ഒരു കൂട്ടത്തിനകത്താണല്ലോ
എന്ന തോന്നലിന്റെ
നട്ടുച്ചയിൽ
ചിലപ്പോൾ
മൊബൈലിൽ നിന്ന് മുഖംകോട്ടി
പുഞ്ചിരിച്ചിരുന്നെങ്കിലെന്ന്
ആശിച്ച്
ആശുപത്രി വരാന്തയിൽ
തൊട്ടടുത്തിരുന്നയാളെ
തിരക്കി നോക്കി
യാന്ത്രികമായി
തെല്ലു ഞെരുങ്ങിയിരുന്ന്
അയാൾ അയാളിൽ
മുങ്ങിത്താണു
അടുത്ത സീറ്റിൽ
ലക്ഷ്യമില്ലായ്മയിലേക്ക്
നോക്കിയിരിക്കുന്ന
മുത്തശിയോട്,
കൂട്ടിരിക്കുന്ന
ഒറ്റ നോട്ടത്തിൽ യുവതിയോട്,
തൊട്ടടുത്ത്
നിലയ്ക്കാതെ ചിലക്കുന്ന
ഫോൺ മരത്തിന്റെ
ചില്ലയിൽ ചേക്കേറിയ
പെൺകുട്ടിയോട്
കളിപ്പാട്ടമുണ്ണുന്ന കുട്ടിയോട്
പുഞ്ചിരിച്ചതൊക്കെയും
വിഫലം
അത്യാഹിത വിഭാഗവും
ഓപ്പറേഷൻ തീയറ്ററും
മോർച്ചറിയും
അന്യഗ്രഹങ്ങളായി
തിരക്കുപിടിച്ച്
പരക്കം പായുന്നുണ്ട്
പൂന്തോട്ടത്തിലെ
ഓരോ ചെടിയും
ഓരോ പൂമ്പാറ്റയും
മേൽക്കൂരയിൽ
കുറുകുന്ന
ഓരോ പ്രാവും
വലകെട്ടിയ ചിലന്തിയും
കുടുങ്ങിയ ഇരയും
ഇഴ പിന്നിയ വെയിലും
എല്ലാരും
ഏതു കൂട്ടത്തിലും
ഒറ്റയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.