
ഉത്തർപ്രദേശിലെ കാൺപൂരിൽ ഞായറാഴ്ച 21കാരിയായ യുവ നഴ്‌സിനെ ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.
ബീഹാറിലെ സിവാൻ ജില്ലയിൽ നിന്നുള്ള ചാന്ദ്‌നി (21) ഒരു മാസമായി കാൺപൂരിലെ ലജ്പത് നഗറിലെ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ആറ് വർഷമായി റാവത്പൂരിൽ ലക്ഷ്മി ഗുപ്ത എന്ന സ്ത്രീയുടെ കുടുംബത്തോടൊപ്പമാണ് അവർ താമസിച്ചിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രി ജോലിയിൽ പ്രവേശിച്ച ചാന്ദ്നിയെ പിറ്റേന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിൽ ആശുപത്രിയുടെ മൂന്നാം നിലയിലെ സ്വകാര്യ ശുചിമുറിയുടെ വാതിൽ ഉള്ളിൽ നിന്നും അടച്ചിട്ട നിലയിൽ കണ്ടെത്തി. ശുചിമുറിയുടെ അകത്ത് നിന്ന് പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വാതിൽ തകർത്തപ്പോൾ ചാന്ദ്നിയുടെ മൃതദേഹം നിലത്ത് കിടക്കുന്നതായി സഹപ്രവർത്തകർ കണ്ടെത്തിയതായും ആശുപത്രി മേധാവി പൊലീസിൽ മൊഴി നൽകി.
തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ സിറിഞ്ചുകളും കുത്തിവെപ്പ് മരുന്നുകളും കണ്ടെത്തി. പ്രാഥമികാന്വേഷണത്തിൽ വിഷം കുത്തിവച്ചുള്ള ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.