2 January 2026, Friday

Related news

December 31, 2025
December 27, 2025
December 25, 2025
December 22, 2025
December 16, 2025
December 16, 2025
December 8, 2025
December 8, 2025
December 7, 2025
December 1, 2025

സുവോളജിക്കൽ പാർക്ക് ഒരു പ്രകൃതി പാഠശാല: മന്ത്രി കെ രാജൻ

ഉദ്ഘാടനം ആഘോഷമാക്കി പുത്തൂർ
Janayugom Webdesk
തൃശൂർ
October 29, 2025 8:45 am

സുവോളജിക്കൽ പാർക്ക് കേവലം ഒരു മൃഗശാലയല്ല, പ്രകൃതി പാഠശാലയാണ് പുത്തൂരിൽ ഒരുക്കിയിരിക്കുന്നതെന്ന് റവന്യൂ മന്ത്രിയും ഒല്ലൂർ എംഎൽഎയുമായ കെ രാജൻ. കേരളത്തെ രാജ്യത്തിന്റെ നെറുകയിലെത്തിക്കാനുള്ള കേന്ദ്രമായി ഇതു മാറുമെന്നും സുവോളജിക്കൽ പാർക്ക് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. നാല് പതിറ്റാണ്ട് മുൻപ് തുടങ്ങിയ സുവോളജിക്കൽ പാർക്ക് നിർമ്മാണത്തിന് വേഗമേറിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ്. 2016ന് മുൻപ് വനംവകുപ്പ് അനുമതി കിട്ടുകയും ജോൺ കോയുടെ പ്ലാൻ തയ്യാറാക്കുകയും ചെയ്തെങ്കിലും 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് നടപടികൾക്ക് വേഗത്തിലായത്. ഇതിന് കിഫ്ബി ഫണ്ട് തുണയായി. വിദേശത്ത് നിന്നും മൃഗങ്ങളെ എത്തിക്കാൻ കിഫ്ബി ഫണ്ട് വിനിയോഗിക്കാൻ കഴിയില്ല. അപ്പോള്‍ ധനമന്ത്രി പ്ലാൻ ഫണ്ടിൽ നിന്നും തുക നല്‍കി സഹായിച്ചെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ബയോഡൈവേഴ്സിറ്റി റിപ്പോര്‍ട്ടിന്റെ പ്രകാശനം ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിച്ചു. സുവോളജിക്കല്‍ പാര്‍ക്ക് സ്റ്റാമ്പിന്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. സൂവോളജിക്കല്‍ പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ കെ.ജെ വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനസഹസ്രങ്ങളാണ് ഇന്നലെ വൈകിട്ട് പുത്തൂരിലേക്ക് ഒഴുകിയെത്തിയത്. വൈകിട്ട് മൂന്ന് മണിയോടെ ഉദ്ഘാടന വേദിയും പരിസരവും ജനങ്ങളാൽ നിറഞ്ഞു. 10 ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളുടെ സമാപനം കൂടിയായി ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായ ഘോഷയാത്രകൾ നാലിനു മുമ്പേ വേദിയിലെത്തി ചേർന്നു. 

പുത്തൂർ പള്ളി പരിസരത്തു നിന്നും പയ്യപ്പിള്ളി മൂലയിൽ പുത്തൂർ സൂ ഹോസ്പിറ്റൽ പരിസരത്തു നിന്നുമായിരുന്നു ഘോഷയാത്രകൾ. ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ നിന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേര്‍ ചരിത്ര മൂഹുര്‍ത്തത്തിന് സാക്ഷിയാകാനെത്തി. തൃശൂർ‑പുത്തൂർ റൂട്ടിൽ ഓടുന്ന 22 ഓളം സ്വകാര്യ ബസുകൾ ഉദ്ഘാടന പരിപാടിക്ക് വന്നവർക്ക് യാത്രാ സൗകര്യമൊരുക്കി സൗജന്യമായി സർവീസ് നടത്തി. കുട്ടനെല്ലൂർ മുതൽ പയ്യപ്പിള്ളി മൂലവരെ റോഡിന്റെ ഇരു ഭാഗങ്ങളിലും ഉള്ള വ്യാപാര സ്ഥാപനങ്ങൾ വൈദ്യുതി അലങ്കാരങ്ങളും സ്ഥാപിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പൊലീസും വളണ്ടിയർമാരും സജ്ജമായിരുന്നു. പരിപാടിയിലെത്തുന്നവർക്കായി സ്നാക്സ് ബോക്സുകളും ജ്യൂസും കുടിവെള്ളവും ഒരുക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.