
ഇറാനെതിരെ ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക്. ഇന്നലെ തലസ്ഥാനമായ ടെഹ്റാനടക്കം വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണമുണ്ടായി. ഇറാനില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടു. ലെബനന് നേരെയും ഇന്നലെ ആക്രമണമുണ്ടായി. എട്ടുപേര്‍ ലെബനനില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. നോര്‍ത്തേണ്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ യുഎസ് ഓയില്‍ ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ അറിയിച്ചു. ഇസ്രയേലിന് മേല്‍ ഇന്നലെ ഇറാന്‍ ഡ്രോണ്‍ വര്‍ഷം നടത്തി. വടക്ക് പടിഞ്ഞാറന്‍ ടെഹ്റാനിലെ പരന്ദ് നഗരത്തിലെ രണ്ട് സ്കൂളുകള്‍ക്ക് നേരെ വ്യോമാക്രമണമുണ്ടായി. രാജ്യത്തെ 13 ആരോഗ്യകേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായതായി ലോകാരോഗ്യസംഘടന അറിയിച്ചു.
ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള ഇന്ധന വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇറാന്‍ റെവലൂഷണറി ഗാര്‍ഡാണ് ഹോര്‍മൂസ് നിയന്ത്രിക്കുന്നത്. 20,000 കപ്പല്‍ ജീവനക്കാരും 15,000 ക്രൂയിസ് ഷിപ്പ് യാത്രക്കാരും മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് യുഎന്നിന്റെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ അറിയിച്ചു. യുഎഇയ്ക്ക് നേരെ ഒരു മിസൈലും ആറ് ഡ്രോണുകളും ഇറാന്‍ വിക്ഷേപിച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് അബുദാബിയില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ സുരക്ഷിതരായി വീടിനുള്ളില്‍ തുടരണമെന്ന് ഖത്തര്‍ നിര്‍ദേശം നല്‍കി. 75 മിസൈലുകളും 123 ഡ്രോണുകളും തകര്‍ത്തതായി ബഹ്റിന്‍ അറിയിച്ചു. അസര്‍ബൈജാനിലെ നഖ്ചിവന്‍ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ മാപ്പ് പറയണമെന്ന് പ്രസിഡന്റ് ഇല്‍ഹാം അല്ലിയേവ് പറഞ്ഞു. എന്നാല്‍ അസര്‍ബൈജാന് മേലുള്ള ആക്രമണം ഇറാന്‍ നിഷേധിച്ചു. അയല്‍രാജ്യങ്ങള്‍ക്ക് ആക്രമണം നടത്തില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇറാന്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.