്ള മറ്റു പ്രധാന പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്. ഒരിക്കൽ എളുപ്പമായിരുന്ന ജോലികൾ ഇപ്പോൾ ചെയ്‌തു പൂർത്തിയാക്കുന്നതിൽ ഉള്ള ബുദ്ധിമുട്ടു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബുദ്ധിമുട്ട്. മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങൾ; സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിൻവലിഞ്ഞു ഏകാന്തമായി ഇരിക്കാൻ ഇഷ്ടപ്പെടുക. ആശയവിനിമയത്തിലെ പ്രശ്നങ്ങൾ, എഴുതുന്നതും സംസാരിക്കുന്നതോ ഒക്കെ പ്രയാസമായി. സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം.
കാണുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്.

രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ മറവിയുടെ തീവ്രത ക്രമേണ കൂടുന്നു. അടുത്ത കുടുംബാംഗങ്ങളുടെ പേര് വരെ മറന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപെടുവാനും ഇവർക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാൽ അവർ കഴിയുന്നത്ര സ്വന്തം ലോകത്തിൽ ഒതുങ്ങി കൂടുന്നു. ദൈനംദിന കാര്യങ്ങളിൽ വരെ പരസഹായം വേണ്ടി വരുന്നു. കൂടെയുള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും, അവർ തന്നെ അപകടപ്പെടുത്താൻ ശ്രമിക്കും എന്നുള്ള മിഥ്യാബോധം രോഗികളിൽ ഉണ്ടാകുന്നു. ഇത് രോഗികളെ പരിചരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ദിശാബോധം നഷ്ടമാവുകയും ചെയ്യുന്നു. അവർക്ക് പുറത്തു തനിയെ യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും പലപ്പോഴും വീട്ടിലേക്കുള്ള വഴി തെറ്റി അലഞ്ഞു നടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. സ്വന്തം വ്യക്തിശുചിത്വത്തിൽ ശ്രദ്ധ കുറയുകയും ചെയ്യുന്നു. ഈ ഒരു രണ്ടാം ഘട്ടം എട്ടു തൊട്ട് പത്തു വർഷം വരെ നീണ്ടു നിൽക്കുന്നു.
മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമ്മകൾ പൂർണ്ണമായും നശിക്കുകയും സ്വന്തം അസ്ഥിത്വം വരെ മറന്നു പോവുകയും ചെയ്യുന്നു. ക്രമേണ ചലനശേഷി നശിക്കുകയും പൂർണ്ണ സമയവും കിടക്കയിൽ തന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിൽ താല്പര്യം കുറയുകയും പോഷണക്കുറവും ശരീരഭാരത്തിൽ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയിൽ കുറവ് വരുത്തുകയും അടിക്കടിയുള്ള അണുബാധ മരണത്തിനു കാരണമാവുകയും ചെയ്യുന്നു.

ചികിത്സാ രീതികൾ

പൂർണ്ണമായും ഭേദമാക്കാൻ പറ്റുന്ന ഒരു രോഗമല്ല അൽഷിമേഴ്‌സ് രോഗം. എന്നാൽ വളരെ നേരത്തെ തന്നെ രോഗനിർണ്ണയം നടത്തിയാൽ ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങൾ വച്ചും ഓർമ്മശേഷി നിർണ്ണയിക്കുന്ന ചോദ്യാവലികൾ ഉപയോഗിച്ചുമാണ് രോഗനിർണ്ണയം നടത്തുന്നത്. മറവിരോഗത്തിന് മറ്റു കാരണങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ത പരിശോധനകളും തലച്ചോറിന്റെ CT അല്ലെങ്കിൽ MRI സ്കാനും ചെയ്യേണ്ടതായി വരും. അൽഷിമേഴ്‌സ് രോഗം ആണെന്ന് ഉറപ്പു വരുത്തിയാൽ ഓർമ്മശക്തി കൂട്ടുന്നതിന് വേണ്ടിയുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിക്കണം. അതോടൊപ്പം തന്നെ കൃത്യമായ ശരീര വ്യായാമവും, പോഷകമൂല്യമേറിയ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടിയുള്ള വിനോദങ്ങളും cross­word puz­zles , ചെസ്സ് തുടങ്ങിയ ബൗദ്ധിക വ്യായമത്തിനുള്ള കളികളും ഓർമ്മശക്തി കൂട്ടാൻ സഹായിക്കും. നിത്യേന diary ‚അല്ലെങ്കിൽ ചെറുനോട്ടുകൾ, മൊബൈൽ reminders ഒക്കെ ഉപയോഗിക്കാൻ രോഗിയെ പരിശീലിപ്പിക്കണം. ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ള സാധനങ്ങൾ രോഗിയുടെ മുറിയിൽ എളുപ്പം കൈയ്യെത്തുന്ന സ്ഥലത്തു തന്നെ വയ്ക്കണം. രോഗിയെ പരിചിരിക്കുന്നവർക്ക് രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെ പറ്റിയും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നവർ അടിയ്ക്കടി മാറുന്നതും, താമസിക്കുന്ന സ്ഥലം അടിയ്ക്കടി മാറുന്നതും രോഗിക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ അവ കഴിയുന്നത്ര ഒഴിവാക്കണം. രോഗിയിൽ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ചികിത്സ നൽകേണ്ടതുമാണ്.

