
ആരോഗ്യ വകുപ്പിന് കീഴിൽ ലോക ബാങ്ക് സഹായത്തോടെ കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്ന 3,400 കോടിയോളം രൂപയുടെ (400 മില്യൺ യുഎസ് ഡോളർ) പദ്ധതിക്ക് ലോക ബാങ്ക് അന്തിമാനുമതി നൽകി. പദ്ധതിയുടെ 70 ശതമാനമായ 2400 കോടിയോളം രൂപ (280 മില്യൺ ഡോളർ) ലോക ബാങ്കും ബാക്കി സംസ്ഥാനവുമാണ് വഹിക്കുന്നത്. 2023ൽ പ്രാഥമിക അംഗീകാരം ലഭിച്ചതിനെ തുടർന്ന് കേരളം വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. തുടർന്ന് ലോക ബാങ്കുമായി നടത്തിയ ചർച്ചകൾക്ക് ശേഷം നടന്ന ലോക ബാങ്കിന്റെ ജനറൽ ബോഡിയാണ് അന്തിമ അംഗീകാരം നൽകിയത്.
ആരോഗ്യ മേഖലയിൽ വലിയ വികസനമാണ് സാധ്യമാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രോഗ്രാം ഫോർ റിസൾട്ട് മാതൃകയിൽ ആരോഗ്യ രംഗത്ത് വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം ആവിഷ്‌ക്കരിച്ചത്. ഉയർന്ന ജീവിത നിലവാരം, ആയുർദൈർഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങൾ, അപകടങ്ങൾ, അകാല മരണം എന്നിവയിൽ നിന്ന് മുക്തമായ ജീവിതം കെട്ടിപ്പെടുക്കുന്നതിനും ജനങ്ങളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഉയർന്നുവരുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.