
സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിയമനത്തില്‍ വന്‍ പ്രതിഷേധം. പാര്‍ട്ടിയിലെ പോര് കൂടുതല്‍ ശക്തമാകുന്നു.എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ തീരുമാനത്തില്‍ വന്‍ അമര്‍ഷം. വൈസ് പ്രസിഡന്റായിരുന്ന അബിന്‍ വര്‍ക്കിയെ ഒഴിവാക്കി ഓ ജെ ജനീഷിനെ നിയമിച്ചതിനു പിന്നില്‍ കെസി വേണുഗോപാലാണെന്നും, കൂടാതെ തന്റെ ഗ്രൂപ്പ് നോമിനിയായി ബിനു ചുള്ളിയിലിനെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റായും നിയമിച്ചു.
സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറക്കാനുള്ള വേണുഗോപാലിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നിയമനങ്ങള്‍. കൂടാതെ രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് നിയോജമകണ്ഡലത്തില്‍പ്പെട്ട ആളുമാണ് ബിനു. ബിനുവിന്റെ വര്‍ക്കിംങ് പ്രസിഡന്റ് സ്ഥാനം ചെന്നിത്തലയ്ക്കുള്ള കെ സി വേണുഗോപാലിന്റെ മുന്നറിയിപ്പ് കൂടിയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് ഇപ്പോള്‍ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തന്റെ പിതാവിന്റെ ഓർമ്മ ദിവസമാണ് യൂത്ത് കോൺഗ്രസിന്റെ പ്രധാന സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു.
പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവെച്ച് ഒഴിയുമായിരുന്നു ചാണ്ടി ഉമ്മന്‍ പറയുന്നു.യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്ന് അബിൻ വർക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മൻ അതൃപ്തി പ്രകടമാക്കിയത്.അബിൻ അർഹതയുള്ള വ്യക്തിയാണെന്നും വിഷമമുണ്ടായി എന്നതിൽ സംശയമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അബിൻ വളരെ അധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണ്. പരിഗണിക്കേണ്ട ആളാണ് എന്നതിൽ സംശയമില്ല. വേദനയുണ്ടാവുക സ്വാഭാവികമാണ്. പാർടിയുടെ തീരുമാനം ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സ്വീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അബിൻ വർക്കിയെ ഒതുക്കി എന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ചെന്നിത്തല ഒഴിഞ്ഞുമാറി. അതൊക്കെ ചാണ്ടി പറയുമെന്ന് പറഞ്ഞ് ചാണ്ടി ഉമ്മനെ ഉത്തരം പറയാൻ ഏൽപ്പിച്ചാണ് ചെന്നിത്തല രക്ഷപ്പെട്ടത്.പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകളിൽ അമർഷം നിൽക്കുകയാണ്. അബിൻ വർക്കിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി.
48 അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളാക്കി അബിൻ വർക്കിയെ അപമാനിക്കുകയും നാടുകടത്തുകയുമാണ് ചെയ്തതെന്ന് പരിഭവം ചെന്നിത്തലയ്ക്ക് ഉണ്ട് .പ്രതിഷേധം ഇപ്പോൾ പരസ്യമായി ഉണ്ടാകില്ലെങ്കിലും വികാരം ഹൈക്കമാൻഡ് പരിഗണിക്കുന്നില്ലെങ്കിൽ ശക്തമായി പ്രതികരിക്കാനാണ് നീക്കം. ഐ ഗ്രൂപ്പ് ഇതിനകം പരാതി നൽകിക്കഴിഞ്ഞു. ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്നാണ് എ ഗ്രൂപ്പുകാരും പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.