
ആശങ്ക നിറച്ച് ആലപ്പുഴ, കോട്ടയം ജില്ലകളിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ള പ്രദേശങ്ങളിലും കോട്ടയം ജില്ലയിലെ കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലുമാണ് രോഗബാധ കണ്ടെത്തിയത്. താറാവ് കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും കോട്ടയം ജില്ലയിലെയും താറാവ് കർഷകർ മാസങ്ങൾക്കു മുമ്പേ തയ്യാറായിരുന്നു. പൂവൻതാറാവുകളാണ് പ്രധാനമായും ക്രിസ്മസ് വിപണിയിലേയ്ക്ക് എത്തുന്നത്.
2014 ഡിസംബറിൽ ആണ് ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തത്. 2016 ലും 2024ലും രോഗം റിപ്പോർട്ട് ചെയ്തു. താറാവുകൾ കൂട്ടത്തോടെ ചത്തു വീണതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ പല കർഷകരും പിടിച്ചു നിൽക്കാനാവാതെ രംഗം വിട്ടു. ആലപ്പുഴ ജില്ലയിൽ ആയിരത്തിലധികം കർഷകർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 250 ൽ താഴെ ആയി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും വായ്പ്പ എടുത്താണ് പല കർഷകരും താറാവിനെ വളർത്തുന്നത്. മുൻപ് രാജ്യത്ത് വളർത്തുപക്ഷി മേഖലയിൽ പ്രതിവർഷം 4700 കോടി രൂപയുടെ വിനിമയം നടന്നിരുന്നു. പ്രതിവർഷം മുട്ട വ്യവസായത്തിൽ 6 ശതമാനവും ഇറച്ചി വ്യവസായത്തിൽ 12 ശതമാനവും ദേശിയ വളർച്ച നിരക്ക് ഉണ്ടായിരിന്നു. കോവിഡ് പ്രതിസന്ധിയിൽ ഇത് ഗണ്യമായി ഇടിഞ്ഞു. വളർത്തു പക്ഷികളിൽ ഇന്ത്യയിൽ തന്നെ രണ്ടാം സ്ഥാനം താറാവിനാണ്. പാടശേഖരങ്ങളിലെ ജൈവ കീട നിയന്ത്രണത്തിൽ താറാവുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

താറാവ് വളർത്തലിന് ചിലവേറെയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താറാവിന് തീറ്റ കൊടുക്കുവാനും തൊഴിലാളികൾക്ക് വേതനം കൊടുക്കുവാനും മാർഗമില്ലാതെ കർഷകർ ദുരിതത്തിലായിരുന്നു. താറാവ് തീറ്റക്കും ക്ഷാമം രൂക്ഷമായി. താറാവുകൾക്കായി നൽകിയിരുന്ന വില കുറഞ്ഞ മങ്കരിയും കിട്ടാതായി. 1000 താറാവിന് 120 കിലോ അരിയെങ്കിലും വേണം. മുട്ടയിടുന്ന താറാവിന് അത്യാവശ്യമായി നൽകേണ്ടതാണ് ചെമ്മീൻ തല. ചെമ്മീൻ കയറ്റുമതിയിൽ വൻതോതിൽ ഇടിവ് വന്നതോടെ പീലിങ് ഷെഡ്ഡുകളെ ബാധിച്ചു. ഇതോടെ ചെമ്മീൻ തലയും കിട്ടാതായി.

കോവിഡ് പ്രതിസന്ധിക്ക് ശേഷം മുട്ട വിപണനവും പകുതിയിൽ താഴെയായി. ഹോട്ടൽ, തട്ടുകടകൾ, ബജി കടകൾ എന്നിവിടങ്ങളിൽ മുൻപ് ആയിരകണക്കിന് മുട്ടകളാണ് വിറ്റിരുന്നതെങ്കിൽ ഇപ്പോൾ വ്യാപാരം പകുതിയിൽ താഴെയായി കുറഞ്ഞു. താറാവ് ഇറച്ചിക്കും ആവശ്യക്കാർ കുറഞ്ഞു. മുൻ കാലങ്ങളിൽ കുട്ടനാട്ടിലെ ഷാപ്പുകളിലെ പ്രധാന വിഭവങ്ങളിൽ ഒന്നായിരുന്നു താറാവ് കറി. എന്നാൽ അതിനും ഇപ്പോൾ ആവശ്യക്കാർ കുറഞ്ഞു.

