8 December 2025, Monday

മലയാളത്തിന് വഴികാട്ടിയ എഴുത്തും ചിന്തയും

മന്ത്രി കെ രാജന്‍
August 2, 2025 10:57 pm

സാനു മാഷിനൊപ്പം പങ്കെടുത്ത അവസാന പൊതുപരിപാടി ഇക്കഴിഞ്ഞ മാസം 14ന് അദ്ദേഹം പ്രസിഡന്റായ അബലാശരണം എസ്എൻവി സദനം ട്രസ്റ്റിനുള്ള പട്ടയം വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു. മാഷും ട്രസ്റ്റ് ഭാരവാഹികളും ഒരുപാട് വർഷങ്ങളായി നടത്തിവന്ന പരിശ്രമങ്ങൾക്ക് തീർപ്പുണ്ടാക്കിക്കൊടുക്കുവാൻ കഴിഞ്ഞത് മറക്കാനാവുന്നതല്ല. റവന്യൂ മന്ത്രി എന്ന നിലയിൽ, സാനു മാഷ് ഈയൊരു ആവശ്യം ചൂണ്ടിക്കാട്ടിയത് ഗൗരവത്തോടെയാണ് ശ്രവിച്ചത്. തന്റെ കാലം തീരും മുമ്പേ ട്രസ്റ്റിനെ ഭൂമിയുടെ അവകാശിയായി കാണണമെന്ന് സാനു മാഷ് പറഞ്ഞ വാക്കുകൾ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
തപസ്വിനി അമ്മ എന്ന സാമൂഹിക പ്രവർത്തക 1921ൽ സ്ഥാപിച്ച അബലാശരണം ഗേൾസ് സ്കൂൾ 1968ലാണ് എസ്എൻവി ട്രസ്റ്റ് ഏറ്റെടുത്തത്. 

അബലകളായ സ്ത്രീകളെ താമസിപ്പിച്ച് തൊഴിൽ നൽകിയിരുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന എട്ട് സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥതാവകാശം ലഭ്യമാക്കുവാനുള്ള ശ്രമത്തിലായിരുന്നു ട്രസ്റ്റ്. 2013ൽ ഈ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകി ഉത്തരവിട്ടിരുന്നു. എന്നാൽ പാട്ടത്തുക ഒടുക്കുവാൻ ട്രസ്റ്റിന് നിവൃത്തിയില്ലായിരുന്നു. 2020ൽ സാനുമാഷിന്റെ നേതൃത്വത്തിൽ ഭൂമി സൗജന്യമായി പതിച്ചു നൽകണമെന്ന ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകുകയായിരുന്നു. അതിനുള്ള നടപടി ആരംഭിച്ചെങ്കിലും വ്യവസ്ഥകൾ എതിരായി. പിന്നീട് സാനുമാഷിനോടുള്ള ആദരവും എസ്എൻവി ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളും കണക്കിലെടുത്ത് ഭൂമിക്ക് ഉടമസ്ഥാവകാശം നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 

ജൂലൈ 14ന് വളരെ സന്തോഷപൂർവം അബലാശരണം പട്ടയം എസ് എൻ വി ട്രസ്റ്റിന്റെ പ്രസിഡന്റായ സാനുമാഷിന് കൈമാറാനുള്ള അവസരവും ലഭിച്ചു. ആ കൂടിക്കാഴ്ചയും സന്തോഷ പ്രകടനവും കഴിഞ്ഞ് 20 ദിവസം മാത്രം എത്തിയപ്പോഴാണ് മാഷിന്റെ വേർപാട് അറിയുന്നത്. മലയാളികളുടെ ധിഷണയെ ഉണർത്തി അധ്യാപനം, പ്രഭാഷണം, എഴുത്ത്, വായന, ജനസേവനം, സമുദായോദ്ധാരണം എന്നിവയിലൂടെ ശ്രീനാരായണ ധർമ്മവും സഹോദര ധർമ്മവും ലോകോപകാര പ്രദമാകുംവിധം പകർന്ന ഗുരുനാഥനാണ് അദ്ദേഹം. ധർമ്മനിഷ്ഠയോടെയുള്ള ആ ജീവിതവും ദർശനവും കേരള നവോത്ഥാനത്തിന്റെ നിലനില്പിനായി പ്രയോഗിക്കാനാവുന്നതായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തും ചിന്തയും വർത്തമാനവും മലയാളത്തിന്റെ വഴികാട്ടിയാണ്. ഇടതുപക്ഷത്തിന്റെ നേരവകാശിയും പോരാളിയുമായി നിലയുറപ്പിച്ചു. 

1987ൽ എറണാകുളം മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി നിയമസഭയിൽ തിളങ്ങി. എന്നാൽ ഇക്കാലമത്രയും സാനു മാഷിനെ മലയാളികളാർക്കും ഏതെങ്കിലും പക്ഷത്ത് നിർത്തി ചോദ്യം ചെയ്യേണ്ടി വന്നിട്ടില്ല. എല്ലാവർക്കും സർവസമ്മതനായ ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹം. ഭാഷയുടെയും സാഹിത്യത്തിന്റെയും നെറുകയിലാണ് സാനു മാഷിന്റെ സ്ഥാനം. മലയാള സാഹിത്യത്തിലെ ഏറ്റവും മനോഹരങ്ങളായ നിരൂപണ സൃഷ്ടികൾ അദ്ദേഹം നമുക്ക് സമ്മാനിച്ചു. സാനു മാഷ് എഴുതിയ ശ്രീ നാരായണ ഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും ജീവചരിത്ര ഗ്രന്ഥങ്ങൾ ഈ കാലഘടത്തിൽ വീണ്ടും വീണ്ടും വായനയ്ക്ക് വിധേയമാക്കേണ്ടവയാണ്. കർമ്മഗതി എന്ന ആത്മകഥയും ഒരു തുറന്ന പാഠപുസ്തകം തന്നെ. ചരിത്രത്തിന്റെ മഹത്തരമായ ഒരു ഏടാണ് അദ്ദേഹം. 

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.