19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
May 30, 2024
May 10, 2024
March 20, 2024
March 15, 2024
November 24, 2023
October 6, 2023
October 5, 2023
October 3, 2023
August 28, 2023

ലോകകപ്പില്‍ പുതിയ മാറ്റങ്ങള്‍; ഇന്ത്യക്ക് അവസരമൊരുങ്ങും !

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
March 20, 2023 8:44 am

ലോകഫുട്ബോളിന്റെ വൈശ്യസുന്ദരമായ അനുഭൂതിയിൽ ലോകത്തെതന്നെ ഒരു കാറ്റുനിറച്ച പന്തിൽ ഒരുമിപ്പിക്കുന്ന പ്രത്യേക അനുഭവമാണ് ഫുട്ബോൾ കളി. ഓരോ നാലുവർഷം കൂടുംതോറും കൂടുതൽ ആവേശവും ജനകീയ പിന്തുണയും വർധിച്ചു വരികയാണ് മത്സരങ്ങൾക്ക്. ഐക്യരാഷ്ട്ര സഭയെക്കാൾ വലിയ കൂട്ടായ്മയാണ് ഫിഫ എന്ന ലോകഫുട്ബോൾ സംഘടന. 1930ൽ ആണ് ആദ്യത്തെ ലോകകപ്പ് മത്സരത്തിന് വിസിലടിച്ചത്. 2022ലാണ് 22-ാമത് ലോക മത്സരപരമ്പര നടന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് മത്സരം നിർത്തേണ്ടി വന്നത് രണ്ടു തവണയാണ്. 1942ലും 46ലും. ഫിഫയുടെ സംഘടനാ ദൗർബല്യവും രാജ്യങ്ങളുടെ വിയോജിപ്പും ആഭ്യന്തര പ്രശ്നങ്ങളും മത്സരത്തിന്റെ ആവേശം പലപ്പോഴും കെടുത്തിയിട്ടുണ്ട്. മാത്രമല്ല ആദ്യത്തെ മത്സരങ്ങളെല്ലാം തന്നെ വേണ്ടത്ര ശ്രദ്ധയോടുകൂടിയതായിരുന്നില്ല.

1950 മുതലാണ് ഈ കളിയുടെ വലുപ്പം രാജ്യങ്ങൾക്ക് തന്നെ ബോധ്യമായിത്തുടങ്ങിയത്. 1950ലെ ബ്രസീൽ ലോകകപ്പോടെ മത്സരഘടനയിലും കളിയുടെ രീതിയിലും വരുത്തിയ മാറ്റങ്ങൾ വളരെയേറെ പ്രശസ്തി വളർത്തി. തുടർന്ന് അഞ്ചു മത്സര പരമ്പരകളിലും 16 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. 82ൽ സ്പെയിനിൽ നടന്ന ലോകകപ്പിൽ 24 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. ഫ്രാൻസിൽ നടന്ന ലോകകപ്പിൽ തുടങ്ങി ഖത്തറിൽ എത്തുന്നതുവരെ 32 ടീമുകൾ ഫൈനൽ റൗണ്ടിൽ പോരാടിയിരുന്നു. കഴിഞ്ഞ ലോകകപ്പ് കാലത്ത് തന്നെ ഫൈനൽ റൗണ്ടിലെ മാറ്റം ചർച്ചയായതാണ്. ലോകത്താകെ വ്യാപിച്ചുകിടക്കുന്ന 206 രാജ്യങ്ങൾ ഫിഫയുടെ കുടുംബത്തിലുണ്ട്. അത്രയും രാജ്യങ്ങൾ ആറു മേഖലകളായി മ­ത്സരിച്ചാണ് ഫൈനൽ റൗണ്ടിൽ വരുന്നത്.