മറുനാട്ടിൽ നിന്നെത്തിയ ദേശാടന പക്ഷികളിൽ നിന്നാവാം വൈറസുകൾ താറാവുകളിലേക്ക് പടർന്നത് എന്നാണ് പ്രാഥമിക അനുമാനം. പാടശേഖരങ്ങളിൽ നിരവധി ദേശാടന പക്ഷികളാണ് വിരുന്നിനെത്തുന്നത്. പക്ഷികളിലെ പ്ലേഗ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന രോഗമാണ് ഏവിയൻ ഇൻഫ്ലുവെൻസ അഥവാ പക്ഷിപ്പനി. ഓർത്തോമിക്സ് എന്ന വൈറസ് കുടുംബത്തിലെ ഏവിയൻ ഇൻഫ്ലുവെൻസ എ എന്ന വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. പക്ഷിപ്പനി വൈറസിന് അവയിലടങ്ങിയ ഉപരിതല പ്രോട്ടീനുകളുടെ അടിസ്ഥാനത്തിൽ അനേകം വകഭേദങ്ങളുണ്ട്. അതിൽ ഏറ്റവും മാരകമായതും വേഗത്തിൽ പടരുന്നതുമാണ് എച്ച് 5 എൻ 1 വൈറസ്.

രോഗ തീവ്രത അനുസരിച്ച് പക്ഷിപ്പനി വൈറസുകൾ രണ്ട് വിധം ഉണ്ട്. തീവ്രത കുറഞ്ഞ ലോ പത്തൊജനിക്ക് ഏവിയൻ ഇൻഫ്ലുവെൻസ, ഹൈ പത്തൊജനിക്ക് ഏവിയൻ ഇൻഫ്ലുവെൻസ എന്നിവയാണിത്. ലോ പത്തൊജനിക്ക് ഏവിയൻ ഇൻഫ്ലുവെൻസക്ക് രോഗ ലക്ഷണങ്ങൾ തീർത്തും കുറവായിരിക്കും. മരണ നിരക്കും കുറവാണ്. ലക്ഷണങ്ങൾ പോലും പക്ഷികളിൽ പ്രകടമാകണമെന്നില്ല. എന്നാൽ ഹൈ പത്തൊജനിക്ക് ഏവിയൻ ഇൻഫ്ലുവെൻസ വൈറസ് വേഗത്തിൽ പടർന്നു പിടിക്കും. പക്ഷികൾ കൂട്ടത്തോടെ ചാകുന്നതിനും കാരണമാകും. അതിതീവ്ര വൈറസ് ബാധയിൽ പക്ഷികൾ പച്ചകലർന്ന വയറിളക്കം, തലയും പൂവും നീല നിറം ആകൽ, ശ്വാസം എടുക്കുന്നതിലുള്ള പ്രയാസം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ അനിവാര്യമാണെന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. രോഗ ബാധയേറ്റ പക്ഷികളെ സുരക്ഷാ മുൻകരുതലുകൾ കൂടാതെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകൾ ഏറെയാണ്. ഇൻഫ്ലുവെൻസ വൈറസുകൾ ശരീരത്തിൽ വഹിച്ച് പറക്കുന്ന ദേശാടന പക്ഷികളും കാട്ടുപക്ഷികളും ഏറെയുണ്ട്. പക്ഷികളുടെ ശ്വാസ നാളത്തിലും അന്ന നാളത്തിലുമാണ് വൈറസുകൾ നിലയുറപ്പിക്കുക. രോഗ ബാധിതരായ പക്ഷികൾ അവയുടെ മൂക്കിലും വായിലും കൂടിയുള്ള സ്രവങ്ങളിലൂടെയും കാഷ്ടത്തിലൂടെയും ആണ് വൈറസിനെ പുറം തള്ളുക. സ്രവവും കാഷ്ടവും കലർന്ന വെള്ളം, തീറ്റ, കൃഷിക്കാരുടെ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവ വഴിയും രോഗം പടരും.
