
ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്ക് നിരാശയോടെ മടക്കം. പുരുഷന്മാരുടെ 20 കിലോമീറ്റർ റേസ് വാക്കില്‍ മത്സരിച്ച ഇന്ത്യൻ താരം സെർവിൻ സെബാസ്ത്യൻ 31-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 25‑കാരനായ സെര്‍വിന്‍ 1:23:03 സമയത്തിലാണ് ഫിനിഷ് ചെയ്തത്, സ്വർണമെഡൽ ജേതാവായ ബ്രസീലിന്റെ കയോ ബോൺഫിം 1:18:35 സമയത്തില്‍ ഫിനിഷ് ചെയ്തു. ചൈനയുടെ ഷാവോഷാവോ വാങ്, സ്പെയിനിന്റെ പോൾ മക്ഗ്രാത്ത് എന്നിവർ വെള്ളിയും വെങ്കലവും നേടി.
കഴിഞ്ഞ മൂന്ന് എഡിഷനുകളിൽ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾ വെറുംകൈയോടെ മടങ്ങുന്നത് ഇതാദ്യമാണ്. 2023 ൽ ബുഡാപെസ്റ്റിൽ നടന്ന അവസാന എഡിഷനിൽ, നീരജ് ചോപ്ര പുരുഷ ജാവലിൻ ത്രോയിൽ ലോക ചാമ്പ്യനായി. അതിന് മുന്‍വർഷം യൂജീനിൽ വെള്ളി നേടിയതിന് ശേഷമായിരുന്നു ഇത്. ഇത്തവണ നീരജ് നിരാശപ്പെടുത്തിയപ്പോള്‍ എട്ടാം സ്ഥാനത്തേക്ക് വഴിമാറി.
പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സച്ചിൻ യാദവിന്റെ നാലാം സ്ഥാനം ഈ സീസണിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായി തുടരുന്നു. കഴിഞ്ഞദിവസം വനിതാ ജാവലിനില്‍ പ്രതീക്ഷയായിരുന്ന അന്നു റാണി ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായി. പുരുഷ 5000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡ് ജേതാവായ ഗുൽവീർ സിങ്ങും ഫൈനലിലേക്ക് യോഗ്യത നേടിയില്ല. പുരുഷന്മാരുടെ ഹൈജമ്പിൽ ആറാം സ്ഥാനവുമായി സർവേഷ് കുഷാരെ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു,. ഫൈനലിൽ 2.28 മീറ്റർ ഉയരം ചാടി മികച്ച വ്യക്തിഗത പ്രകടനവും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. മറ്റാരുടെയും എടുത്തുപറയാന്‍ തക്ക പ്രകടനമൊന്നും ഉണ്ടായിട്ടില്ല.
ട്രിപ്പിൾ ഒളിമ്പിക് ഹെപ്റ്റാത്തലൺ ചാമ്പ്യൻ നഫിസാറ്റൗ തിയാം അഞ്ച് ഇവന്റുകള്‍ക്ക് ശേഷം മത്സരത്തിൽ നിന്ന് പിന്മാറി. ബെല്‍ജിയന്‍ അത്‌ലറ്റിക് ഫെഡറേഷനുമായി തര്‍ക്കത്തിലായിരുന്ന താരം നിലവില്‍ ആറാം സ്ഥാനത്തായിരുന്നു. ഫെഡറേഷന്റെ നിലപാടുകളാണ് മോശം പ്രകടനത്തിനിടയാക്കിയതെന്ന് താരം കണ്ണീരോടെ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.