
റോഹിംഗ്യൻ അഭയാർത്ഥികളെ അനധികൃത നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കുന്ന നിലപാട് ആവർത്തിച്ച് സുപ്രീം കോടതി. റോഹിംഗ്യകളെ നിയമപരമായി അഭയാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും, നുഴഞ്ഞുകയറി രാജ്യത്തെത്തുന്നവർക്ക് ചുവന്ന പരവതാനി വിരിച്ച് സ്വീകരണം നൽകേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. പൊലീസ് കസ്റ്റഡിയിൽ വെച്ച് റോഹിംഗ്യൻ അഭയാർത്ഥികളെ കാണാതായെന്ന് ആരോപിച്ച് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഈ നിരീക്ഷണങ്ങൾ.
“റോഹിംഗ്യകളെ കേന്ദ്ര സർക്കാർ അഭയാർത്ഥികളായി അംഗീകരിച്ചിട്ടുണ്ടോ? അഭയാർത്ഥി എന്നത് കൃത്യമായി നിർവചിക്കപ്പെട്ട ഒരു നിയമപരമായ പദവിയാണ്. എന്നാൽ അനധികൃതമായി നുഴഞ്ഞു കയറുന്നവർക്ക് നൽകാനുള്ള പദവിയല്ല അത്. ഇവരെയൊക്കെ ഇവിടെ നിർത്തേണ്ട ബാധ്യത നമുക്കുണ്ടോ?” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ, തങ്ങളുടെ ഹർജി അഭയാർത്ഥി പദവിക്ക് വേണ്ടിയോ തിരിച്ചയക്കുന്നതിനെതിരെയോ അല്ലെന്നും, കസ്റ്റഡിയിൽ നിന്ന് ആളുകളെ കാണാതായതുമായി ബന്ധപ്പെട്ടാണ് ഹർജി നൽകിയതെന്നും മറുപടി നൽകി. അവരെ കടത്തിക്കൊണ്ടുപോകുന്നത് രാജ്യ സുരക്ഷയ്ക്ക് അപകടമാണെന്നും അഭിഭാഷകൻ വാദിച്ചു. അഭിഭാഷകന്റെ മറുപടിക്ക്, ഇന്ത്യയിൽ നിൽക്കാൻ നിയമപരമായി അവകാശമില്ലെങ്കിൽ അവർ നുഴഞ്ഞുകയറ്റക്കാരാണ് എന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ മറുപടി. “ഒരു നുഴഞ്ഞുകയറ്റക്കാരൻ ഇന്ത്യയിലേക്ക് വരുമ്പോൾ അവർക്ക് ചുവപ്പു പരവതാനി വിരിച്ച് നൽകില്ലല്ലോ. അവരെ തിരിച്ചയക്കുന്നതിൽ എന്താണ് തടസ്സം?” കോടതി ചോദിച്ചു.
“ആദ്യം നിങ്ങൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തുന്നു. ഒരു ടണൽ കുഴിച്ചോ വേലി മറികടന്നോ ഇന്ത്യയിലേക്കെത്തുന്നു. എന്നിട്ട് നിങ്ങൾ പറയുന്നു; ‘ഞങ്ങൾ ഇന്ത്യയിലെത്തി, ഇനി ഭക്ഷണം കഴിക്കാനും താമസിക്കാനും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുമൊക്കെയായി നിങ്ങളുടെ നിയമങ്ങൾ ഞങ്ങൾക്കു കൂടി നൽകണം.’ ഇതുപോലെയുള്ള കാര്യങ്ങൾക്ക് അനുമതി നൽകേണ്ടതുണ്ടോ?” എന്നും കോടതി ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.