19 December 2025, Friday

Related news

December 16, 2025
December 15, 2025
December 15, 2025
December 12, 2025
December 10, 2025
December 7, 2025
December 5, 2025
December 5, 2025
November 29, 2025
November 28, 2025

സര്‍വകലാശാലകള്‍ക്ക് ലോകോത്തര നിലവാരം; സ്വപ്നപദ്ധതി പാഴായി

എട്ട് വര്‍ഷവും 6,000 കോടിയും നഷ്ടം
Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2025 9:08 pm

രാജ്യത്തെ സര്‍വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി പരാജയപ്പെട്ടു. ജാദവ്പൂര്‍, ജെഎന്‍യു, ഐഐടികള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി ഇഴഞ്ഞുനീങ്ങുന്നതില്‍ പാര്‍ലമെന്ററി സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2016–17 ബജറ്റ് പ്രസംഗത്തില്‍ അന്നത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ദി ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എമിനന്‍സ് (ഐഒഇ) പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് ആഗോള അംഗീകാരം നേടുക, പത്ത് വര്‍ഷത്തിനിടെ ലോകത്തെ 500 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടംനേടുക, തുടര്‍വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച 100 സര്‍വകലാശാലകളുടെ പദവി കൈവരിക്കുക എന്നിവയായിരുന്നു ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെടുന്ന പത്ത് സര്‍വകലാശാലകള്‍ക്ക് ഈ നേട്ടം സാധ്യമാക്കാന്‍ ഓരോ അഞ്ച് വര്‍ഷവും 1000 കോടി ധനസഹായം ഉറപ്പുവരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എട്ട് വര്‍ഷം പൂര്‍ത്തിയായിട്ടും പദ്ധതി വിജയത്തിലെത്തിക്കാന്‍ മോഡി സര്‍ക്കാരിന് സാധിച്ചില്ല. ഇതിനായി ബജറ്റില്‍ വകയിരുത്തിയ 6,000 കോടി രൂപയും പാഴായി. 

2024 ഡിസംബര്‍ 31 വരെയുള്ള കണക്ക് അനുസരിച്ച് എട്ട് സര്‍ക്കാര്‍ സര്‍വകലാശാലകളും നാല് സ്വകാര്യ യുണിവേഴ്സിറ്റികളുമാണ് ഐഒഇ വിജ്ഞാപനം ചെയ്തത്. 20 സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ട സ്ഥാനത്താണ് 12 സ്ഥാപനങ്ങളെ വിജ്ഞാപനം ചെയ്തത്. എന്‍ ഗോപാലസ്വാമി അധ്യക്ഷനായ എംപവേഡ് എക്സ്പര്‍ട്ട് കമ്മിറ്റിയാണ് സര്‍വകലാശാലകളെ തെരഞ്ഞെടുത്തത്. ഇതില്‍ നിന്നും 15 പൊതു സര്‍വകലാശാലകളെയും 15 സ്വകാര്യ സ്ഥാപനങ്ങളെയും ഐഒഇ പദവിക്ക് യുജിസി ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് 20 സ്ഥാപനങ്ങള്‍ക്ക് പദവി നല്‍കാന്‍ തീരുമാനമായി. ജാദവ്പൂര്‍, ജെഎന്‍യു അടക്കം കേന്ദ്ര ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന 44 സ്ഥാപനങ്ങള്‍ ഐഒഇ പദവിക്കായി അപേക്ഷിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. എന്‍ഐആര്‍എഫ്, ക്യൂഎസ് വേള്‍ഡ് യുണിവേഴ്സിറ്റി റാങ്കിങ് അനുസരിച്ചാണ് പദവി നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2018 ല്‍ എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ആറാം സ്ഥാനം നേടിയ ജെഎന്‍യു പട്ടികയില്‍ പിന്തള്ളപ്പെട്ടു. ഇതേ ഗതിയാണ് ജാദവ്പൂരിനും നേരിട്ടത്. പദ്ധതി പ്രഖ്യാപിച്ച് എട്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഐഒഇ പദവി ലഭിച്ച കേവലം എട്ട് സ്ഥാപനങ്ങള്‍ മാത്രമാണ് മികച്ച സര്‍വകലാശാലകളുടെ 500 പട്ടികയില്‍ ഇടം പിടിച്ചത്. ബനാറസ് ഹിന്ദു, ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാലകള്‍ 1001–1200 റാങ്കിലാണ് സ്ഥിതി ചെയ്യുന്നത്. യുണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ റാങ്ക് 801–850 നും ഇടയിലേക്ക് ഇടിഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.