മുട്ടയും ഇറച്ചിയും വേവിച്ച് കഴിക്കാം
രോഗ ബാധ ഇല്ലാത്ത പ്രദേശങ്ങളിലെ പക്ഷികളുടെ ഇറച്ചിയും മുട്ടയും വേവിച്ച് കഴിക്കുന്നതിൽ കുഴപ്പമില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.70 ഡിഗ്രി സെലഷ്യസിൽ ചൂടാക്കുമ്പോൾ 3 മുതൽ 5 മിനിറ്റുകൾക്കകം വൈറസുകൾ നശിക്കും. രോഗ ബാധിത മേഖലയിൽ നിന്നുള്ള ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത വേണംപക്ഷിപ്പനിയെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം അനിവാര്യമാണ്. താറാവ്, കോഴി കർഷകർ പക്ഷികളുമായി ഇടപെടുന്നവരും ശുചിത്വം ഉറപ്പ് വരുത്തണം. ശരീരത്തിൽ മുറിവ് ഉള്ളപ്പോൾ പക്ഷികളുമായി ഇടപഴകരുത്. പനിയോ തൊണ്ട വേദനയോ വന്നാൽ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രോഗം പിടിപെട്ട പക്ഷികളെ ചുട്ടു കൊല്ലുകയും വേണം.
പക്ഷിപ്പനിയെ പ്രതിരോധിക്കാൻ ജൈവ സുരക്ഷ മാർഗങ്ങൾ അനിവാര്യം. നാട്ടുപക്ഷികളും കാട്ടു പക്ഷികളും ദേശാടന പക്ഷികളും രോഗ വാഹകരും രോഗ ബാധിതരും ആകാനുള്ള സാധ്യത കൂടുതൽ ആണ്. രോഗം കണ്ടെത്തിയതിന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കോഴികളെയും താറാവുകളെയും മറ്റ് വളർത്ത് പക്ഷികളെയും അഴിച്ചു വിട്ട് വളർത്തുന്നത് ഒഴിവാക്കണം. കൂടാതെ പക്ഷികളെ ആകർഷിക്കുന്ന തരത്തിൽ തീറ്റ അവശിഷ്ടങ്ങൾ ഉള്‍പ്പെടെയുള്ളവ നിക്ഷേപിക്കരുത്. പക്ഷികൾക്ക് വന്ന് ഇറങ്ങാൻ കഴിയാത്ത തരത്തിൽ ജല സംഭരണികൾ നെറ്റ് ഉപയോഗിച്ച് മൂടണം. മതിയായ അണുനശീകരണം നടത്തിയ ശേഷം മാത്രമേ തൊഴിലാളികളെയും വാഹനങ്ങളെയും ഉപകരണങ്ങളും ഫാമിന് അകത്ത് പ്രവേശിപ്പിക്കാവു. ബ്ലീച്ചിങ് പൗഡർ കലക്കി പക്ഷികളുടെ കൂടും പരിസരവും ശുചീകരിക്കണം

ലോകത്തിൽ ഇതുവരെ പക്ഷിപ്പനി മൂലം മനുഷ്യരിൽ റിപ്പോർട്ട് ചെയ്തത് 907 രോഗബാധകൾ. 483 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എച്ച്1 എൻ 1 പക്ഷിപ്പനി ബാധിച്ച് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത് 2024 ജൂലൈയിൽ ഹരിയാനയിൽ ആയിരുന്നു. എച്ച് 5 എൻ 1, എച്ച് 7 എൻ 9, എച്ച് 7 എൻ 7, എച്ച് 9 എൻ 2 തുടങ്ങിയ ഏവിയൻ ഇൻഫ്ലുവെൻസ വൈറസെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് ശാസ്ത ലോകം കണ്ടെത്തിയിട്ടുണ്ട്.
