
വെനസ്വേലയ്ക്കെതിരായ യുഎസ് നടപടിയില്‍ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. യുഎസ് സൈനിക നടപടികളെ അപലപിച്ചും നിക്കോളാസ് മഡുറോയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. പ്രസിഡന്റ് മിഗുവൽ ഡയസ് കാനലും മന്ത്രിമാരും പ്രതിഷേധങ്ങളില്‍ പങ്കാളികളായി. യുഎസ് നടപടിയെ “ഭരണകൂട ഭീകരത” എന്ന് വിശേഷിപ്പിച്ച ഡയസ് കാനല്‍ മഡുറോയെയും ഭാര്യയെയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
വെനസ്വേലയുടെ എണ്ണ, ഭൂമി, പ്രകൃതി വിഭവങ്ങൾ എന്നിവ പിടിച്ചെടുക്കുക എന്നതാണ് അമേരിക്കയുടെ യഥാർത്ഥ ഉദ്ദേശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദീര്‍ഘകാല സഖ്യകക്ഷിയായ വെനസ്വലേയ്ക്കെതിരായ ആക്രമണം ക്യൂബൻ ജനതയിൽ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്. വെനസ്വേലൻ ജനത തിരഞ്ഞെടുത്ത നിയമാനുസൃത പ്രസിഡന്റാണ് മഡുറോ. അതിനാല്‍ ആ രാജ്യത്ത് വലിയ തോതിലുള്ള സൈനിക നടപടി നടത്താൻ യുഎസ് സർക്കാരിന്, പ്രത്യേകിച്ച് യുഎസ് പ്രസിഡന്റിന് അവകാശമില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ക്യൂബയ്ക്ക് പുറമേ മെക്സിക്കോ, അർജന്റീന, എല്‍ സാല്‍വഡോര്‍, ഇക്വഡോര്‍ എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.
വാഷിങ്ടൺ, ബോസ്റ്റൺ, ലോസ് ഏഞ്ചൽസ്, അറ്റ്ലാന്റ, ചിക്കാഗോ, മിയാമി എന്നിവയുൾപ്പെടെ 100-ലധികം യുഎസ് നഗരങ്ങളിലും വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ‘വെനസ്വേലയ്‌ക്കെതിരെ യുദ്ധം വേണ്ട’ എന്ന മുദ്രാവാക്യവുമായായിരുന്നു യുഎസ് നഗരങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടിയത്. കരീബിയനിൽ നിന്ന് യുഎസ് പുറത്തുകടക്കുക”, “വെനസ്വേലൻ എണ്ണയ്ക്ക് വേണ്ടി യുദ്ധം വേണ്ട”, “യുഎസ് സാമ്രാജ്യത്വത്തിനെതിരെ പ്രതിരോധിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങളും ടൈംസ് സ്ക്വയറിലെ പ്രതിഷേധക്കാര്‍ ഉന്നയിച്ചു.
വെനസ്വേലയ്‌ക്കെതിരായ യുഎസ് അധിനിവേശത്തെ അപലപിച്ച് സിപിഐയുടെയും ഇടതുപക്ഷ പാർട്ടികളുടെയും നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലും വന്‍ പ്രതിഷേധങ്ങള്‍ നടന്നു.
ന്യൂഡൽഹി ജന്തർ മന്തറിൽ സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ), ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, സിജിപിഐ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് ചന്ദ്ര ശര്‍മ്മ, എക്സിക്യൂട്ടീവ് അംഗം ദിനേഷ് ചന്ദ്ര വാഷ്ണെ, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലു, സുചേത ഡേ (സിപിഐ(എംഎല്‍), ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്), ആര്‍ എസ് ദാഗര്‍ (ആര്‍എസ്‌പി), പ്രകാശഅ റാവു (സിജിപിഐ) തുടങ്ങിയവര്‍ സംസാരിച്ചു.
ചെന്നൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, വിജയവാഡ, മുംബൈ, കൊല്‍ക്കത്ത, പട്ന, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലും വന്‍ പ്രതിഷേധങ്ങളുണ്ടായി. സംസ്ഥാനത്ത് ജില്ലാ, മണ്ഡലം കേന്ദ്രങ്ങളിലും പ്രാദേശികമായും വെനസ്വേലയ്ക്ക് ഐക്യാദാര്‍ഢ്യവുമായി പ്രകടനങ്ങള്‍ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.