
കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ. ആദുനിക ഉപകരണങ്ങൾ ഉൾപ്പെടെ 449 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി രാജീവ് ആമുഖ പ്രഭാഷണം നടത്തും.
കാൻസർ ചികിത്സാ, ഗവേഷണ രംഗത്തെ ഒരു പുതിയ മുന്നേറ്റമായിരിക്കും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ, കാൻസർ രോഗികൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. വളരെയേറെ രോഗികൾക്ക് ഇതാശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
കളമശ്ശേരി മെഡിക്കൽ കോളേജ് കാമ്പസിലെ 12.63 ഏക്കർ സ്ഥലത്ത് 63 ലക്ഷം ചതുശ്ര അടി വിസ്തീർണമുള്ള ഒമ്പത് നില കെട്ടിടമാണ് കാൻസർ സെന്ററിനായി നിർമ്മിച്ചിരിക്കുന്നത്. 16 ലിഫ്റ്റുകൾ, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 550 കാറുകൾക്ക് പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സങ്കീർണമായ ശസ്ത്രക്രിയകൾക്കായി സജ്ജീകരിച്ച 12 ഓപ്പറേഷൻ തിയേറ്ററുകളുണ്ട്. ഇതിൽ ഒന്ന് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്. മറ്റ് കാൻസർ സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഗവേഷണ ആവശ്യങ്ങൾക്കായി മാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്.
സ്കാനിങ്, എക്സ്റേ, റേഡിയേഷൻ തുടങ്ങിയവയ്ക്ക് ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ എഡ്ജ് സർട്ടിഫിക്കറ്റ് കിട്ടുന്ന ആദ്യത്തെ ആശുപത്രി കെട്ടിടമാണ് ഇത്. ആവശ്യമായിട്ടുള്ള വൈദ്യുതി പൂർണമായും സോളാർ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കെട്ടിടം 25 ശതമാനം കാർബൺലെസ് ആണ്. 2050 ൽ കേരളം പൂർണമായും കാർബൺ ന്യൂട്രൽ ആവുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അതിനു കൂടി സഹായകമാകുന്ന ഒരു ഗ്രീൻ ബിൽഡിങ് ആണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ.
എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങളിൽ ഒന്നായി കാൻസർ റിസർച്ച് സെന്റർ ഇടംപിടിക്കുമ്പോൾ ഇതിനായി പ്രയത്നിച്ച കാൻസർ സൊസൈറ്റി, ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർ മൂവ്മെന്റ്, മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും വിവിധ കൂട്ടായ്മകളും നടത്തിയ പോരാട്ടങ്ങൾക്ക് കൂടിയുള്ള അംഗീകാരമാണിത്.
ഉദ്ഘാടന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. സിസിആർസി സ്പെഷ്യൽ ഓഫിസറും സിയാൽ എംഡിയുമായ എസ് സുഹാസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, കെ ജെ മാക്‌സി, പി വി ശ്രീനിജിൻ, കെ എൻ.ഉണ്ണികൃഷ്ണൻ, ടി ജെ വിനോദ്, ആന്റണി ജോൺ, അനൂപ് ജേക്കബ്, കെ ബാബു, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, റോജി എം ജോൺ, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.