29 December 2025, Monday

Related news

December 29, 2025
December 28, 2025
December 28, 2025
December 26, 2025
December 23, 2025
December 19, 2025
December 16, 2025
December 13, 2025
December 13, 2025
December 12, 2025

സെലന്‍സ്കി — ട്രംപ് കൂടിക്കാഴ്ച ഇന്ന്; തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയാകും

Janayugom Webdesk
വാഷിങ്ടൺ
December 28, 2025 7:15 am

ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നാലുവർഷമായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകൾ സ്ഥിരം ഉടമ്പടിയിലേക്ക് നയിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും തർക്കവിഷയങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ പരമാവധി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെലന്‍സ്കി വ്യക്തമാക്കി. ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടക്കുക. ഒരു ദിവസം പോലും പാഴാക്കുന്നില്ല. ഉന്നതതല കൂടിക്കാഴ്ചകൾക്കായി ധാരണയിലെത്തിയിട്ടുണ്ട്. അതിൽ പ്രധാനമാണ് പ്രസിഡന്റ് ട്രംപുമായി നടക്കാനിരിക്കുന്നത്. പുതുവത്സരത്തിന് മുമ്പ് പലതും തീരുമാനിക്കാനാകും എന്നാണ് പ്രതീക്ഷെന്ന് സെലന്‍സ്കി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ള 20 ഇന സമാധാന കരാർ 90 ശതമാനത്തോളം തയ്യാറാണെന്നും കാര്യങ്ങളെല്ലാം 100 ശതമാനവും നന്നായി നടക്കുന്നു എന്നത് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും സെലൻസ്‌കി വ്യക്തമാക്കി. ‘നിലവിലെ സാഹചര്യത്തിൽ, സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഉക്രെയ്നിന്റെയും അമേരിക്കയുടെയും പ്രതിനിധി സംഘങ്ങള്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, താൻ അംഗീകരിക്കുന്നതുവരെ എല്ലാം ശരിയായി എന്ന് ഉക്രെയ്ന് പറയാനാവില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പൊളിറ്റികോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ന് നടത്താനിരിക്കുന്ന ചർച്ച ഫലവത്താകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. സെലൻസ്‌കിയുമായുള്ള ചർച്ച നല്ല രീതിയിൽ നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അത് പുടിനുമായും യോജിച്ചുപോകുന്നതാകും എന്ന് വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ട്രംപിനുവേണ്ടി ചർച്ച നടത്തുന്ന പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി ക്രിസ്മസ് ദിനത്തിൽ നടത്തിയ ഒരുമണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിനൊടുവിലാണ് സെലൻസ്‌കി ട്രംപിനെ നേരിൽ കാണാനുള്ള തീരുമാനമെടുത്തത്. പുതിയ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിന് ആവശ്യമായ പുതിയ ആശയങ്ങൾ നൽകിയതായും സ്റ്റീവ് പറഞ്ഞിരുന്നു. ഉക്രെയ്ന്‍-യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ ആഴ്ചകളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് നിലവിലെ 20 ഇന സമാധാന പദ്ധതി രൂപംകൊണ്ടത്. അമേരിക്കയുമായി റഷ്യ നടത്തുന്ന ചർച്ചയുടെ ഭാഗമായ സമാധന പദ്ധതിയിൽനിന്ന് ഇത് അടിസ്ഥാനപരമായി വ്യത്യസ്തമാണ് എന്നും ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുഎസ് ഇടനിലക്കാരായി നിന്ന് തയ്യാറാക്കിയ സമാധാന പദ്ധതിയിലും സുരക്ഷാ ഗ്യാരന്റികൾക്കായുള്ള പ്രത്യേക നിർദേശങ്ങളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഡോൺബാസ് മേഖലയുടെ പുനർനിർമാണവും പ്രാദേശിക നിയന്ത്രണവും സംബന്ധിച്ചും സപ്പോരീഷ്യ ആണവോർജ്ജ പ്ലാന്റ് സംബന്ധിച്ചും ഇരുപക്ഷവും ചർച്ചചെയ്യുമെന്നാണ് വിവരം. യുഎസ് 15 വർഷത്തെ സുരക്ഷ ഉറപ്പുവരുത്തുന്ന കരാർ വാഗ്ദാനം ചെയ്തതായി സെലൻസ്‌കി വ്യക്തമാക്കി. എന്നാൽ, ഭാവിയിലും റഷ്യൻ ആക്രമണം ഒഴിവാക്കുന്നതിന് നിയമപരമായ വ്യവസ്ഥകളുള്ള ഒരു ദീർഘകാല ഉടമ്പടിയാണ് ഉക്രെയ്ന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.