21 January 2026, Wednesday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

കൃഷി വകുപ്പിന്റെ ‘കേര’ പദ്ധതിയ്ക്ക് ലോക ബാങ്കിന്റെ അനുമതി

* 2365.5 കോടി രൂപയുടെ ബൃഹദ് പദ്ധതി 
* 1655.85 കോടി രൂപ അനുവദിച്ചു
* നാല് ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും 10 ലക്ഷം പേര്‍ക്ക് പരോക്ഷമായും പ്രയോജനം
Janayugom Webdesk
തിരുവനന്തപുരം
November 4, 2024 9:06 pm

കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കർഷക വരുമാനം വർധിപ്പിക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് രൂപം നല്‍കിയ ‘കേര’ (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രി-വാല്യൂ ചെയിൻ) പദ്ധതിയ്ക്ക് ലോകബാങ്കിന്റെ അനുമതി. ഒക്ടോബർ 31 ന് ചേര്‍ന്ന ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് യോഗം സംസ്ഥാന കൃഷി വകുപ്പ് സമർപ്പിച്ച 2365.5 കോടി രൂപയുടെ ബൃഹദ്ത് പദ്ധതിക്ക് അംഗീകാരം നൽകുകയും 200 മില്യൺ ഡോളറിന്റെ(1655.85 കോടി രൂപ) ധനസഹായം അനുവദിക്കുകയും ചെയ്തു. ഇതിൽ ആനുപാതിക സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. കേരളത്തിലെ കാർഷിക മേഖലയിൽ അടുത്ത അഞ്ച് വർഷങ്ങളിലായി ഇതു പ്രകാരമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ തുക കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്താൻ കേരളത്തിലെ കാർഷിക മേഖലയെ സഹായിക്കും. കാലാവസ്ഥാനുപൂരകമായ കൃഷി രീതികൾ അനുവർത്തിക്കുന്നതിലൂടെ ഏകദേശം നാല് ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിൽ സ്ത്രീകൾ നടത്തുന്ന ചെറുകിട ഇടത്തരം കാർഷിക സംരംഭങ്ങൾക്കുള്ള വാണിജ്യ സഹായമായി ഒമ്പത് മില്യൻ ഡോളറിന്റെ (76 കോടി രൂപ) പ്രത്യേക ധന സഹായവും ഉൾപ്പെടുന്നു. 1980 നു ശേഷം ഇതാദ്യമായാണ് കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ലോക ബാങ്ക് സഹായത്തോടെയുള്ള ഒരു സമഗ്ര പദ്ധതി തയ്യാറാകുന്നതെന്നും മന്ത്രി പറഞ്ഞു.
കാപ്പി, ഏലം, റബ്ബർ തുടങ്ങിയ വിളകളുടെ പുനർ നടീലിനും അവയുടെ ശാസ്ത്രീയ കൃഷി രീതി അവലംബിക്കുന്നതിനും പദ്ധതി തുക പ്രയോജനപ്പെടുത്തും. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ ഭക്ഷ്യ സംസ്കരണത്തിലും മൂല്യവർധിത ഉല്പന്നങ്ങളിലും കാർഷിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ‘ഫുഡ് പാർക്കുകൾ’ ആരംഭിക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകും. വെള്ളം, വൈദ്യുതി, മാലിന്യ സംസ്കരണം തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങൾ ഈ ഫുഡ് പാർക്കുകളിൽ ഒരുക്കുവാനും പദ്ധതിയിലൂടെ സാധ്യമാകും. കാർഷിക മേഖലയിലെ നിക്ഷേപം കൂടുതൽ ഊർജസ്വലമാക്കുവാനും കാർഷിക മൂല്യ ശൃംഖലകളെ സംയോജിപ്പിക്കുവാനും കർഷക ഗ്രൂപ്പുകളും കാർഷിക ബിസിനസുകളും തമ്മിൽ ഉല്പാദനപരമായ സഖ്യങ്ങൾ രൂപീകരിക്കുവാനും പദ്ധതി സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

