19 December 2025, Friday

Related news

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

വേൾഡ് മാൻ ഓഫ് ദി ഇയർ 2023; ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനൊരുങ്ങി കോഴിക്കോട് സ്വദേശി

Janayugom Webdesk
കോഴിക്കോട്
September 23, 2023 8:54 pm

ഇന്തോനേഷ്യയിൽ നടക്കുന്ന ‘വേൾഡ് മാൻ ഓഫ് ദി ഇയർ 2023’ പുരുഷ മോഡലിങ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് സ്വദേശിയായ രോഹിത് കെ വിജയൻ. 30 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ആദ്യമായാണ് ഒരു മലയാളി പങ്കെടുക്കുന്നത്. പാർവതി ഓമനക്കുട്ടന് ശേഷം അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന മലയാളി കൂടിയാണ് ചേളന്നൂർ കണ്ണങ്കര കിഴക്കേടത്ത് വീട്ടിൽ രോഹിത് വിജയൻ.
കേരളത്തിൽ അത്രയധികം പ്രാധാന്യം ലഭിച്ചിട്ടില്ലാത്ത മോഡലിങ് രംഗത്ത് സ്വപ്രയത്നം കൊണ്ടാണ് രോഹിത് ഉയർന്നുവന്നത്. കുറച്ചു നാളുകൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന മത്സരത്തിൽ മിസ്റ്റർ ഇന്ത്യ പട്ടം ലഭിച്ചതാണ് അന്താരാഷ്ട്ര മത്സരത്തിലേക്ക് വഴിതെളിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 30 പേർ പങ്കെടുത്ത മിസ്റ്റർ ഇന്ത്യ മത്സരത്തിൽ രണ്ടു ദിവസങ്ങളിലായി എട്ട് റൗണ്ടുകളാണുണ്ടായിരുന്നത്. ഇതിലെല്ലാം മുന്നേറിയാണ് രോഹിത് മിസ്റ്റർ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ വ്യക്തിയ്ക്കുള്ള മിസ്റ്റർ സ്റ്റൈൽ ഐക്കൺ പട്ടവും രോഹിതിനായിരുന്നു.

ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്, സോയ ഫ്രോസ്, മീനാക്ഷി ചൗധരി, പിയൂഷ് അഗർവാൾ എന്നിവരുൾപ്പെടുന്ന ജൂറിയായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ. മിസ്റ്റർ ഇന്ത്യ വിജയത്തോടെ വേൾഡ് മാൻ ഓഫ് ദി ഇയർ മത്സരത്തിലേക്ക് രോഹിതിന് നേരിട്ട് സെലക്ഷൻ ലഭിക്കുകയായിരുന്നു. വേൾഡ് മാൻ ഓഫ് ദി ഇയർ മത്സരം ഫിറ്റ്നെസുമായി ബന്ധപ്പെട്ടതല്ലെന്ന് രോഹിത് വ്യക്തമാക്കുന്നു. ഫാഷൻ, സ്റ്റൈൽ, കമ്യൂണിക്കേഷൻ സ്കിൽ എന്നിവയ്ക്കാണ് മത്സരത്തിൽ പ്രധാന്യം നൽകുന്നത്. മിസ് വേൾഡ് മത്സരങ്ങൾ പോലെ വിവിധ റൗണ്ടുകളിലൂടെയാണ് മത്സരം പുരോഗമിക്കുക. നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിലാണ് മത്സരം നടക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുകയെന്ന ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് രോഹിത് വിജയൻ. ഒൻപത് വർഷത്തോളമായി മോഡലിംഗ് രംഗത്തുള്ള രോഹിത് 2021 മുതലാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഇതിനകം നിരവധി നേട്ടങ്ങളാണ് ഈ യുവാവ് സ്വന്തമാക്കിയത്. 2021 ൽ മിസ്റ്റർ കേരള മത്സരത്തിൽ ടോപ് ഫൈവിൽ എത്തി. 2022 ൽ വേൾഡ് ഫിറ്റ് നസ് ഫെഡറേഷന്റെ മിസ്റ്റർ കിംഗ് മോഡൽ ഓഫ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ലുലു മാൻ ഓഫ് ദി ഇയർ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. ചില സിനിമകളിലേക്കും രോഹിതിന് ഇതിനകം അവസരം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരത്തിന് ശേഷം സിനിമയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് രോഹിത്. മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ഉൾപ്പെടെ സ്വന്തമാക്കിയ നാടകപ്രവർത്തകൻ വിജയൻ മലാപ്പറമ്പിന്റെയും രാധമണിയുടെയും മകനാണ് ജേർണലിസം ബിരുദധാരിയും യു കെ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ രോഹിത്.

Eng­lish sum­ma­ry; World Man of the Year 2023; A native of Kozhikode is about to com­pete on behalf of India

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.