27 February 2026, Friday

Related news

February 27, 2026
February 27, 2026
February 25, 2026
February 20, 2026
February 8, 2026
February 3, 2026
February 2, 2026
January 31, 2026
January 21, 2026
January 19, 2026

ആറളത്ത് യുവാവിനെ കാട്ടാന കൊലപ്പെടുത്തി

Janayugom Webdesk
ആറളം
February 27, 2026 9:48 pm

ആറളത്ത് യുവാവിനെ കാട്ടാന കൊലപ്പെടുത്തി. ആറളം ഫാം പുനരധിവാസമേഖലയിലെ ഇഞ്ചിമുക്കില്‍ താമസക്കാരനായ അനീഷ്(40) നെയാണ് ആന ചവിട്ടിക്കൊന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി അനീഷും കുടുംബവും വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാന അനീഷിനെ ആക്രമിക്കുകയായിരുന്നു. വേലി ചാടിക്കടന്നെത്തിയ ആന അനീഷിനെ തുമ്പിക്കയിൽ ചുഴറ്റി നിലത്തടിക്കുകയായിരുന്നു. ഭാര്യ അമ്പിളിയും മക്കളായ അനുഷ, ആദികൃഷ്ണ എന്നിവര്‍ വീടിനകത്തേക്ക് ഓടിക്കയറിയെങ്കിലും അനീഷ് വീണുപോകുകയായിരുന്നു. ആനയെ പേടിച്ച് കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയാത്തതിനാല്‍ ഒരു മണിക്കൂറോളം മൃതദേഹം വീട്ടുമുറ്റത്ത് കിടന്നു.
വനംവകുപ്പ് ജീവനക്കാരെത്തി മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കും മാറ്റി. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇതിന് പരിഹാരം കാണണമെന്നും കളക്ടര്‍ വന്നാലെ മൃതദേഹം സംസ്കരിക്കാന്‍ സമ്മതിക്കുകയുള്ളുവെന്നും ആവശ്യപ്പെട്ട ആദിവാസികള്‍ മൃതദേഹവുമായെത്തിയ ആംബുലന്‍സ് വഴിയില്‍ ഏറെ നേരം തടഞ്ഞുനിര്‍ത്തി. പിന്നീട് തലശേരി സബ് കളക്ടര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചതിന് ശേഷം മൃതദേഹം സംസ്കരിച്ചു.
മകൻ ആദി കൃഷ്ണ വെളിമാനം ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മകൾ അനുഷ അനീഷ് വെളിമാനം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയും. വിനീഷ് ഏക സഹോദരനാണ്.
ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കില്‍ പി സി സുരേന്ദ്രനും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ആറളം കാര്‍ഷികഫാമില്‍ ഒന്നാം ബ്ലോക്കില്‍ കരാര്‍ തൊഴില്‍ ചെയ്യുന്നയാളാണ് സുരേന്ദ്രന്‍. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പണി ചെയ്യുന്നതിനിടെയാണ് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്. തോളെല്ലിന് പരിക്കേറ്റ സുരേന്ദ്രനെ ഇരിട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar