യുട്യൂബ് ലൈക്ക്, ഗൂഗിള്‍ റിവ്യൂസ് തുടങ്ങിയ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ ഒരു വര്‍ഷത്തിനിടെ 15,000 ഇന്ത്യക്കാരില്‍ നിന്നായി തട്ടിയെടുത്തത് 700 കോടി രൂപ. ഹൈദരാബാദ് പൊലീസ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. തീവ്രവാദ ബന്ധമുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉള്‍പ്പെടെ പണം കൈമാറ്റം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പില്‍ ചൈനീസ് ബന്ധവും കണ്ടെത്തിയിട്ടുണ്ട്.
28 ലക്ഷം നഷ്ടപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസത്തിലാണ് ഹൈദരാബാദ് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. നിക്ഷേപം, പാര്‍ട്ട് ടൈം ജോലി എന്നിവയുടെ പേരില്‍ നിരവധിപ്പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തി. ഓരോരുത്തരില്‍ നിന്നും ശരാശരി അഞ്ച് മുതല്‍ ആറ് ലക്ഷം രൂപവരെ തട്ടിയെടുത്തിട്ടുണ്ട്. കേരളത്തിലും നിരവധിപേര്‍ക്ക് ഈ രീതിയില്‍ പണം നഷ്ടമായിട്ടുണ്ട്.
ടെലഗ്രാം, വാട്സ്ആപ്പ് ആപ്പുകളിലൂടെയാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്. യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുകയും ഗൂഗിള്‍ റിവ്യൂസ് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പണം ലഭിക്കുമെന്നാണ് വാഗ്ദാനം. 5000 രൂപവരെയുള്ള ചെറിയ തുകകളുടെ നിക്ഷേപം നടത്തിക്കുകയും ഇത് ഇരട്ടിയായി തിരിച്ചുകൊടുക്കുകയുമാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്. ഇടപാടുകാരില്‍ വിശ്വാസം ഉറപ്പിക്കുന്നതോടെ ഏഴ്, എട്ട് ഇടപാടുകളിലൂടെ വലിയ തുകയുടെ നിക്ഷേപം നടത്തിക്കും. ഇടപാടുകളുടെ എണ്ണം കൂടുമ്പോള്‍ ലഭിക്കാനുള്ള തുകയും വര്‍ധിക്കുന്നതായി നിക്ഷേപകരെ ബോധ്യപ്പെടുത്തും. എന്നാല്‍ നിശ്ചിത ഇടപാടുകള്‍ക്ക് ശേഷം മാത്രമേ ഈ തുക പിന്‍വലിക്കാന്‍ കഴിയൂവെന്നും ബോധ്യപ്പെടുത്തുന്നതോടെ കൂടുതല്‍ തുക നിക്ഷേപം നടത്താന്‍ ഇടപാടുകാരെ പ്രേരിപ്പിക്കും. ഇതാണ് തട്ടിപ്പിന്റെ പൊതുരീതി.
തട്ടിപ്പുമായി ബന്ധമുള്ള 48 അക്കൗണ്ടുകള്‍ പൊലീസ് കണ്ടെത്തി. കടലാസ് കമ്പനികളുടെ പേരിലായിരുന്നു അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 113 ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചത്. ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്. ദുബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഇവരെ നിയന്ത്രിക്കുന്നത് ചൈനക്കാരാണെന്നും തട്ടിപ്പ് നടത്തുന്നതിനുള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് ചൈന കേന്ദ്രീകരിച്ചാണെന്നും ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ സി വി ആനന്ദ് പറഞ്ഞു. ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബൊള്ള സംഘടനയ്ക്കും പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്.
English summary; YouTube Like, Google Reviews Scam ; Billions were hit
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.