ആശങ്കകൾക്ക് മീതെ പറന്ന് കുട്ടനാടിന്റെ തലയെടുപ്പായ കുട്ടനാടൻ താറാവുകൾ. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളാണ് താറാവുകളുടെ താവളം. 3000 മുതൽ 10, 000 വരെ താറാവുകളെ കൂട്ടത്തെയാണ് വളർത്തുന്നത്. പാകപ്പെടുത്തിയെടുത്ത ഇറച്ചിക്ക് കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ട്. നിരണത്തെ ഡക്ക് ഫാമിൽ നിന്നും സ്വകാര്യ ഹാച്ചറികളിൽ നിന്നുമാണ് കർഷകർ വളർത്താനായി താറാവു കുഞ്ഞുങ്ങളെ വാങ്ങുന്നത്. 50 ദിവസമാണ് ഒരു താറാവിന്റെ വളർച്ചകാലം. ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് ഫെബ്രുവരി ആദ്യവാരം തന്നെ കുഞ്ഞുങ്ങളെ വാങ്ങി വളർത്താൻ കഴിഞ്ഞതാണ് കർഷകരുടെ നേട്ടം. ജില്ലയിൽ അഞ്ഞൂറോളം സ്ഥിരം താറാവ് കർഷകരാണുള്ളത്. ഇതിൽ ഭൂരിഭാഗവും കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലുള്ളവരാണ്.
അന്യസംസ്ഥാന താറാവ് മുട്ടകൾ വഴിയോരവിപണി കീഴടക്കിയതോടെ നാടൻ താറാവ് കർഷകർ ദുരിതത്തിലായി. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മുട്ടകൾ വിവിധയിടങ്ങിൽ വ്യാപകമായി വിൽപ്പനയ്ക്കുണ്ട്. കുട്ടനാടൻ താറാവിന്റെ മുട്ടയാണെന്ന് പറഞ്ഞാണ് ഇവ വിൽക്കുന്നത്. നാടൻ താറാവ് മുട്ടയ്ക്ക് 10 രൂപ വരെയാണ് ഇവിടത്തെ കർഷകർക്ക് ലഭിച്ചിരുന്നത്. കർഷകന് നേരിട്ട് വിൽപ്പന നടത്താനും കഴിയുമായിരുന്നു. എന്നാൽ അന്യസംസ്ഥാന മുട്ട അഞ്ചുരൂപ നിരക്കിൽ ഇപ്പോൾ ലഭ്യമാണ്. കൂടുതൽ എടുക്കുകയാണെങ്കിൽ നാലു രൂപയ്ക്കും ലഭിക്കും. ഹാച്ചറികളിൽ വിരിയാതെ വരുന്ന മുട്ടകൾ വരെ ഇത്തരത്തിൽ വിൽപ്പനയ്ക്കുണ്ടെന്ന് കർഷകർ പറയുന്നു. തീറ്റ വിലവർധനവിൽ നട്ടം തിരിയുന്ന താറാവ് കർഷകർക്ക് ഒരു മുട്ടയ്ക്ക് എട്ടുരൂപയ്ക്ക് മുകളിൽ ലഭിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ. അന്യസംസ്ഥാന മുട്ടയുടെ വരവോടെ നാടൻമുട്ടയ്ക്ക് വിപണി ലഭിക്കാത്ത സാഹചര്യമാണ്. വഴിയോരങ്ങളിൽ വിൽക്കുന്ന മുട്ട പരിശോധിക്കണമെന്ന ആവശ്യം കർഷകർ ഉയർത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

രോഗബാധയെത്തുടർന്ന് താറാവുകൾ ചത്തൊടുങ്ങുന്നത് താറാവ് കർഷകരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുത്തുകയാണ്. പലപ്പോഴും സീസൺ വിപണി കണ്ട് വളർത്തിയ താറാവുകളാണ് രോഗബാധയ്ക്കിരയായത്. താറാവുകൾ കോഴികളേക്കാൾ രോഗപ്രതിരോധ ശേഷിയുള്ളവയാണെങ്കിലും ചില രോഗങ്ങൾ ഇവയ്ക്ക് ഇടയ്ക്കിടെ കണ്ടുവരുന്നുണ്ട്. കുട്ടനാടൻ പ്രദേശങ്ങളിൽ താറാവിൻ കൂട്ടങ്ങൾ കൂട്ടത്തോടെ ചത്തുപോകാറുണ്ട്. അശാസ്ത്രീയ പരിപാലനരീതികൾ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാതിരിക്കൽ, പോഷകാഹാരകമ്മി എന്നിവയാണ് താറാവുകൾക്ക് രോഗമുണ്ടാകുന്ന കാരണങ്ങൾ.