അൽഷിമേഴ്‌സ് രോഗമോ മറ്റൊരു ഡിമെൻഷ്യയോ ഉള്ള ഒരാൾക്ക് പരിചരണം നൽകുന്നത് പ്രതിഫലദായകവും അതേ സമയം വെല്ലുവിളി നിറഞ്ഞതുമാണ്. ഡിമെൻഷ്യയുടെ പ്രാരംഭ ഘട്ടത്തിൽ, ഒരു വ്യക്തി സ്വതന്ത്രനായി തുടരുകയും വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരികയുള്ളു. എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോൾ, പരിചരണത്തിന്റെ ആവശ്യകതകൾ കൂടി കൂടി വരികയും , ഒടുവിൽ മുഴുവൻ സമയ പരിചരണം ആവശ്യമായി വരികയും ചെയ്യും.

അൽഷിമേഴ്‌സിന്റെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വശങ്ങളിലൊന്ന് അത് വരുത്തുന്ന സ്വഭാവത്തിലുള്ള മാറ്റങ്ങളാണെന്ന് പരിചരിക്കുന്നവരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നാം പലപ്പോഴും കേൾക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ, മധ്യ, അവസാന ഘട്ടങ്ങളിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എങ്ങനെ പൊരുത്തപ്പെടണമെന്നും രോഗിയെ പരിചരിക്കുന്നവരെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. ഇത്തരത്തിൽ രോഗിയെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കാൻ Alzheimer’s & Relat­ed Dis­or­ders Soci­ety of India (ARDSI) പോലുള്ള സന്നദ്ധ സംഘടനകൾ ഉണ്ട്. അവരുമായി ബന്ധപെട്ട് ഈ അസുഖത്തെ പറ്റിയും പരിചരിക്കുന്നതിന്റെ വിവിധ വശങ്ങളെ പറ്റിയും ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.
അൽഷിമേഴ്‌സ് പൂർണ്ണമായി ഭേദമാക്കുന്ന ഒരു ചികിത്സയുടെ അഭാവത്തിൽ, ഡിമെൻഷ്യയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രായോഗിക മാർഗ്ഗം എന്നത് അൽഷിമേഴ്‌സ് വരുന്നത് പരമാവധി തടയുക എന്നതാണ്. കഴിയുന്നത്ര ആരോഗ്യകരമായ ഭക്ഷണം കഴിക്കുക — നിങ്ങൾ കഴിക്കുന്ന ഭക്ഷണ ഗ്രൂപ്പുകളെ വൈവിധ്യവത്കരിക്കുകയും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുക. പ്രാദേശികവും വിലകുറവുള്ളതുമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തിഗത ഭക്ഷണക്രമമാണ് ഏറ്റവും നല്ലത്. വ്യായാമം — നടത്തം, ബൈക്ക് റൈഡിംഗ്, നീന്തൽ, നൃത്തം എന്നിവ പ്രധാനമാണ്. ഇപ്പോഴും എന്തെങ്കിലും പുതിയത് പഠിച്ചു കൊണ്ടേ ഇരിക്കുക. അങ്ങനെ മസ്തിഷ്കത്തെ എപ്പോഴും പ്രവർത്തനസജ്ജമായി നിലനിർത്തുക.

ഹൃദ്രോഗമോ മറ്റു ജീവിതശൈലി രോഗങ്ങളോ ഉണ്ടെങ്കിൽ അവയ്ക്ക് കൃത്യമായ ചികിത്സ തേടണം. മനുഷ്യർ സാമൂഹിക മൃഗങ്ങളാണ്; സാമൂഹികമായി കൂടുതൽ ഇടപെടലുകൾ നടത്തുന്നത് ഓർമ്മശക്തി കൂട്ടുക മാത്രമല്ല വിഷാദവും ഒറ്റപ്പെടലും കുറയ്ക്കുകയും ചെയ്യുന്നു.
പൊതുവായ ശാരീരിക ആരോഗ്യം ശ്രദ്ധിക്കുക — പല്ലുകളുടെ ആരോഗ്യം പരിശോധിക്കുക, തലയ്ക്ക് പരിക്കേൽക്കാതിരിക്കുക, മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പുകവലിക്കുകയോ അമിതമായ അളവിൽ മദ്യം കുടിക്കുകയോ ചെയ്യരുത്. 

- ശ്രവണ നഷ്ടം ഉള്ളവർക്ക് ഒരു ശ്രവണസഹായി ലഭിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്. ഇത് മറവിയുടെ തീവ്രത മന്ദഗതിയിലാക്കുന്നു. ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ ശ്രവണസഹായി യന്ത്രങ്ങൾ ആവശ്യമുള്ളവരിലേക്ക്‌ എത്തിക്കാൻ ഗവൺമെൻ്റുകളെയും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെയും പ്രോത്സാഹിപ്പിക്കണം. സുരക്ഷിതമായ വ്യായാമത്തിനുള്ള ഹരിത ഇടങ്ങൾ, വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പോളിസികൾ, സാർവത്രിക വിദ്യാഭ്യാസം (പ്രത്യേകിച്ച് പെൺകുട്ടികൾക്ക്), എല്ലാവർക്കും പ്രപ്യമായ ചെലവ് കുറഞ്ഞ ആരോഗ്യപരിരക്ഷ, അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളെക്കുറിച്ചുള്ള നിയന്ത്രണങ്ങൾ/ മാർഗ്ഗനിർദ്ദേശം തുടങ്ങിയ വിഷയങ്ങൾ ഗവൺമെൻ്റുകൾ കൈകാര്യം ചെയ്യണം. പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ അവബോധം ഉണ്ടാക്കാൻ അവിഭാജ്യ പങ്ക് വഹിക്കാൻ കഴിയുന്ന കമ്മ്യൂണിറ്റി പബ്ലിക് ഹെൽത്ത് സിസ്റ്റങ്ങൾക്ക് ധനസഹായം നൽകുക എന്നതും ഗവണ്മെന്റുകളുടെ ചുമതലയാണ്.

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.