
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യുഎപിഎ) നിയമപ്രകാരം ഭീകരവാദവുമായി ബന്ധപ്പെട്ട മറ്റ് കുറ്റങ്ങൾക്കും കസ്റ്റഡിയിലെടുക്കുന്ന വ്യക്തിക്ക് അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം നൽകേണ്ടത് നിർബന്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. യുഎപിഎ, ഐപിസി എന്നിവ പ്രകാരം വിവിധ കുറ്റകൃത്യങ്ങളിൽ ആരോപിതരായ അഹമ്മദ് മൻസൂർ ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ്, തടങ്കൽ നടപടികളാണ് ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് വിപുൽ പഞ്ചോൾ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. എന്നിരുന്നാലും, അറസ്റ്റിന്റെ കാരണങ്ങൾ ഔദ്യോഗികമായി നൽകിയ ശേഷം ആവശ്യമെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഏജൻസിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
വിചാരണ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ വാക്കാൽ അറിയിച്ചിട്ടുണ്ടെങ്കിൽ പോലും നിയമം പാലിച്ചാൽ മതിയെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്ത് മൻസൂറും മറ്റുള്ളവരും സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മതം, വംശം മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, ഐ പി സി യിലെ 153 ബി, 120 ബി, 34 വകുപ്പുകൾ, യു എ പി എ യിലെ 13, 18 വകുപ്പുകൾ (ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യം) എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ലോക്കൽ പോലീസും ദേശീയ അന്വേഷണ ഏജൻസിയും ചുമത്തിയിരുന്നത്. അറസ്റ്റിന്റെ അടിസ്ഥാനം അപ്പീൽ നൽകുന്നവരെയോ അവരോടൊപ്പം അറസ്റ്റിലായ വ്യക്തികളെയോ അറിയിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റിമാൻഡ് സമയത്ത് വിചാരണ കോടതി അറസ്റ്റിന്റെ അടിസ്ഥാനം വിശദീകരിച്ചുവെന്നും തുടർന്ന് അറസ്റ്റിന്റെ കാരണങ്ങളുടെ ഒരു പകർപ്പ് അഭിഭാഷകർക്ക് നൽകിയെന്നുമുള്ള അന്വേഷണ ഏജൻസിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.