ഖത്തറിൽ മുൻ ചാമ്പ്യന്മാരായ ഇറ്റലിക്കും, മുഹമ്മദ് സലയുടെ ഈജിപ്തിനും 32ൽ കടക്കാൻ പറ്റാത്തത് ഫുട്ബോൾ ആരാധകർക്ക് നൊമ്പരം ഉണ്ടാക്കിയിരുന്നു. ഇത്തരമൊരു സന്നിഗ്‌ധഘട്ടത്തിലാണ് അടുത്തതവണത്തെ മത്സരപരമ്പര ചർച്ചയാവുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള കളിക്കാർക്ക് ലോകകപ്പ് എന്ന മഹാപ്രപഞ്ചത്തിൽ കയറിവരുവാൻ ഇന്നുള്ള കടമ്പകൾ ഏറെയാണ്. ഉദാഹരണമായി ഇന്ത്യയെ തന്നെയെടുക്കാം. ലോകറാങ്കിങ്ങിൽ 104-ാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്ക് ലോകഫുട്ബോളിൽ കളിക്കുകയെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമാണ്. എന്നാൽ ഇന്ന് ഓരോ കളിക്കാരനും ലോകഫുട്ബോൾ ഒരു ജീവിതസാഫല്യമാണ്. പഴയകാലത്ത് ഒളിമ്പിക്സ് ആയിരുന്നു ഫുട്ബോൾ ലോകത്ത് ഹീറോ ആയത്.

തിരുവല്ല പാപ്പനും, ചന്ദ്രശേഖരനും, ദേവദാസും ചുനിൽഗോസ്വാമിയും,അബ്ദുറഹിമാനും ഒക്കെ അന്നത്തെ ഒളിമ്പ്യന്മാരായിരുന്നു. അന്ന് ഒളിമ്പ്യന്മാർക്ക് വലിയ പ്രശസ്തിയും ഉണ്ടായി. 70 വരെ അത് നിലനിന്നു. അതിന് മുമ്പ് സെമിവരെയെത്തി യൂഗോസ്ലാവിയയോട് തോറ്റ ഇന്ത്യ ഇന്ന് റാങ്കിൽ താഴ്ന്നു കഴിയുകയാണ്. ഫിഫ ഇങ്ങനെയുള്ള അവശ രാജ്യങ്ങളുടെ സ്ഥിതി ശരിക്കും മനസിലാക്കിയാണ് ലോകകപ്പിന്റെ ഘടനാ തലത്തിൽ കുറച്ചുകൂടി ടീമുകൾക്ക് സന്ദർഭം നൽകാനുള്ള തീരുമാനമെടുത്തത്. 32ന് പകരം 48ടീമുകളെ ഫൈനൽ റൗണ്ടിലെത്തിക്കാനാണ് പുതിയ തീരുമാനം. അങ്ങനെ വന്നാൽ ഇന്നത്തെ എട്ട് ഗ്രൂപ്പുകൾ മത്സരിക്കുന്ന സിസ്റ്റം മാറും. എട്ട് ഗ്രൂപ്പുകളിൽ നിന്ന് അത് 12 ആയിമാറും. നാലുടീമുകൾ മത്സരിക്കുന്ന 12 ഗ്രൂപ്പിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരായ 24 ടീമുകളും, മൂന്നാം സ്ഥാനത്തുള്ള 12 ടീമുകളിൽ നിന്നായി ഏറ്റവും കൂടുതൽ പോയിന്റുള്ള എട്ട് ടീമുകളും ചേർന്നാൽ 32 ടീമുകൾ ഫൈനൽ റൗണ്ടിലെത്തും. തുടർന്ന് നോക്കൗട്ട് തലത്തിൽ ജയിച്ചു മുന്നേറാം.

മൊത്തം 104 മത്സരങ്ങളാണ് പരമ്പരയിൽ ഉണ്ടാവുക. ഇത് 2022ലേതിനെക്കാൾ 40 കളികൾ കൂടുതൽ ആണ്. ഏഷ്യൻ മേഖലയിൽ നിന്നും ഇത്തവണ നാല് ടീമുകൾ കൂടുതലായി വരും. അങ്ങനെ വന്നാൽ ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ചിറക് വയ്ക്കുമെന്നാണ് പ്രതീക്ഷ. പ­ക്ഷെ ഇന്നത്തെ രീതിയിലാണ് ഇന്ത്യൻ ഫുട്ബോൾ അസോസി­­­യേഷന്റെ നിലയെങ്കിൽ എളുപ്പമല്ല. 2026ലെ ലോകകപ്പ് മൂന്ന് രാജ്യങ്ങൾ ചേർന്നാണ് നടത്തുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവയാണത്. ഖത്തർ ലോകകപ്പിന്റെ സംഘടനാമികവ് ലോകമാകെ ചർച്ച ചെയ്തതാണ്. മുമ്പ് നടത്തിയ രീതിയിൽ തുടരുന്നത് ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല.

Eng­lish Sum­ma­ry: changes in the World Cup; India will have an opportunity
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.