പ്രതീക്ഷ പുലർത്തുന്ന പല താറാവ് വിപണികളിലും തിരിച്ചടിയായി നിരവധി രോഗങ്ങളും. താറാവിൻ കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു പ്രധാന സംക്രമികരോഗമാണ് ഡക്ക് വൈറസ് ഹെപ്പറ്റൈറ്റിസ്. കോഴികളിലും ടർക്കികളിലും വാത്തകളിലും ഈ രോഗം കാണാറില്ല. മൂന്ന് ആഴ്ചയ്ക്കു താഴെ പ്രായമുള്ളതിനെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്. നാല് ആഴ്ചയിൽ കൂടുതൽ പ്രായമുള്ളതിനെ ബാധിച്ചാൽ പോലും മരണനിരക്ക് കുറവാണ്. രോഗം പിടിപെട്ടാൽ 24 മണിക്കൂറിനകം താറാവിൻ കുഞ്ഞുങ്ങൾ മരണപ്പെടും. 2 മുതൽ 3 ദിവസങ്ങൾക്കകം എല്ലാ കുഞ്ഞുങ്ങളും ചത്തുവീഴും. ഏറ്റവും വളർച്ചയും പുഷ്ടിയുമുള്ള താറാവായിരിക്കും ആദ്യം ചത്തുവീഴുന്നത്. താറാവുകളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് ഡക്ക്പ്ലേഗ്. സാധാരണയായി തുറന്നു വിട്ടു വെള്ളത്തിൽ വളർത്തുന്നവയിലാണ് ഈ രോഗം കാണപ്പെടുന്നത്. താറാവിൻ പറ്റങ്ങളിൽ രോഗബാധയേറ്റാൽ ഏതാനും താറാവുകൾ ചത്തു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതാണ് ആദ്യലക്ഷണം. രോഗാണുസംക്രമണം കഴിഞ്ഞ് 3മുതൽ7 ദിവസങ്ങൾക്കകമാണ് മറ്റു ലക്ഷണങ്ങൾ കാണപ്പെടുന്നത്. പാസ്ച്വറില്ല വർഗത്തിൽപ്പെട്ട ബാക്ടീരിയകൾ ഉണ്ടാക്കുന്ന രോഗമാണ് ഡക്ക് കോളറ. പ്രതികൂല കാലാവസ്ഥ, ശുചിത്വമില്ലാത്ത കൂടും പരിസരവും, തിങ്ങിക്കൂടൽ, വായുസഞ്ചാരം കുറഞ്ഞ കൂട് എന്നിവയാണ് രോഗമുണ്ടാക്കുന്ന സാഹചര്യങ്ങൾ. വാക്സിനുകൾ ലഭ്യമാണ്. സാൾമൊണല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് സാൾമൊണല്ലോസിസ്. ദിവസങ്ങൾ മാത്രം പ്രായമുള്ള താറാവുകളെ പോലും ഈ രോഗം ബാധിക്കും. ഇൻകുബേറ്ററിൽ വച്ചായിരിക്കും മിക്കവാറും അണുബാധയുണ്ടാകുന്നത്. ഒരുതരം ബാക്ടീരിയ ആണ് ന്യൂഡക്ക് രോഗം പരത്തുന്നത്. 