ന്യൂസിലാന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് മത്സരങ്ങളും പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ നില പരുങ്ങലിലായി. സ്വന്തം നാട്ടില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ന്യൂസിലാന്‍ഡിനോട് പരമ്പര കൈവിടുന്നത്. ഇതിന് പിന്നാലെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്കും മങ്ങലേല്‍ക്കുന്നത്.
13 മത്സരങ്ങളിൽ നിന്ന് 62.82 പോയിന്റ് ശതമാനമുള്ള ഇന്ത്യ തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിലെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഇന്ത്യയെക്കാൾ 0.32 ശതമാനം മാത്രം പിന്നിലാണ്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 55.56 ശതമാനവും നാലാം സ്ഥാനത്തുള്ള ന്യൂസിലാൻഡിന് 50 ശതമാനവും പോയിന്റുണ്ട്. 47.62 ശതമാനമുള്ള ദക്ഷിണാഫ്രിക്കയാണ് അഞ്ചാമത്. ദക്ഷിണാഫ്രിക്കയ്ക്ക് ഇനി അഞ്ച് മത്സരം ബാക്കിയുണ്ട്. ഇതില്‍ നാലെണ്ണം സ്വന്തം നാട്ടിലാണ്. രണ്ടെണ്ണം വീതം ശ്രീലങ്കയോടും പാകിസ്ഥാനോടും. ഒരെണ്ണം ബംഗ്ലാദേശിനെതിരെ എവേ ഗ്രൗണ്ടില്‍. നാട്ടിലെ സാഹചര്യം മുതലെടുക്കാന്‍ സാധിച്ചാല്‍ പാകിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരെ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരും. ദുര്‍ബലരായ ബംഗ്ലാദേശിനെതിരെ ഒരു ജയമെന്നും പ്രയാസമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളാന്‍ വലിയ സാധ്യതയുണ്ട്.
വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനം ഉൾപ്പെടെ ഇനി ബാക്കിയുള്ള ആറ് ടെസ്റ്റുകളിൽ നാല് എണ്ണമെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് ഫൈനലിന് യോഗ്യത നേടാനാകൂ. ഇല്ലാത്ത പക്ഷം മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിക്കേണ്ടി വരും. നവംബർ ഒന്ന് മുതൽ മുംബൈയിലാണ് ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ അവസാന മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.