22 December 2025, Monday

Related news

December 20, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025
December 12, 2025
December 6, 2025
November 26, 2025
November 23, 2025
November 22, 2025

വയനാടിന്റെ പേരിൽ വീണ്ടും പണപ്പിരിവുമായി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ
ആലപ്പുഴ
July 7, 2025 9:32 pm

വയനാടിനായി പിരിച്ച 87 ലക്ഷം രൂപയെവിടെയെന്ന ചോദ്യം ഉയരുന്നതിനിടയിലും ഇതേ ആവശ്യം ഉയർത്തി യൂത്ത് കോൺഗ്രസ് വീണ്ടും പണപ്പിരിവിനായി പ്രവർത്തകരെ വീടുകളിലേക്ക് അയയ്ക്കുന്നു. പണം പിരിക്കാനുള്ള സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സർക്കുലർ നിയോജക മണ്ഡലം ഭാരവാഹികള്‍ക്ക് ലഭിച്ചു. രണ്ടാം തിയതിയാണ് സർക്കുലർ എത്തിയത്. മുമ്പ് ഇതേ ആവശ്യം പറഞ്ഞ് പിരിച്ച പണം എന്തുചെയ്തുവെന്ന് വയനാട്ടിൽ നിന്നും എത്തിയ യൂത്ത് കോൺഗ്രസ് പ്രതിനിധി ആലപ്പുഴയിൽ നടന്ന പഠന ക്യാമ്പിൽ ചോദ്യം ചെയ്തിരുന്നു. അതിനൊരു കൃത്യമായി മറുപടി പറയാൻ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് വീണ്ടും ഫണ്ട് പിരിവുമായി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ പിരിച്ചെടുത്ത 87 ലക്ഷം രൂപ വീടുപണിയാൻ അപര്യാപ്തമാണെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. എന്നാൽ പിരിഞ്ഞുകിട്ടിയ കണക്കുകളിൽ കൃത്യതയില്ലാത്തത് നേതൃത്വത്തിന് നേരെയുള്ള ചോദ്യശരങ്ങളുടെ വേഗം കൂട്ടുകയാണ്. പണപ്പിരിവ് തുടങ്ങി 50, 000 രൂപപോലും തിരിച്ചടയ്ക്കാത്ത ആറ്റിങ്ങൽ, കുണ്ടറ, പുനലൂർ നിയോജകമണ്ഡലം ഭാരവാഹികളെ പുറത്താക്കാനും സർക്കുലറിൽ നിര്‍ദേശമുണ്ട്. ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽബിൻ, കുണ്ടറ നിയോജകമണ്ഡലം ഭാരവാഹി സനൂപ്, പുനലൂർ, നിയോജകമണ്ഡലം ഭാരവാഹി ബൈജു വർഗീസ്, അമ്പലപ്പുഴ നിയോജകമണ്ഡലം ഭാരവാഹി മുരളി കൃഷ്ണൻ എന്നിവരാണ് ഇവർ. ഒമ്പതാം തീയതിക്ക് മുമ്പായി പണം അടച്ചില്ലെങ്കിൽ ഇവരെ സ്ഥാനങ്ങളിൽ നിന്നും മാറ്റുമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ കത്തിൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. 

ഒരു വർഷം മുമ്പാണ് വയനാട് മുൻ എംപി രാഹുൽഗാന്ധിയുടെ നിര്‍ദേശപ്രകാരം യൂത്ത് കോൺഗ്രസ് 30 വീടുകൾ നിര്‍മ്മിക്കാന്‍ തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് തന്നെ നിയോജക മണ്ഡല അടിസ്ഥാനത്തിൽ രണ്ടര ലക്ഷം രൂപ വീതം പിരിച്ചു നൽകണമെന്നായിരുന്നു നിര്‍ദേശം. ഇങ്ങനെ പിരിച്ച തുകയാണ് 87 ലക്ഷം രൂപ എന്നാണ് കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തില്‍ തന്നെ സമ്മതിച്ചത്. എന്നാൽ പണം പൂർണമായും ലഭിച്ചില്ല എന്നുള്ളതാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ ചർച്ചയാകുന്നത്. അതുകൊണ്ടുതന്നെ യൂത്ത് കോൺഗ്രസിന്റെ പല നേതാക്കൾക്കും ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കണക്കുകളുടെ യഥാർത്ഥ രൂപം പറയാൻ കഴിഞ്ഞിട്ടില്ല. അതേസമയം, വീണ്ടും പണപ്പിരിവ് നടത്താൻ നേതൃത്വം നിർബന്ധിക്കുന്നതിൽ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമാണ് ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും പണപ്പിരിവിനായി ഇറങ്ങിയാൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യവും പല നേതാക്കളും ഉന്നയിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.