26 June 2024, Wednesday
KSFE Galaxy Chits

‘വൈഎസ്ആര്‍ ഔട്ട്-എന്‍ടിആര്‍ ഇന്‍’; ആന്ധ്രയില്‍ പദ്ധതികളുടെ പേരുമാറ്റം തകൃതി

Janayugom Webdesk
ഹൈദരാബാദ് 
June 16, 2024 7:34 pm

ആന്ധ്രയില്‍ ഭരണമാറ്റത്തിന് പിന്നാലെ ക്ഷേമപദ്ധതികളുടെ പേരില്‍ അടിമുടി മാറ്റംവരുത്തി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഒരു പ്രതിമ നീക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ എസ് രാജശേഖര റെ‍ഡ്ഡിയുടെ പേരിലുണ്ടായിരുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ പേര് മാറ്റി, മുന്‍മുഖ്യമന്ത്രിയും തന്റെ ഭാര്യാ പിതാവുമായിരുന്ന എന്‍ ടി രാമറാവുവിന്റെ പേരാണ് നല്‍കിയത്. നേരത്തെ വൈഎസ്ആര്‍ ഭഡോസയായിരുന്നത് എന്‍ടിആര്‍ ഭഡോസയെന്ന് പുനര്‍നാമകരണം നല്‍കി. കുറഞ്ഞ ചെലവില്‍ ഭക്ഷണ വിതരണം നടത്തിയിരുന്ന അണ്ണ കാന്റീന്‍ പദ്ധതി വീണ്ടും ആരംഭിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അഞ്ച് രൂപയ്ക്ക് പ്രാതലും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ലഭിക്കുന്ന കാന്റീന്‍ സംസ്ഥാനത്തെ 200 കേന്ദ്രങ്ങളില്‍ ആരംഭിക്കും. ജഗന്‍മോഹന്‍ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവച്ചത് വ്യാപക വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു.

വിജയവാഡയിലെ വൈഎസ്ആര്‍ ആരോഗ്യ സര്‍വകലാശാലയുടെ പേര് മാറ്റവും സജീവ പരിഗണയിലാണ് എന്നാണ് വിവരം. എന്‍ടിആര്‍ മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച സര്‍വകലാശാലയുടെ പേര് ജഗന്‍മോഹന്‍ അധികാരത്തില്‍ എത്തിയശേഷമാണ് വൈഎസ്ആര്‍ യൂണിവേഴ്സിറ്റി എന്നാക്കി മാറ്റിയത്. നാഗാര്‍ജുന സര്‍വകലാശാലയില്‍ സ്ഥാപിച്ചിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ പ്രതിമയും ചന്ദ്രബാബു നായിഡു നീക്കം ചെയ്തു. ഈ നടപടിയെ വിമര്‍ശിച്ച് ജഗന്‍മോഹന്‍ റെഡ്ഡി രംഗത്ത് വന്നുവെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ നടത്തുന്ന മുഴുവന്‍ ക്ഷേമപദ്ധതികളുടെയും പേര് വെെകാതെ പരിഷ്കരിക്കുമെന്നാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ പറയുന്നത്.

കഴിഞ്ഞദിവസം ജഗന്റെ വസതിയായ ലോട്ടസ് പോണ്ടിന്റെ ചില ഭാഗങ്ങൾ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. മതിലിനോട് ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കായി റോഡിലേക്ക് കേറ്റി നിർമിച്ചിരുന്ന ഭാഗമാണ് പൊളിച്ചു മാറ്റിയിരിക്കുന്നത്. അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് ആറു മാസം മുൻപേ നോട്ടീസ് നൽകിയിരുന്നതായി ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അവകാശപ്പെടുന്നു. പാത ഉപയോഗിക്കുന്ന വീട്ടുകാരും ഇതേക്കുറിച്ച് പരാതി നൽകിയിരുന്നു. 

Eng­lish Summary:YSR Out- NTR IN projects renamed; Chan­drababu Naidu stat­ue removed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.