മുൻ ഭർത്താവിൽ നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ‍്യപെട്ട യുവതിയോട് സ്വയം സമ്പാദിക്കണമെന്ന് കർണാടക ഹൈക്കോടതി. 6,16,300 രൂപ പ്രതിമാസം ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു രാധ മുനുകുന്തള എന്ന യുവതി കോടതിയെത്തിയത്. ഷൂസ്, വസ്ത്രങ്ങൾ, വളകൾ, മറ്റ് സാധനങ്ങൾ എന്നിവയ്ക്കായി പ്രതിമാസം 15,000 രൂപയും വീട്ടിലെ ഭക്ഷണത്തിന് 60,000 രൂപയും വേണമെന്ന് പറഞ്ഞു. മുട്ടുവേദന, ഫിസിയോതെറാപ്പി, ചികിത്സാ ചെലവ് എന്നിവയ്ക്കായി 4–5 ലക്ഷം രൂപ ചെലവ് വരുമെന്നും സ്‌ത്രീയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ ഹർജിക്കാരിയുടെ വാദം കേട്ട ജഡ്ജി ലളിത കന്നേഗന്തി അമ്പരന്നു. കുടുംബ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീക്ക് ഇത്തരം ചെലവുകളുടെ ആവശ്യകത എന്താണെന്ന് കോടതി ആരാഞ്ഞു. പ്രതിമാസം 6,16,300 രൂപ ആരെങ്കിലും ചെലവാക്കുന്നുണ്ടോ? ആഡംബര ജീവിതമാണ് നയിക്കേണ്ടതെങ്കിൽ യുവതി സ്വയം ജോലി ചെയ്ത് സമ്പാദിക്കട്ടെ. ഭർത്താവിന്റെ പണം കൊണ്ട് ജീവിക്കാമെന്ന വ്യാമോഹം വേണ്ട. കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്തം ഭർത്താവിനുണ്ടെന്നും കോടതി പറഞ്ഞു. ആവശ്യങ്ങൾ തിരുത്തിയില്ലെങ്കിൽ ഹർജി തള്ളുമെന്ന് മുന്നറിയിപ്പ് നൽകിയ ജഡ്ജി കൂടുതൽ ന്യായമായ തുക ആവശ‍്യപെടാനും അഭിഭാഷകനോട് പറഞ്ഞു.
ജീവനാംശം ശിക്ഷാവിധിയായി മാറരുതെന്നും വിവാഹമോചനത്തിന് ശേഷം ഭാര്യക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ പ്രതിമാസ വരുമാനത്തിന്റെ 25 ശതമാനം എന്നും കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റത്തവണ ജീവനാംശത്തുക സാധാരണയായി ഭർത്താവിന്റെ ആസ്തിയുടെ അഞ്ചിലൊന്ന് മുതല്‍ മൂന്നിലൊന്ന് വരെയും നല്‍കിവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.