ഡല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പത്ത് രാജ്യത്തിന്റെ അഭിമാനപ്രതിഭകളായ ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിലാണ്. ഒട്ടനവധി സമരങ്ങള്‍ക്ക് സാക്ഷിയായ ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ ആഗോളതലത്തില്‍ പുരസ്കാര ജേതാക്കളായ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, സംഗീതാ ഫോഗട്ട്, സോനം മാലിക്, അൻഷു മാലിക് തുടങ്ങിയവരാണ് പങ്കെടുത്തത്. കളത്തിന് പുറത്ത് തങ്ങള്‍ നേരിടേണ്ടിവരുന്ന ലൈംഗികമായ പീഡനങ്ങളാണ് താരങ്ങളെ പരസ്യ പ്രതിഷേധത്തിനെത്തിച്ചത്. റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും ചില പരിശീലകരും നിരന്തരം പീഡിപ്പിച്ചുവെന്നാണ് അവര്‍ ഉന്നയിച്ചിരിക്കുന്ന പരാതി. പരിശീലന ക്യാമ്പുകളില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നതായി കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ജേതാവായ വിനേഷ് ഫോഗട്ട് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ‘ഇതിന് മുമ്പ് ഒന്നോ രണ്ടോ പേര്‍ക്കാണ് ദുരനുഭവങ്ങളുണ്ടായത്. പിന്നീടത് അഞ്ചോ ആറോ പേരായി. അവര്‍ ആരുടെയെങ്കിലും സഹോദരിയോ മകളോ ആയിരിക്കുമെന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല. അവരുടെ പേര് പുറത്തു പറയേണ്ടിവരുന്ന ദിവസം കറുത്ത ദിനമായിരിക്കും’ എന്നായിരുന്നു ഇന്നലെ വിനേഷ് പറഞ്ഞത്. ഇവിടെ ഞങ്ങള്‍ക്കൊപ്പം ഇരിക്കുന്ന ആറോളം പേര്‍ മേധാവികളുടെ ലൈംഗികമായ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നവരാണെന്നും അതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ബജ്‌രംഗ് പുനിയയും പറയുകയുണ്ടായി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ഇന്നലെ താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
നിരവധി തവണ ആഭ്യന്തരമായി പരാതി ഉന്നയിച്ചിട്ടും നടപടിയുണ്ടാകാതിരുന്നതിനാല്‍ ബുധനാഴ്ചയാണ് താരങ്ങള്‍ പരസ്യ പ്രതിഷേധവുമായി ജന്തര്‍ മന്തറിലെത്തിയത്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് സ്ഥാനമൊഴിയണമെന്ന ആവശ്യമാണ് പ്രതിഷേധത്തില്‍ പ്രധാനമായും ഉന്നയിച്ചത്. ഇനിയുമാര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകരുത് എന്നതുകൊണ്ടാണ് പ്രസ്തുത ആവശ്യം ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയനിറം നല്കി സമരത്തെ അവഗണിക്കാനാണ് കേന്ദ്ര സര്‍ക്കാരും കായിക മന്ത്രാലയവും ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ സമരത്തിനെത്തിയ മാധ്യമങ്ങളോട് മാത്രമല്ല, രാഷ്ട്രീയ നേതാക്കളോടും പ്രതിഷേധിക്കുന്ന താരങ്ങള്‍ ആവര്‍ത്തിച്ചത് ഇതിലൊരു രാഷ്ട്രീയവും കലര്‍ത്തരുതെന്നും തങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നം മാത്രമാണ് എന്നുമായിരുന്നു. അതിനിടെ രഹസ്യമായ പ്രലോഭനനീക്കങ്ങള്‍ നടത്തുകയും ഭീഷണി പ്രയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബിജെപിയില്‍ ചേര്‍ന്ന് നേതാക്കളായി മാറിയ ചില മുന്‍താരങ്ങളെയെത്തിച്ച് അനുരഞ്ജന ശ്രമങ്ങളും നടത്തി. അതൊന്നും ഫലപ്രദമാകാതെ വന്നപ്പോള്‍ മന്ത്രിതന്നെ നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടായില്ല. ബ്രിജ് ഭൂഷണെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം പോലും അംഗീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നത് ദുരൂഹമാണ്. സമാനമായ ആരോപണവും ആവശ്യവും ഹരിയാനയിലെ കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെയുമുണ്ട്. അവിടെയും മന്ത്രിയെ സ്ഥാനത്തു നിന്ന് നീക്കുന്നതിന് സന്നദ്ധമായില്ല. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കായിക വകുപ്പ് ഒഴിഞ്ഞുവെങ്കിലും ഇപ്പോഴും മന്ത്രി അധികാരത്തില്‍ തുടരുകയാണ്.
ഇവിടെ ദേശീയ ചാമ്പ്യനായ വനിതാ അത്‌ലറ്റും താരങ്ങളുമാണ് പരാതി ഉന്നയിച്ചത്. പരിശീലകയുടെ ആരോപണത്തില്‍ മന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം അടക്കം ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണവും ചോദ്യം ചെയ്യല്‍ പ്രഹസനവും നടത്തി തുടര്‍നടപടികള്‍ വൈകിപ്പിക്കുകയാണ്. മന്ത്രിയെ തുടരാന്‍ അനുവദിക്കുന്നതിനെതിരെ ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളുടെ സംയുക്തയോഗം രംഗത്തുവരികയും കര്‍ശന മുന്നറിയിപ്പ് നല്കുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ മന്ത്രിയെ അനുവദിക്കില്ലെന്നും ഖാപ് പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റാരോപിതരെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടാകുന്നതെന്നാണ് ഈ രണ്ട് സംഭവങ്ങളും തെളിയിക്കുന്നത്. കളിയിടങ്ങളിലും തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും നേരിടുന്ന ലൈംഗികമായ പീഡനങ്ങള്‍ക്കെതിരെയും സ്ത്രീസുരക്ഷയ്ക്കുവേണ്ടിയും ശക്തമായ നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്. അവിടെയാണ് ബിജെപി ഉന്നതര്‍ കുറ്റാരോപിതരായ രണ്ട് സംഭവങ്ങളില്‍ ഗുരുതരമായ നിസംഗസമീപനമുണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ സമരം നടത്തുന്നവര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കാത്തിരിക്കൂ എന്ന മറുപടിയാണ് ലഭിച്ചതെന്നാണ് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇത്തരം കേസുകളില്‍ ഇരയുടെ മൊഴിക്കാണ് പ്രാധാന്യമെന്ന വിധികള്‍ പരമോന്നത കോടതികളില്‍ നിന്നുപോലും ആവര്‍ത്തിച്ചിരുന്നതാണ്. എന്നിട്ടും കളിക്കളങ്ങളിലും പരിശീലനകേന്ദ്രങ്ങളിലും നമ്മുടെ താരങ്ങള്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പരിഹരിക്കുവാനും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കുവാനും സന്നദ്ധമാകുന്നില്ലെന്നത് നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.