
ഇന്ത്യ ആതിഥേയരായ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ തുടക്കം. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. ഇതുവരെയും ഏകദിന ലോകകപ്പ് നേടാനാകാത്ത ഇന്ത്യ ഇത്തവണ കന്നിക്കിരീടം ലക്ഷ്യം വച്ചാണ് കളത്തിലെത്തുക. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ, 12 വർഷത്തിന് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാകും ശ്രമിക്കുക. 2005, 2017 എന്നീ വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും വിജയിക്കാനായില്ല.
നിലവിലെ ഫോമിൽ, അടുത്തിടെ ഇംഗ്ലണ്ടിനെ ഏകദിന, ടി20 പരമ്പരകളിൽ തോൽപ്പിച്ച ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. ബാറ്റിങ്ങില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതി മന്ദാനയാണ് പ്രതീക്ഷ. ഈ വർഷം ഓസ്‌ട്രേലിയയ്ക്കെതിരെ തുടർച്ചയായി രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ നാല് ഏകദിന സെഞ്ചുറികൾ സ്മൃതി നേടിയിട്ടുണ്ട്. മറ്റൊരു ഓപ്പണറായ പ്രതിക റാവലുമായി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സ്മൃതിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ മികച്ച സ്കോര്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ നേടാനാകുമെന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തന്റെ അഞ്ചാമത്തെ ലോകകപ്പിനാണ് ഇറങ്ങുന്നത്. വലിയ ടൂർണമെന്റുകൾക്കായി തന്റെ പരമാവധി പ്രകടനം കാഴ്ചവയ്ക്കുന്ന ഹർമൻപ്രീതിന്റെ ശരാശരി 50ൽ കൂടുതലാണ്. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ ഹര്‍മന്‍ സെഞ്ചുറിയും തുടർന്ന് ഓസ്‌ട്രേലിയയ്ക്കെതിരെ അർധസെഞ്ചുറിയും കണ്ടെത്തിയിരുന്നു. പരിക്കിൽ നിന്ന് മോചിതയായ ജെമീമ റോഡ്രിഗസ് ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ 66 റൺസ് നേടിയത് മധ്യനിരയിലെ കരുത്ത് വര്‍ധിപ്പിക്കുന്നു. റിച്ച ഘോഷ്, ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ എന്നിവരും മധ്യനിരയിലെ കരുത്തരാണ്. പരിക്കിൽ നിന്ന് രേണുക സിങ് തിരിച്ചെത്തുന്നത് പേസ് ആക്രമണത്തിന് കരുത്ത് പകരും.
ഏഴ് തവണ കപ്പുയര്‍ത്തിയ ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്‍. എട്ട് ടീമുകളാണ് ഇത്തവണ ലോകകപ്പിനെത്തുക. ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ടീമുകള്‍. ഗ്രൂപ്പ് സ്റ്റേജില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള നാല് ടീമുകള്‍ സെമിഫൈനല്‍ കളിക്കും. ഇന്ത്യയിലെ നാല് വേദികളിലും കൊളംബോയിലെ ഒരു വേദിയിലുമായി റൗണ്ട് റോബിൻ ഫോർമാറ്റിൽ 28 ലീഗ് മത്സരങ്ങളാണ് നടക്കുക. ഇതില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ക്ക് കൊളംബോ വേദിയാകും. പാകിസ്ഥാന്റെ ഏഴ് ലീഗ് ഘട്ട മത്സരങ്ങളും ഒക്ടോബർ 5 ന് ഇന്ത്യക്കെതിരായ മാർക്വീ പോരാട്ടവും ഉൾപ്പെടെ 11 റൗണ്ട് റോബിൻ മത്സരങ്ങളാണ് കൊളംബോയില്‍ നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.