
വീഡിയോ കോൺഫറൻസിങ് രംഗത്തെ പ്രമുഖരായ സൂം പ്ലാറ്റ്ഫോം തങ്ങളുടെ സേവനങ്ങൾ വിപുലീകരിച്ച് സമ്പൂർണ്ണ ‘എഐ-ഫസ്റ്റ്’ വർക്ക് പ്ലാറ്റ്ഫോമായി മാറുന്നു. ആഗോളതലത്തിൽ ആശയവിനിമയം സുഗമമാക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നാല് പ്രധാന ഫീച്ചറുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്.
പുതിയ അപ്ഡേറ്റിലൂടെ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ മാതൃഭാഷയിൽ തന്നെ സംസാരിക്കാൻ സാധിക്കും. ഇത് കേൾക്കുന്നവർക്ക് അവർക്ക് ഇഷ്ടപ്പെട്ട ഭാഷയിൽ തത്സമയം വിവർത്തനം ചെയ്ത് കേൾക്കാനുള്ള സൗകര്യമുണ്ട്. നിലവിൽ അഞ്ച് ഭാഷകളിൽ ലഭ്യമായ ഈ സേവനം ഉടൻ തന്നെ മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കും. കൂടാതെ, ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി വീഡിയോ കോളുകളിൽ കൃത്രിമമായി നിർമ്മിച്ച ശബ്ദമോ വീഡിയോയോ ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള പ്രത്യേക സുരക്ഷാ ഫീച്ചറും സൂം ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള തട്ടിപ്പുകൾ തടയാൻ ഇത് സഹായിക്കും.
അതേസമയം ഉപയോക്താക്കൾക്ക് തങ്ങളുടെ തന്നെ ഫോട്ടോ-റിയലിസ്റ്റിക് അവതാറുകൾ സൃഷ്ടിക്കാനും അവ ഉപയോഗിച്ച് മീറ്റിംഗുകളിൽ പങ്കെടുക്കാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. സ്ലാക്ക്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ ആപ്പുകളുമായി സംയോജിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സൂമിന്റെ ‘എഐ അസിസ്റ്റന്റ്’ ഇനി മുതൽ ഡെസ്ക്ടോപ്പ് ആപ്പിലും ലഭ്യമാകും. ജോലിഭാരം കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനും ലക്ഷ്യമിട്ടുള്ള ഈ മാറ്റങ്ങൾ വീഡിയോ കോളിങ്ങ് ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.