4 മുതൽ 9 വരെ ആഴ്ച പ്രായമുള്ള വളരുന്ന താറാവുകളിലാണ് രോഗം ബാധിക്കുന്നത്. പ്രായപൂർത്തിയായവയ്ക്ക് സാധാരണയായി രോഗം പിടിപ്പെടാറില്ല. രോഗലക്ഷണങ്ങൾ തുടങ്ങിയാൽ താറാവിൻക്കുഞ്ഞുങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചത്തുവീഴും. അൽപംകൂടി പ്രായമായവയിൽ 6–7 ദിവസങ്ങളോളം രോഗം നീണ്ടുനിൽക്കാറുണ്ട്. രോഗം ബാധിച്ചവയിൽ കുറച്ചെണ്ണം രക്ഷപ്പെട്ടേക്കാമെങ്കിലും നല്ല വളർച്ച ലഭിക്കാത്തതിനാൽ അവയെ മാറ്റുന്നതായിരിക്കും നല്ലത്. ആസ്പർജ്ജില്ലസ് ഫൂമിഗേറ്റസ് എന്ന പൂപ്പൽ താറാവുകളിൽ ഉണ്ടാക്കുന്ന രോഗമാണ് ബ്രൂഡർ ന്യുമോണിയ. ശ്വാസകോശസംബന്ധമായ ഈ രോഗം വൻതോതിൽ മരണം ഉണ്ടാക്കാറില്ല. പൂപ്പൽ പിടിച്ച വൈക്കോൽ കൂട്ടിനുള്ളിൽ വിരിപ്പായി ഉപയോഗിക്കുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. അതുകൊണ്ട് വിരിപ്പിനുപയോഗിക്കുന്ന വസ്തുക്കൾ പൂപ്പൽ പിടിക്കാതെ നോക്കണം. ആസ്പർജ്ജില്ലസ്ഫ്ളേവസ് എന്ന പൂപ്പൽ വിസർജ്ജിക്കുന്ന വിഷമാണ്. ഇതുമൂലമുണ്ടാകുന്ന രോഗമാണ് അഫ്ളാടോക്സിക്കോസിസ്. മറ്റു വളർത്തുപക്ഷികളെ അപേക്ഷിച്ച് ഏറ്റവും പെട്ടെന്ന് പൂപ്പൽ വിഷബാധയേൽക്കുന്ന പക്ഷികളാണ് താറാവുകൾ. ഈ വിഷത്തെ പ്രതിരോധിക്കാനുള്ളശേഷി താറാവുകൾക്ക് തീരെ കുറവാണ്. തീറ്റയിൽ 6.02 പിപിഎംൽ കൂടുതൽ വിഷം കലർന്നാൽ അത് താറാവുകൾക്ക് മാരകമാണ്. അതുകൊണ്ട് ഈ അളവിൽ വിഷം അടങ്ങിയ തീറ്റതീർത്തും ഒഴിവാക്കേണ്ടതാണ്. ഏകകോശ ജീവികൾ ഉണ്ടാക്കുന്ന രോഗമാണ് കോക്സിഡിയോസിസ്. തീറ്റതിന്നാതിരിക്കുന്നതാണ് പ്രധാനലക്ഷണം. തുടർന്ന് ശരീരം ശേഷിക്കുകയും ബലഹീനത അനുഭവപ്പെടുകയും ചെയ്യുന്നു. രക്താതിസാരവും കാണാറുണ്ട്. തീക്ഷ്ണ രീതിയിൽ രോഗമുണ്ടാകുമ്പോൾ സൽഫാഡിവിഡിൻ ഗുളിക വെള്ളത്തിൽ ചേർത്ത് മൂന്നുദിവസം തുടർച്ചയായി കൊടുത്ത് രോഗത്തെ നിയന്ത്രിക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.