24 January 2026, Saturday

Related news

January 23, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

പശ്ചിമേഷ്യയില്‍ ആശങ്ക ;പോരാട്ടമുഖത്തേക്ക് ഇറാനെത്തുമെന്ന് സൂചന

Janayugom Webdesk
ബെയ‍്റൂട്ട്
September 28, 2024 10:23 pm

ഒരു വര്‍ഷത്തോളമായി പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഏറ്റവും ഭയാനകമായ തലത്തിലേക്ക് മാറുമെന്ന ആശങ്കയിലാണ് ലോകം. യുഎന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരസ്യ വെല്ലുവിളി നടത്തിയതിനു പിന്നാലെയാണ് ലെബനനിലെ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ കൊല്ലപ്പെടുന്നത്. പേജര്‍,വാക്കി ടോക്കി സ്ഫോടനങ്ങളിലാരംഭിച്ച് ബെയ്റൂട്ടിലുള്‍പ്പെടെ വ്യോമാക്രമണം നടത്തി ഹിസ്‍ബുള്ളയോട് യുദ്ധം പ്രഖ്യാപനം നടത്തുകയായിരുന്നു ഇസ്രയേല്‍. സംഘടനയുടെ നേതൃനിരയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളുടെ സൂചനയായിരുന്നു ലെബനനില്‍ പലയിടങ്ങളിലായി നടത്തിയ വ്യോമാക്രമണങ്ങളെന്നും വിലയിരുത്തുന്നു. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ നസ്‌റല്ലയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള ഹാഷിം സഫീദ്ദീനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.

നസ്‍റല്ലയുടെ കൊലപാതകം, ഹിസ്ബുള്ളയോട് മാത്രമല്ല ഇറാനോടുള്ള വെല്ലുവിളി കൂടിയാണ്. സംഘര്‍ഷത്തില്‍ ഇറാന്‍ നേരിട്ട് പങ്കാളിയാകുമോ എന്നതാണ് ഈ സാഹചര്യത്തിലുയരുന്ന പ്രധാന ചോദ്യം. ഇറാനെതിരായ ഒരു ആക്രമണത്തിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ഇസ്രയേല്‍, ഹിസ്ബുള്ളയെ ലക്ഷ്യംവയ്ക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നസ്റല്ലയുടെ മരണത്തിന് ഇസ്രയേല്‍ ഉചിതമായി ശിക്ഷിക്കപ്പെടുമെന്ന ഇറാന്റെ പ്രഖ്യാപനവും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. അതേസമയം, നസ്‌റല്ലയുടെ കൊലപാതകത്തിനു പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി.

കൂടാതെ, ഇറാന്‍ മൂന്നു ദിവസത്തെ ദു:ഖാചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുമായി മൂന്നാഴ്ചത്തെ വെടിനിർത്തലിന് ഇടനിലക്കാരനാകാനുള്ള യുഎസിന്റെയും ഫ്രാന്‍സിന്റെയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കിടയിലാണ് കരയാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന പ്രഖ്യാപനം നെതന്യാഹു നടത്തിയത്. ബെെഡന്‍ ഭരണകൂടത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു നെതന്യാഹുവിന്റെ നീക്കം. ഇസ്രയേല്‍ സെെന്യത്തിന്റെ നീക്കമെല്ലാം നെതന്യാഹു തന്നെ അറിയിക്കുമെന്ന വിശ്വാസം ബെെ‍‍ഡനില്ലാതായെന്നു വേണം കരുതാന്‍. നെതന്യാഹുവും അദ്ദേഹത്തിന്റെ സൈനിക നേതൃത്വവും എല്ലായ്‌പ്പോഴും ഒരു ആക്രമണത്തിന് രഹസ്യമായി കളമൊരുക്കുകയായിരുന്നു. ഇസ്രയേൽ സുരക്ഷാ കാബിനറ്റ് മുമ്പ് നസ്‌റല്ലയെ കൊല്ലാനുള്ള പദ്ധതികളിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ അദ്ദേഹം കമാൻഡ് കോംപ്ലക്സിൽ ഒരു യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതോടെ, ന്യൂ ഓര്‍ഡര്‍ എന്ന ഓപ്പറേഷനിൽ നസ്റല്ലെയെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു. ബങ്കർ തകർക്കുന്ന ബോംബുകൾ ഘടിപ്പിച്ച എഫ് 15 ഐ ജെറ്റുകളുടെ ഒരു സ്ക്വാഡ്രൺ ആണ് കൊലപാതകം നടത്തിയതെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ അവ യുഎസ് വിതരണം ചെയ്ത ടൈപ്പ് 84 യുദ്ധോപകരണങ്ങളാണെന്നും വാര്‍ത്തകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.