
കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രമായ മഡഗാസ‍്കറില്‍ സെെന്യം ഭരണം പിടിച്ചെടുത്തു. രാജ്യം വിട്ടതിനു പിന്നാലെ പ്രസിഡന്റ് ആന്‍ഡ്രി രജോലീനയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. യുവജന പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയ സെെന്യത്തിന്റെ കാപ്‍സാറ്റ് യൂണിറ്റാണ് ഭരണം പിടിച്ചെടുത്തത്. സെെനികരും പൊലീസും ഉള്‍പ്പെട്ട സമിതിയായിരിക്കും ഭരണം നടത്തുകയെന്ന് കാപ്‍സാറ്റ് കമാന്‍ഡര്‍ കേണല്‍ മെെക്കല്‍ രന്‍ഡ്രിയാനിറ അറിയിച്ചു. പ്രസിഡന്റായി അധികാരമേല്‍ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കുടിവെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ക്ഷാമത്തിനുപിന്നാലെയാണ് യുവാക്കൾ പ്രക്ഷോഭമാരംഭിച്ചത്. കാപ്‌സാറ്റ്, പ്രക്ഷോഭകർക്കൊപ്പം കൂടിയതോടെ സർക്കാർ പ്രതിസന്ധിയിലായി. ശനിയാഴ്ച പ്രക്ഷോഭം കനത്തതോടെയാണ് രാജ്യത്ത് നാടകീയരംഗങ്ങൾ അരങ്ങേറിയത്. രജോലീന ഏങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫ്രഞ്ച് മിലിട്ടറി വിമാനത്തിലാണ് നാടുവിട്ടതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഫ്രാന്‍സ് വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പ്രക്ഷോഭത്തിൽ ഇതുവരെ 22 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ‘ജനറല്‍ ഇസഡ് മാഡ’ എന്ന് വിശേഷിപ്പിക്കുന്ന പ്രതിഷേധത്തിനാണ് മഡഗാസ്‌കര്‍ സാക്ഷിയായത്. ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് ശേഷം ജെന്‍സി പ്രക്ഷോഭത്തില്‍ മഡഗാസ്കര്‍ സര്‍ക്കാരും ആടിയുലയുകയായിരുന്നു. പ്രതിഷേധങ്ങളിൽ സിവിക് ഗ്രൂപ്പുകളും ട്രേഡ് യൂണിയനുകളും പങ്കുചേർന്നു.
1960ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം, മഡഗാസ്കറിൽ നിരവധി നേതാക്കളെ അട്ടിമറിയിലൂടെ പുറത്താക്കിയിട്ടുണ്ട്, കൂടാതെ രാഷ്ട്രീയ പ്രതിസന്ധികളുടെയും ചരിത്രമുണ്ട്. 2009ൽ അന്നത്തെ പ്രസിഡന്റ് മാർക്ക് റാവലോമനാനയെ രാജ്യം വിടാന്‍ നിർബന്ധിതനാക്കിയ ഒരു അട്ടിമറിയെത്തുടർന്നാണ് 51കാരനായ രജോലീന അധികാരത്തിലെത്തുന്നത്. അന്ന് രജോലീനയ്ക്ക് സെെനിക പിന്തുണ നല്‍കിയത് കാപ്‍സെെറ്റ് സെെനിക യൂണിറ്റാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.