യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പുറംകരാർ നൽകിയ ഏജൻസികൾക്ക് പൊലീസ് നോട്ടീസ് നൽകും. പുറംകരാർ നൽകിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇവരുടെ സെർവറിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള വിവരങ്ങൾ പൊലീസിന്റെ സൈബർ വിഭാഗം പരിശോധിക്കും. ഏതെല്ലാം ആപ്പ് മുഖാന്തരം വോട്ട് രേഖപ്പെടുത്തിയെന്നതാകും പ്രാഥമിക ഘട്ടത്തിൽ പരിശോധിക്കുക. തുടർന്ന് സെർവറിൽ രജിസ്റ്റർ ചെയ്‌ത വിവരങ്ങളിലേക്ക് കടക്കാനാണ് ആലോചന. ആകെ എത്ര കാർഡുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവയിൽ അസൽ കാർഡുകൾ എത്ര തുടങ്ങിയ വിവരങ്ങളാകും ആദ്യഘട്ടത്തിൽ പരിശോധിക്കുക.
വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കാൻ കൂടുതൽ ആപ്പുകൾ ഉപയോഗപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഈ ആപ്പുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സി ആർ കാർഡ് എന്ന മൊബൈൽ ആപ്പിലൂടെ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചു എന്നായിരുന്നു യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായിരുന്നവർ നേതൃത്വത്തിന് നൽകിയ പരാതിയിലുണ്ടായിരുന്നത്.
വ്യാജ കാർഡ് നിർമ്മിക്കാനുപയോഗിച്ച മദർകാർഡിന്റെ ഉടമയെ കഴിഞ്ഞ ദിവസം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇയാളെ ചോദ്യം ചെയ്യുന്നതോടെ വ്യാജ കാർഡ് നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരിലേക്ക് എത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അതേസമയം കേസിൽ അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകട്ടെയെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് ഇടപെടേണ്ടതില്ല. വിവിധ ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരുണ്ടെങ്കിൽ കണ്ടെത്തി ശിക്ഷിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
English Summary: Youth Congress Election; Police will issue notices to outsourced agencies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.