കൃഷിക്കൂട്ടം, കർഷക ഉല്പാദന സംഘടനകൾ വഴി കാർഷിക സംരംഭകരെ വാർത്തെടുത്ത് മൂല്യവർധിത ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പദ്ധതി തുക പ്രയോജനപ്പെടുത്തും. പൊതുമേഖലയുടെ സഹായം ലഭ്യമാക്കി ഉല്പാദകരും ഗുണഭോക്താക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുവാനും അഗ്രി-ടെക് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കാർബൺ ബഹിർഗമനം കുറച്ചു കൊണ്ട് നെല്ലിന്റെ ഉല്പാദനക്ഷമത വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ ഉദ്ദേശത്തോടെ പദ്ധതി തുകയിൽ നിന്ന് 500 കോടി രൂപ മുതൽ മുടക്കി നെൽകൃഷി പ്രോത്സാഹിപ്പിക്കും. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

 

തുക അനുവദിച്ചത് അഞ്ച് ഘടകങ്ങളായി

അഞ്ച് ഘടകങ്ങളായി തിരിച്ചാണ് കേര പദ്ധതിക്ക് ലോക ബാങ്ക് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. കൃഷിയിലെ കാലാവസ്ഥാ പ്രതിരോധവും ലഘൂകരണവും ആണ് ഒന്നാമത്തെ ഘടകം. 790. 439 കോടി അനുവദിച്ചിരിക്കുന്ന ഈ ഘടകത്തിൽ കാർഷിക പാരിസ്ഥിതിക യുണിറ്റുകൾ ആധാരമാക്കി കാലാവസ്ഥാ പ്രതിരോധ കൃഷി നടപ്പാക്കും. കർഷകർക്ക് നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാവുന്ന രീതിയിലുള്ള വിജ്ഞാന വ്യാപന സംവിധാനവും ഏർപ്പെടുത്തും. കാലാവസ്ഥയെ പ്രതിരോധിക്കുന്ന മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും രീതികളും വികസിപ്പിക്കും. 14 ജില്ലകളിലുള്ള വിജ്ഞാന വിപുലീകരണ, സേവന ദാതാക്കളുടെയും കർഷകരുടെയും ശേഷി വികസിപ്പിക്കും, കാലാവസ്ഥയും കാലാവസ്ഥാ ഡാറ്റയും അടിസ്ഥാനമാക്കിയുള്ള വിള മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കും, സുസ്ഥിര നാളികേര ഉല്പാദനത്തിന് പ്രാധാന്യം നൽകും.
മൂല്യവർധനക്കായി കാർഷിക മേഖലയിലെ ചെറുകിട സംരഭങ്ങളുടെ വാണിജ്യവല്‍ക്കരണം വർധിപ്പിക്കുന്നതാണ് രണ്ടാമത്തെ ഘടകം. 899.136 കോടിയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഫാർമർ പ്രൊഡ്യൂസർ കമ്പനികളും പങ്കാളിത്ത അഗ്രിബിസിനസും തമ്മിലുള്ള ഉല്പാദന സഖ്യത്തിനുള്ള പിന്തുണ, റബ്ബർ, കാപ്പി, ഏലം വിളകളുടെ പുനരുജ്ജീവനത്തിന്റെ ഭാഗമായി ഭാഗിക ക്രെഡിറ്റ് ഗ്യാരന്റി വഴി ദീർഘകാല ധനസഹായം എന്നിവ ഇതില്‍ ഉൾപ്പെടുന്നു. കാർഷിക മേഖലയിലെ സംരഭകത്വ വികസനം ലക്ഷ്യമിടുന്നതാണ് മൂന്നാമത്തെ ഘടകം. 508.898 കോടി അനുവദിച്ചിട്ടുള്ള ഈ ഘടകത്തില്‍ അഗ്രി-ഫുഡ് എസ്എംഇകൾക്കുള്ള പിന്തുണ, അഗ്രി-ഫുഡ് മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് സ്റ്റാർട്ട്-അപ്പുകൾക്കുള്ള പിന്തുണ, കർഷക ഉല്പാദന സംഘടനകൾക്കുള്ള പിന്തുണ, ഫുഡ് പാർക്കുകൾക്കുള്ള പിന്തുണ എന്നിവയാണ് ഉൾപ്പെടുന്നത്. പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ആണ് നാലാമത്തെ ഘടകം. അഞ്ചാമത്തേത് കാർഷിക മേഖലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിട്ടുന്നതിനുള്ള കണ്ടിജന്റ് എമർജൻസി റെസ്‌പോൺസ് ഘടകവും (സിഇആർസി) കാലാവസ്ഥ ധനസഹായവുമാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.